| Monday, 5th October 2026, 8:21 am

ബ്രസീല്‍ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഫ്‌ലാവിയോ ബോള്‍സനാരോ മുന്നില്‍; രണ്ടാം ഘട്ടത്തില്‍ ലുലയുമായി ഏറ്റുമുട്ടും

റെന്വര്‍ പി

റിയോ ഡി ജനീറോ: ഞായറാഴ്ച നടന്ന ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ വലതു പക്ഷ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയുടെ നേതാവ് ഫ്‌ലാവിയോ ബോള്‍സോനാരോക്ക് 47 ശതമാനവും വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്ക്ക് 45 ശതമാനവും വോട്ട് ലഭിച്ചു. ഇരുവരും ഇനി ഈ മാസം 25ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

ആകെ 12 സ്ഥാനാര്‍ത്ഥികളായിരുന്നു ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ ഏറ്റവും മുന്നിലെത്തിയ രണ്ട് സ്ഥാനാര്‍ത്ഥികളായ ലുലയും ഫ്‌ലാവിയോ ബോള്‍സോനാരോയും രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് കടക്കും.

നിലവിലെ ബ്രസീല്‍ പ്രസിഡന്റാണ് ലുല. 2022-ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം അട്ടിമറിക്ക് ഗൂഢാലോചന നടത്തിയതിന് 27 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍ വലതുപക്ഷ പ്രസിഡന്റ് ജയര്‍ ബോള്‍സോനാരോയുടെ മകനാണ് ഫ്‌ലാവിയോ ബോള്‍സോനാരോ.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്വകാര്യ സര്‍വേകള്‍ ലുല ആദ്യ ഘട്ട വോട്ടെടുപ്പില്‍ ഏകദേശം മൂന്ന് ശതമാനം പോയിന്റിന് മുന്നിലെത്തുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ വോട്ടെടുപ്പ് ഫലം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് ഫ്‌ലാവിയോ.

ബ്രസീല്‍ പ്രസിഡന്റിന് പുറമെ വൈസ് പ്രസിഡന്റിനെയും ഗവര്‍ണര്‍മാര്‍, സെനറ്റര്‍മാര്‍, ഫെഡറല്‍ ഡെപ്യൂട്ടികള്‍, സംസ്ഥാന ഡെപ്യൂട്ടികള്‍ എന്നിവരെയും തെരഞ്ഞെടുക്കുന്ന വോട്ടിങ്ങിന്റെ ഒന്നാം ഘട്ടവും ഇന്നലെയാണ് നടന്നത് പൊതുതിരഞ്ഞെടുപ്പില്‍ 158 ദശലക്ഷത്തിലധികം ബ്രസീലിയന്‍ പൗരന്മാര്‍ക്ക് വോട്ടവകാശമുണ്ടായിരുന്നു.

ബ്രസീലില്‍ പ്രസിഡന്റിനെ നേരിട്ടുള്ള വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ 50 ശതമാനം വോട്ട് ഒരു സ്ഥാനാര്‍ത്ഥിക്കും ലഭിച്ചില്ലെങ്കില്‍, ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ മൂന്നാഴ്ചയ്ക്ക് ശേഷം രണ്ടാം ഘട്ട വോട്ടെടുപ്പ് നേരിടുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് സംവിധാനം.

ബ്രസീലിയന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവായ ലുല ഇതിനകം മൂന്ന് തവണ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003-നും 2011-നും ഇടയിലായിരുന്നു ലുലയുടെ ആദ്യ രണ്ട് ടേമുകള്‍. പിന്നീട് 2022ലെ തെരഞ്ഞെടുപ്പിലും വിജയിച്ചു. 81ാം വയസിലാണ് തന്റെ നാലാം പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് ലുല മത്സരിക്കുന്നത്.

ആദ്യമായാണ് ഫ്‌ലാവിയോ ബോള്‍സോനാരോ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 45 വയസുള്ള അഭിഭാഷകനും റിയോ ഡി ജനീറോയില്‍ നിന്നുള്ള മുന്‍ സെനറ്ററുമാണ് ഫ്‌ലാവിയോ. ജയിലില്‍ കഴിയുന്ന ജയര്‍ ബോള്‍സോനാരോ തന്റെ മകന്റെ പ്രചാരണത്തിന് പിന്തുണ നല്‍കുന്നുണ്ട്. മകന്‍ വിജയിച്ചാല്‍ തനിക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് ജയര്‍ ബോള്‍സോനാരോ പ്രതീക്ഷിക്കുന്നു.

രാജ്യത്തെ തെരഞ്ഞെടുപ്പ് നടപടികളില്‍ യു.എസ് സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളില്‍ ബ്രസീല്‍ കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യു.എസ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും രാജ്യത്തെ സുപ്രീം ഫെഡറല്‍ കോടതിയുടെ വിശ്വാസ്യത തകര്‍ക്കാനും ലക്ഷ്യമിട്ട് പദ്ധതികള്‍ക്ക് ധനസഹായം നല്‍കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ബ്രിട്ടീഷ് പത്രമായ ദ ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണ് അന്വേഷണത്തിലേക്ക് നയിച്ചത്. ബ്രസീലിയന്‍ സുപ്രീം കോടതിയെയും ജുഡീഷ്യറിയെയും എതിര്‍ക്കുന്ന അവിടുത്തെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം പത്ത് ലക്ഷം ഡോളര്‍ അനുവദിക്കാന്‍ പദ്ധതിയിട്ടതായാണ് മാധ്യമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

അമേരിക്കന്‍ ഇടപെടല്‍ സംബന്ധിച്ച സാധ്യത ബ്രസീല്‍ രഹസ്യാന്വേഷണ ഏജന്‍സിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.സെപ്റ്റംബറില്‍ ഫ്രാന്‍സ്, ജര്‍മനി ഉദ്യോഗസ്ഥര്‍ ബ്രസീല്‍ സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കയുടെയും റഷ്യയുടെയും തെരഞ്ഞെടുപ്പ് ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സി പങ്കുവെച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Brazil Elections: Lula and Flávio Bolsonaro Set for October 25 Runoff

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more