ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് (സി.ജെ.പി) ബദലെന്ന് അവകാശപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി – ഡെമോക്രാറ്റിക് (സി.ജെ.പി-ഡി) എന്ന സംഘടന ആരംഭിക്കുന്നതായി ആക്ടിവിസ്റ്റ് മനീഷ് ബ്രഹ്‌മഭട്ട്. അഭിജിത് ദിപ്‌കെയുടെ നേതൃത്വത്തിലുള്ള സി.ജെ.പി ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലുള്ള സംഘടനയായി മാറി എന്നതടക്കമുള്ള ആരോപണങ്ങള്‍ മനീഷ് ബ്രഹ്‌മഭട്ട് ഉന്നയിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന നിലയില്‍ നിന്ന് സി.ജെ.പി മാറിപ്പോയി എന്ന് മനീഷ് ബ്രഹ്‌മഭട്ട് ആരോപിച്ചു. നീറ്റ് ക്രമക്കേടിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ സി.ജെ.പി അവരുടെ പ്രവര്‍ത്തക സമിതിയില്‍ വേണ്ടത്ര പ്രതിനിധീകരിക്കുന്നില്ല. എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളുമായി ചേര്‍ന്ന് ‘സ്വയം തിരഞ്ഞെടുത്ത ടീമായി’ സംഘടന മാറിയെന്നും ബ്രഹ്‌മഭട്ട് ആരോപിക്കുന്നു.
ഞങ്ങള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക് ആരംഭിക്കുകയാണ്. വിദ്യാര്‍ഥി പ്രതിഷേധത്തില്‍ ആളുകളുടെ കൂട്ടായ ശക്തിയെ ഒത്തൊരുമിപ്പിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് മാത്രമായി സി.ജെ.പി പ്രവര്‍ത്തക സമിതിയില്‍ എട്ട് പേര്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നും മനീഷ് ആരോപിച്ചു. ശിവസേന, സമാജ് വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ബന്ധപ്പെട്ടവര്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പങ്കെടുത്തെങ്കിലും അവര്‍ക്ക് സി.ജെ.പി പ്രവര്‍ത്തക സമിതിയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്നും മനീഷ് ബ്രഹ്‌മ ഭട്ട് പറയുന്നു.
സി.ജെ.പിയുടെ നേതൃത്വത്തിലെ സ്ത്രീ പ്രാതിനിധ്യത്തെയും മുസ്‌ലിങ്ങള്‍, സിഖുകാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പ്രാതിനിധ്യത്തെയും കുറിച്ചും തനിക്ക് വിമര്‍ശനങ്ങളുണ്ടെന്നും മനീഷ് പറഞ്ഞു. സി.ജെ.പിയുടെ ഇപ്പോഴത്തെ നേതൃത്വം പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ആരോപിച്ചു.
‘പ്രതിഷേധത്തിന്റെ വിജയത്തിനുശേഷം, വളണ്ടിയര്‍മാരെയോ പ്രതിഷേധക്കാരെയോ പോലും അഭിപ്രായത്തിനായി ക്ഷണിക്കുകയോ കൂടിയാലോചനകളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തില്ല. സോഷ്യല്‍ മീഡിയയിലൂടെ അടക്കം ആവശ്യമായ മാനദണ്ഡങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ആളുകളോട് ചോദിച്ചില്ല. പകരം, ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട എട്ട് പേരെയും ഒരു വനിതാ സുഹൃത്തിനെയും കോളേജ് സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി അവര്‍ ടീം രൂപീകരിച്ചു,’ മനീഷ് ബ്രഹ്‌മഭട്ട് പറഞ്ഞു.
സി.ജെ.പിയുടെ പുതിയ കമ്മിറ്റിയില്‍ ഓരോ സംസ്ഥാനത്തുനിന്നും അഞ്ച് പേര്‍ ഉള്‍പ്പെടുന്ന ഒരു ദേശീയ ടീം ഉണ്ടാകണമെന്ന് തങ്ങള്‍ ആഗ്രഹിച്ചുവെന്നും മനീഷ് പറഞ്ഞു. അതില്‍ പ്രതിഷേധക്കാരും അതത് പ്രദേശങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍മാരും ഉള്‍പ്പെടണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീം തിരഞ്ഞെടുപ്പ് നടത്തുന്നത് ഒരു ഹൈക്കമാന്‍ഡോ ഏകപക്ഷീയമായ ഒരു അധികാര വ്യക്തിയോ ആവരുതെന്നും തങ്ങള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആ നിര്‍ദേശം സി.ജെ.പി പരിഗണിച്ചില്ലെന്നും ബ്രഹ്‌മദത്ത് കൂട്ടിച്ചേര്‍ത്തു.
‘അവര്‍ ഏകപക്ഷീയമായ രീതിയില്‍ ടീം രൂപീകരിച്ചു. ഈ ടീം രൂപീകരിക്കുന്നതിന് പിന്നിലെ ആശയം അരവിന്ദ് കെജ്രിവാളില്‍ നിന്നാണ് വന്നത്’ എന്നും മനീഷ് ആരോപിച്ചു.
സി.ജെ.പി ഇപ്പോള്‍ ടീം കെജ് രിവാള്‍ ആയി മാറിയെന്നും മനീഷ് ബ്രഹ്‌മഭട്ട് ആരോപിച്ചിരുന്നു. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് ശേഷം മനീഷ് സി.ജെ.പിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സി.ജെ.പി വില്‍ക്കപ്പെട്ടു എന്നതും രാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ടു എന്നതുമടക്കമുള്ള ആരോപണങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്.
Content Highlight: Brahmbhatt launches CJP-Democratic, accuses Dipke-led platform of aligning with AAP