| Saturday, 20th June 2026, 9:11 am

ജര്‍മനിയുടെ ലോക റെക്കോഡ് തകര്‍ത്തു; ചരിത്രം സൃഷ്ടിച്ച് ബ്രസീല്‍

സുദേവ് എ

2026 ഫിഫ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീല്‍. ഗ്രൂപ്പ് സി-യില്‍ നടന്ന മത്സരത്തില്‍ ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബ്രസീല്‍ ആധികാരിക വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനിലയില്‍ കുടുങ്ങിയ ബ്രസീല്‍ രണ്ടാം മത്സരത്തില്‍ വിജയിച്ചുകൊണ്ട് തിരിച്ചുവന്നിരിക്കുകയാണ്.

ഫിലാഡല്‍ഫിയയില്‍ നടന്ന ഈ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ നേടിയതോടെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒന്നാമതെത്തിയിരിക്കുകയാണ് കാനറിപട. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രാജ്യമായാണ് ബ്രസീല്‍ മാറിയത്.

241 ഗോളുകളാണ് ഇതുവരെ ബ്രസീല്‍ എതിര്‍ ടീമിന്റെ പോസ്റ്റിലെത്തിച്ചത്. 239 ഗോളുകള്‍ നേടിയ ജര്‍മനിയെ മറികടന്നാണ് ബ്രസീല്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രാജ്യം, ഗോളുകളുടെ എണ്ണം

ബ്രസീല്‍-241

ജര്‍മനി-239

അര്‍ജന്റീന-155

ഫ്രാന്‍സ്-139

ഇറ്റലി-128

സ്‌പെയ്ന്‍-108

ഇംഗ്ലണ്ട്-108

അതേസമയം മാത്യൂസ് കുന്‍ഹയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ബ്രസീല്‍ വിജയിച്ചുകയറിയത്. വിനീഷ്യസ് ജൂനിയറിന്റെ ഗോളും ബ്രസീലിന്റെ വിജയം അനായാസമാക്കി.

മത്സരത്തിന്റെ 23ാം മിനിറ്റിലാണ് മാത്യൂസ് കുന്‍ഹ ബ്രസീലിന് ആദ്യ ലീഡ് നേടിക്കൊടുത്തത്. 36ാം മിനിറ്റില്‍ താരം ബ്രസീലിനായി രണ്ടാം ഗോളും സ്വന്തമാക്കി വീണ്ടും കരുത്തുകാട്ടി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ ബ്രസീല്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ബ്രസീലിന് ഗോള്‍ നേട്ടം ഉയര്‍ത്താന്‍ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബ്രസീല്‍ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.

ജൂണ്‍ 25നാണ് കാര്‍ലോ അന്‍സലോട്ടിയുടെ പോരാളികള്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്‌കോട്ലാന്‍ഡിനെയാണ് ബ്രസീല്‍ നേരിടുക.

മറുഭാഗത്ത് ഇതേ ദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ഹെയ്തി മൊറോക്കോയെയും നേരിടും. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഹെയ്തി ഇതിനോടകം തന്നെ ലോകകപ്പില്‍ നിന്നും പുറത്തായി. അവസാന മത്സരത്തില്‍ മൊറോക്കോക്കെതിരെ ആശ്വാസ ജയമാവും ഹെയ്തി ലക്ഷ്യം വെക്കുക.

Content Highlight: Brazil breaks Germany world record in FIFA World Cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more