| Saturday, 3rd October 2026, 9:58 pm

ഇന്ത്യയിൽ ബ്രസീലിന്റെ സാംബാ നൃത്തം; പൊരുതി കീഴടങ്ങി നീലക്കടുവകൾ

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ചരിത്ര പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറിപ്പട ഇന്ത്യയെ പരാജയപ്പെടുത്തിയത്.

മത്സരത്തിൽ എസ്റ്റേവിയോ വില്ലിയനാണ് ബ്രസീലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. ഇന്ത്യൻ പോസ്റ്റിന്റെ വലത് വിങ്ങിലൂടെ ഒറ്റയ്ക്ക് മുന്നേറിയ താരം ഒരു തകർപ്പൻ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. 28ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോൾ നേട്ടം.

ആദ്യപകുതി അവസാനിക്കാൻ മൂന്ന് മിനിട്ട് മാത്രം ബാക്കി നിൽക്കെ പെഡ്രോ ബ്രസീലിന് വേണ്ടി രണ്ടാം ഗോൾ നേടി. ഇന്ത്യയുടെ പ്രതിരോധം പൊളിച്ചുകൊണ്ടുള്ള പാസ് സ്വീകരിച്ച താരം ഗോൾ നേടുകയായിരുന്നു. പെഡ്രോ അടിച്ച ഷോട്ട് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു കയ്യിൽ തട്ടി ഇന്ത്യൻ വലയിൽ എത്തുകയായിരുന്നു. ഒടുവിൽ ആദ്യ പകുതി പിന്നിട്ടപ്പോൾ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്ത്യയ്ക്കെതിരെ ആധിപത്യം പുലർത്തി.

രണ്ടാം പകുതിയിൽ 58ാം മിനിട്ടിൽ സാമുവൽ ലിനോയിലൂടെ ബ്രസീൽ മൂന്നാം ഗോളും ഇന്ത്യയുടെ വലയിലെത്തിച്ചു. ഇന്ത്യയുടെ പെനാൽറ്റി ബോക്സിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലിനോ ബ്രസീലിനായി നാലാം ഗോളും മത്സരത്തിലെ തന്റെ രണ്ടാം ഗോളും സ്വന്തമാക്കിയതോടെ ഇന്ത്യ പൂർണമായും കാനറികൾക്ക് മുന്നിൽ കീഴടങ്ങി.

മത്സരത്തിൽ 65 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ ബ്രസീൽ 21 ഷോട്ടുകളാണ് ഇന്ത്യയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഏഴ് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു.

മറുഭാഗത്ത് 35 ശതമാനം ബോൾ പൊസഷൻ നിലനിർത്തിയ ഇന്ത്യ ഏഴ് ഷോട്ടുകൾ ബ്രസീലിന്റെ പോസ്റ്റിലേക്ക് ഉതിർത്തു. ഇതിൽ രണ്ട് ഷോട്ടുകളും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ സ്കോർ ലൈൻ തെളിയിക്കാൻ ഇന്ത്യക്ക് സാധിക്കാതെ പോവുകയായിരുന്നു. എങ്കിലും ബ്രസീലിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവീര്യം കയ്യടി അർഹിക്കുന്നതായിരുന്നു.

മുന്നേറ്റ നിരയിൽ കൃത്യമായ ഫിനിഷിങ് ഉണ്ടായിരുന്നുവെങ്കിൽ ബ്രസീലിനെതിരെ ഇന്ത്യയ്ക്ക് ചരിത്ര ഗോൾ നേടാൻ സാധിക്കുമായിരുന്നു. ഇന്ത്യൻ നിരയിൽ റയാൻ വില്യംസ് നടത്തിയ പോരാട്ടവും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ വില്യംസ് തൊടുത്തുവിട്ട ഒരു തകർപ്പൻ ഷോട്ട് ബ്രസീലിയൻ ഗോൾകീപ്പർ സേവ് ചെയ്തിരുന്നു.

മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ആദ്യ ഇലവനിൽ മൂന്ന് മലയാളി താരങ്ങളായിരുന്നു കളത്തിലിറങ്ങിയിരുന്നത്. സഹൽ അബ്ദുൽ സമദ്, ആഷിക് കുരുണിയൻ, ബിജോയ്‌ എന്നിവരായിരുന്നു ഇന്ത്യൻ നിരയിലെ മലയാളി സാന്നിധ്യം.

ഒക്ടോബർ ആറിനാണ് ഖാലിദ് ജമീലിന്റെ സംഘം അടുത്ത സൗഹൃദ മത്സരത്തിനിറങ്ങുന്നത് രണ്ട് തവണ ലോകകപ്പ് സ്വന്തമാക്കിയ കരുത്തരായ ഉറുഗ്വേയാണ് ഇന്ത്യയുടെ എതിരാളികൾ. ഇതിഹാസ താരം ഡിഗോ ഫോർലാന്റെ കീഴിലാണ് ഉറുഗ്വേ ഇന്ത്യയ്ക്കെതിരെ പന്തുതട്ടാൻ ഒരുങ്ങുന്നത്.

Content Highlight: Brazil beat India 3-0 in friendly match

Latest Stories

We use cookies to give you the best possible experience. Learn more