| Tuesday, 4th March 2025, 2:11 pm

ഇന്ത്യയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരു കാര്യമുണ്ട്, സെമിയില്‍ ഓസ്‌ട്രേലിയ ജയിക്കും; തുറന്ന് പറഞ്ഞ് ബ്രാഡ് ഹാഡിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടാനിരിക്കുകയാണ്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം ദുബായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. എന്നാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ നടത്തുന്നതിനെതിരെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ വലിയ വിമര്‍ശനങ്ങളാണ് നടത്തിയത്.

ദുബായ് പിച്ചില്‍ ഇന്ത്യയ്ക്ക് മുന്‍ഗണനയുണ്ടെന്ന് സംസാരിക്കുകയാണ് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍. ഇന്ത്യയ്ക്ക് അവിടുത്തെ പിച്ചിനെക്കുറിച്ച് നന്നായി അറിയാമെന്നും എന്നാല്‍ ഇന്ത്യയ്ക്ക് വലിയ മത്സരങ്ങളിലെ സമ്മര്‍ദം മറികടക്കാന്‍ അറിയില്ലെന്നും ഹാഡിന്‍ പറഞ്ഞു. അതേസമയം ഓസ്‌ട്രേലിയയ്ക്ക് സമ്മര്‍ദ ഘട്ടങ്ങള്‍ മറികടക്കാന്‍ സാധിക്കുമെന്നും ഇന്ത്യയെ പരാജയപ്പെടുത്തുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ ഇവിടെ എല്ലാ മത്സരങ്ങളും കളിച്ചിട്ടുണ്ട്, അവര്‍ക്ക് പിച്ചിനെക്കുറിച്ച് നന്നായി അറിയാം. പക്ഷേ അവര്‍ക്ക് വലിയ സമ്മര്‍ദവുമുണ്ട്. എന്നാല്‍ മത്സരത്തിലെ സമ്മര്‍ദഘട്ടങ്ങള്‍ മറികടക്കാമെന്ന് ഓസ്ട്രേലിയയ്ക്ക് അറിയാം. മുന്‍കാലങ്ങളിലും അവര്‍ അത് ചെയ്തിട്ടുണ്ട്. വളരെക്കാലമായി അവര്‍ ഇന്ത്യയ്ക്കെതിരെ കളിക്കുന്നതിനാല്‍ ഓസ്ട്രേലിയ സമ്മര്‍ദത്തിലാണെന്ന് എനിക്ക് തോന്നുന്നില്ല. ദുബായില്‍ ഈ സാഹചര്യങ്ങളില്‍ ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിക്കുന്നത് എനിക്ക് കാണാന്‍ കഴിയും,’ ബ്രാഡ് ഹാഡിന്‍.

2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയത്. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസീസിനെതിരെ ബാക്കിവെച്ച കണക്കുകള്‍ തീര്‍ക്കാനുള്ള അവസരവും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ആറ് പ്രധാന താരങ്ങളുടെ വിടവിലാണ് ഓസീസ് ഇന്ന് കളത്തില്‍ ഇറങ്ങുന്നത്.

ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ വിരമിക്കലിന് ശേഷം ഓസ്ട്രേലിയയ്ക്ക് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, കാമറോണ്‍ ഗ്രീന്‍ എന്നീ സൂപ്പര്‍ താരങ്ങളെ പരിക്ക് മൂലം നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പരിക്കേറ്റ് ഓസീസ് ഓപ്പണര്‍ മാത്യു ഷോട്ടിന്റെ വിടവും ഓസീസിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

എന്നിരുന്നാലും ക്യാപ്റ്റന്‍ സ്മിത്തിനെയും സൂപ്പര്‍ ബാറ്റര്‍ ട്രാവിസ് ഹെഡ്ഡിനെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും ഇന്ത്യ കരുതേണ്ടതുണ്ട്.

Content Highlight: Brad Haddin Talking About India VS Australia

We use cookies to give you the best possible experience. Learn more