| Monday, 29th June 2026, 1:36 pm

ഒരിക്കൽ തോൽപ്പിച്ച ബ്രസീലിനെ വീഴ്ത്താൻ ജപ്പാൻ; ഏഷ്യന്‍ കരുത്തര്‍ ഞെട്ടിക്കുമോ?

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പില്‍ നോക്കൗട്ട് മത്സരത്തിനായി ഒരുങ്ങുകയാണ് മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍. ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം നോക്കൗട്ട് മത്സരത്തില്‍ ഏഷ്യന്‍ കരുത്തരായ ജപ്പാനാണ് എതിരാളികള്‍. ഇന്ന് (ജൂണ്‍ 29) ഇന്ത്യന്‍ സമയം 10.30നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ബ്രസീൽ ടീം. Photo: Fabrizio Romano/x.com

ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായാണ് ബ്രസീലും ജപ്പാനും നോക്കൗട്ടിലേക്ക് മുന്നേറിയത്. മൊറോക്കോക്കെതിരെ സമനിലയോടെ തുടങ്ങിയ കാനറികള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചു. ഹെയ്തിയെയും സ്‌കോട്‌ലാന്‍ഡിനെയും വീഴ്ത്തിയാണ് ടീം തിരിച്ചുവരവ് നടത്തിയത്. അതോടെ ഗ്രൂപ്പ് കെ ചാമ്പ്യമാരായി തന്നെ ബ്രസീല്‍ നോക്കൗട്ടില്‍ പ്രവേശിക്കുകയായിരുന്നു.

മറുവശത്ത് ഗ്രൂപ്പ് എഫില്‍ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്‍ റൗണ്ട് ഓഫ് 32ലെത്തിയത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കരുത്തരായ നെതര്‍ലാന്‍ഡ്‌സിനെ സമനിലയില്‍ തളച്ചായിരുന്നു സാമുറായ് ബ്ലൂവിന്റെ തുടക്കം.

രണ്ടാം മത്സരത്തില്‍ ടുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത ജപ്പാന്‍ അവസാന മത്സരത്തില്‍ സ്വീഡനെയും സമനിലയില്‍ കുരുക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ ടീം ബ്രസീലിന് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ഇത് ആദ്യമായല്ല, ലോക വേദിയില്‍ ബ്രസീലും ജപ്പാനും നേര്‍ക്കുനേര്‍ വരുന്നത്. ജപ്പാന്‍ മൂന്നാം ലോകകപ്പില്‍ 2006ല്‍ തന്നെ ഇരുടീമുകളും പോരടിച്ചിരുന്നു. എന്നാല്‍, അന്ന് ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ കാനറിപ്പട ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ചു.

2006 ലോകകപ്പിൽ ഏറ്റുമുട്ടുന്ന ബ്രസീലും ജപ്പാനും.

അതിന് ശേഷം ഇപ്പോഴാണ് ബ്രസീലും ജപ്പാനും വീണ്ടും ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ പഴയ ടീമില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ട് ഇപ്പോള്‍ സാമുറായ് ബ്ലൂ. ഇതിനിടയില്‍ സൗഹൃദ മത്സരത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു.

2025ല്‍ ബ്രസീലിനെ വീഴ്ത്തി ജപ്പാന്‍ ഫുട്ബോള്‍ ലോകത്തെ ഒരിക്കല്‍ കൂടി ഞെട്ടിച്ചു. ആ വര്‍ഷം ഒക്ടോബറില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടീമിന്റെ വിജയം. ഈ വിജയം ജപ്പാനിന് ചെറിയ പ്രതീക്ഷയെങ്കിലും നല്‍കുന്നുണ്ട്.

2025ൽ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുന്ന  ബ്രസീലും ജപ്പാനും.

കാനറികള്‍ അഞ്ച് തവണ കിരീടമുയര്‍ത്തിയിട്ടുണ്ടെങ്കിലും ജപ്പാന്റെ സാധ്യതകളെ തള്ളിക്കളയാനാവില്ല. 1998ല്‍ വിശ്വവേദിയില്‍ അരങ്ങേറ്റം കുറിച്ച ടീം ഓരോ എഡിഷനുകളിലും സ്വയം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകകപ്പില്‍ പല അട്ടിമറി വിജയങ്ങള്‍ കൊണ്ട് സാമുറായ് ബ്ലൂ ചരിത്രത്തില്‍ തങ്ങളുടെ പേര് എഴുതി ചേര്‍ത്തിയിട്ടുണ്ട്.

2018 റഷ്യന്‍ ലോകകപ്പില്‍ കൊളംബിയയെ വീഴ്ത്തിയ ജപ്പാന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത ലോകകപ്പിലും മികവ് പുലര്‍ത്തി. 2022 ഖത്തര്‍ ലോകകപ്പില്‍ മരണ ഗ്രൂപ്പെന്ന് വിശേഷിക്കപ്പെട്ട ഗ്രൂപ്പ് ഇ – യില്‍ സ്പെയ്നിനെയും ജര്‍മനിയെയുമാണ് ഏഷ്യന്‍ കരുത്തര്‍ തകര്‍ത്തത്.

കൂടാതെ, 2019 മുതല്‍ യൂറോപ്യന്‍ ടീമുകള്‍ക്കെതിരെ തോല്‍വി വഴങ്ങാതെയാണ് ജപ്പാന്‍ മുന്നേറുന്നത്. ഒരു ലാറ്റിനമേരിക്കന്‍ ടീമായ ബ്രസീലാണ് നോക്കൗട്ടില്‍ എതിരാളികളെങ്കിലും സാമുറായ് ബ്ലൂ തങ്ങളുടെ പോരാട്ടം വീര്യം പുറത്തെടുക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Content Highlight: Brazil and Japan facing in knockout of FIFA World Cup 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more