കളിക്കളത്തില്‍ വീണ്ടും കരുത്ത് തെളിയിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തര്‍ ബ്രെന്റ്‌ഫോര്‍ഡ്. ഇ.എഫ്.എല്‍ കപ്പില്‍ ബെര്‍മിങ്ഹാമിനെതിരെ കൂറ്റന്‍ വിജയവുമായാണ് തേനീച്ചകള്‍ കളം പിടിച്ചത്.
ബെര്‍മിങ്ഹാമിന്റെ സ്വന്തം തട്ടകമായ സെന്റ് ആന്‍ഡ്രൂസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളിനായിരുന്നു ടീമിന്റെ വിജയം.
ബ്രെന്റ്‌ഫോര്‍ഡിനായി നഥാന്‍ കോളിന്‍സ് ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ കാല്ലം വില്‍സണ്‍, ആരോണ്‍ ഹിക്കി, മിഖേല്‍ ഡാംസ്ഗാര്‍ഡ്, ഇഗോര്‍ തിയാഗോ എന്നിവര്‍ ഓരോ ഗോള്‍ വീതവും സ്വന്തമാക്കി.
ഡെമരായ് ഗ്രേയാണ് ബെര്‍മിങ്ഹാമിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ഒടുവില്‍ കളിച്ച നാല് മത്സരത്തില്‍ നാലിലും വിജയം നേടിയ ഇംഗ്ലീഷ് സൂപ്പര്‍ ടീം മിന്നുന്ന ഫോമിലാണ്. ഈ നാല് മത്സരത്തില്‍ നിന്നായി 20 ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ചപ്പോള്‍ വഴങ്ങിയത് വെറും മൂന്നേ മൂന്ന് ഗോളുകള്‍ മാത്രമാണ്.
ഓഗസ്റ്റ് എട്ടിന് റെന്നെസിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിന് വിജയിച്ച ബ്രെന്റ്‌ഫോര്‍ഡ്, അടുത്ത ഫ്രണ്ട്‌ലി മത്സരത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ എതിരില്ലാത്ത ഏഴ് ഗോളിനും തകര്‍ത്തുവിട്ടു.
ഇതേ മെന്റാലിറ്റിയും അംബീഷനുമായി പ്രീമിയര്‍ ലീഗിനെത്തിയ തേനീച്ചക്കൂട്ടം ആദ്യ മത്സരത്തില്‍ തന്നെ ടോട്ടന്‍ഹാം ഹോട്‌സ്പറിനെ നിലംപരിശാക്കി. സ്വന്തം തട്ടകമായ ബ്രെന്റ്‌ഫോര്‍ഡ് കമ്യൂണിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ടീമിന്റെ വിജയം.
ആദ്യ വിസില്‍ മുഴങ്ങി 12ാം മിനിട്ടില്‍ കീന്‍ ലൂയീസ് പോട്ടറിലൂടെ ലീഡെടുത്ത ബ്രെന്റ്‌ഫോര്‍ഡ്, 33ാം മിനിട്ടില്‍ വിറ്റാലി ജാനെല്‍റ്റിലൂടെ ലീഡ് ഇരട്ടിയാക്കി. 49ാം മിനിട്ടില്‍ മൈക്കല്‍ കയോഡാണ് മൂന്നാം ഗോളുമായി സ്പര്‍സിനെ അരിഞ്ഞുതള്ളിയത്.
കഴിഞ്ഞ സീസണില്‍ റെലഗേഷനില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട സ്പര്‍സിന് ആദ്യ മത്സരത്തിലേറ്റ തോല്‍വി വലിയ ക്ഷീണം ചെയ്യും.
ഈ വിജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബ്രെന്റ് ഫോര്‍ഡ്. ബ്രൈറ്റണ്‍ മാത്രമാണ് നിലിവില്‍ തേനീച്ചക്കൂട്ടത്തിന് മുമ്പിലുള്ളത്.
ഈ സീസണില്‍ ലീഗ് കിരീടം നേടാന്‍ ടീമിന് സാധിക്കില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുമ്പോള്‍ തങ്ങളുടെ പ്രകടനത്തിലൂടെ മറുപടി നല്‍കാനാണ് ദി ബീസ് ഒരുങ്ങുന്നത്. ഏത് ചാമ്പ്യന്‍ ടീമിനെയും തറപറ്റിക്കാന്‍ പോന്ന കരുത്ത് കൈമുതലാക്കിത്തന്നെയാണ് വെസ്റ്റ് ലണ്ടനില്‍ നിന്നുള്ള തേനീച്ചക്കൂട്ടം മൂളിപ്പറക്കുന്നത്.
ഓഗസ്റ്റ് 30നാണ് ബ്രെന്റ്‌ഫോര്‍ഡ് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. എലാന്‍ഡ് റോഡില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീം ലീഡ്‌സ് യുണൈറ്റഡാണ് എതിരാളികള്‍.
Content Highlight: Brantford scored 20 goals in last 4 matches.