| Friday, 6th March 2026, 6:05 pm

ലോകകപ്പില്‍ ന്യൂസിലാന്‍ഡ് ചാമ്പ്യന്മാരാവും; പ്രവചനവുമായി മുന്‍ ഓസീസ് താരം

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇനി കലാശപ്പോര് മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് എട്ടിന് ഗുജറാത്ത് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും പരസ്പരം ഏറ്റുമുട്ടും.

ഇപ്പോള്‍ ഈ ലോകകപ്പില്‍ ന്യൂസിലാന്‍ഡായിരിക്കും കിരീടമുയര്‍ത്തുക എന്ന പറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹാഡിന്‍. ഫിന്‍ അലന്‍ ഫോമിലേക്കെത്തിയാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തകരുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരിക്കലും നേരിടാന്‍ ആഗ്രഹിക്കാത്ത ടീമാണ് ന്യൂസിലാന്‍ഡെന്നും മുമ്പ് ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം കിവീസിനുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില്ലോ ടോക്ക് ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ബ്രാഡ് ഹാഡിന്‍.

ബ്രാഡ് ഹാഡിന്‍. Photo: Sportsstar.com

‘ഫിന്‍ അലന്‍ ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തകരും. ഇന്ത്യയെ തകര്‍ക്കാന്‍ സാധിക്കുന്ന താരമാണവന്‍. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ നേരിടാന്‍ ആഗ്രഹിക്കാത്ത ടീമാണ് ന്യൂസിലാന്‍ഡ്.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിക്കാന്‍ അവര്‍ക്ക് ഒട്ടും പേടിയില്ല. മുമ്പ് ഇന്ത്യന്‍ മണ്ണില്‍ അവരെ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ചരിത്രം ന്യൂസിലാന്‍ഡിനുണ്ട്. ആ ആത്മവിശ്വാസത്തോടെയും ഫിന്‍ അലന് സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ കഴിഞ്ഞാന്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കും. ഈ ഫൈനലില്‍ ഞാന്‍ ന്യൂസിലാന്‍ഡിനൊപ്പമാണ്,’ ബ്രാഡ് ഹാഡിന്‍ പറഞ്ഞു.

ഒന്നാം സെമി ഫൈനലിൽ സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ചാണ് ന്യൂസിലാൻഡ് ഫൈനലിൽ പ്രവേശിച്ചത്. മറുവശത്ത് ഇന്ത്യ കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ തകർത്തും ഫൈനലിലെത്തി.

കിരീടം നിലനിർത്തുന്നതിനൊപ്പം തന്നെ മൂന്നാം കിരീടം നേടുക എന്നതാണ് സൂര്യയുടെയും സംഘത്തിന്റെയും ലക്ഷ്യം. എന്നാൽ, കന്നി കിരീടമാണ് മിച്ചൽ സാന്റ്നറുടെ ബ്ലാക്ക് ക്യാപ്സ് ഉന്നം വെക്കുന്നത്. അതിനാൽ മാർച്ച് എട്ടിന് ഗുജറാത്തിൽ കടുത്ത പോരാട്ടത്തിനാവും ആരാധകർ സാക്ഷിയാവുക.

Content Highlight: Brad Haddin predicts that New Zealand will lift T20 World Cup 2026 by defeating India

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more