| Monday, 6th July 2026, 2:53 pm

40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം; ബ്രസീലിന്റെ പതനത്തിനൊപ്പം തലതാഴ്ത്തി സൂപ്പര്‍താരം

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ നിന്നും ആറാം ലോക കിരീടമെന്ന സ്വപ്നം ബാക്കിയാക്കി ബ്രസീല്‍ മടങ്ങിയിരിക്കുകയാണ്. പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് പരാജയപ്പെട്ടാണ് കാനറിപട ഈ ലോകകപ്പിലെ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.

ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വേ വിജയിച്ചുകയറിയത്. തുടര്‍ച്ചയായ ആറാം ലോകകപ്പിലും യൂറോപ്യന്‍ ടീമിനോട് തോറ്റാണ് ബ്രസീലിന്റെ മടക്കം. 1990ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ വീഴുന്നത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചിരുന്നു. മാത്യു കുന്‍ഹയെ ഫൗള്‍ ചെയ്തതിനായിരുന്നു ബ്രസീലിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ പെനാല്‍റ്റിയെടുത്ത ബ്രൂണോ ഗുയിമാറാസിന് പിഴക്കുകയായിരുന്നു.

താരത്തിന്റെ കിക്ക് നോര്‍വീജിയന്‍ ഗോള്‍കീപ്പര്‍ ഓര്‍ജാന്‍ നൈലാന്‍ഡ് അനായാസമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടക്കത്തിലെ ബ്രസീലിന് ലീഡ് നേടാനുള്ള സുവര്‍ണാവസരം പാഴാക്കിയതോടെ ഒരു നിർഭാഗ്യ നേട്ടമാണ് ബ്രൂണോയെ തേടിയെത്തിയത്.

1986ന് ശേഷം ലോകകപ്പില്‍ ഷൂട്ട് ഔട്ടുകള്‍ ഒഴികയെയുള്ള മത്സരങ്ങളില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന ആദ്യ ബ്രസീലിയന്‍ താരമായാണ് ബ്രൂണോ മാറിയത്. ഇതിഹാസ താരം സിക്കോ ആയിരുന്നു 1986ല്‍ ലോകകപ്പില്‍ ബ്രസീലിനായി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. ഫ്രാന്‍സിനെതിരെയായിരുന്നു സിക്കോ പെനാല്‍റ്റി പാഴാക്കിയത്. ഇപ്പോള്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ നിര്‍ഭാഗ്യം മറ്റൊരു ബ്രസീലിയന്‍ താരത്തിന് മേലും എത്തിയിരിക്കുകയാണ്.

മത്സരത്തില്‍ എര്‍ലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളിന്റെ കരുത്തിലാണ് നോര്‍വേ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

മത്സരത്തിന്റെ 79ാം മിനിട്ടിലായിരുന്നു ഹാലണ്ടിന്റെ ആദ്യ ഗോള്‍ പിറന്നത്. ആന്‍ഡിയാസ് ഷെല്‍ഡെറപ്പ്ന്റെ ക്രോസില്‍ തലവെച്ചുകൊണ്ടായിരുന്നു നോര്‍വേക്ക് വേണ്ടി ഹാലണ്ട് എതിരാളിയുടെ വല കുലുക്കിയത്.

90ാം മിനിട്ടില്‍ ഗോള്‍ നേടി ഹാലണ്ട് വീണ്ടും ഗോള്‍ നേടി നോര്‍വേയെ വിജയതീരത്തെത്തിച്ചു. ഇക്കുറി ബോക്സിന് മുന്നില്‍ നിന്നായിരുന്നു ഹാലണ്ടിന്റെ കരുത്തുറ്റ ഷോട്ട്. എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ നെയ്മര്‍ ബ്രസീലിനായി ആശ്വാസ ഗോള്‍ നേടി.

അതേസമയം ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടാണ് ഹാലണ്ടിന്റേയും സംഘത്തിന്റെയും എതിരാളികള്‍. ജൂലൈ 12ന് മിയാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Content Highlight: Brazil Bruno Guimaraes create a unwanted record in world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more