ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിന് ഇന്ത്യ സിംബാബ്‌വേയ്‌ക്കെതിരെ കളത്തിലിറങ്ങുകയാണ്. ചെപ്പോക്കാണ് വേദി. സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയോടും സിംബാബ്‌വേ വെസ്റ്റ് ഇന്‍ഡീസിനോടും വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടതിനാല്‍ സെമി സാധ്യതകള്‍ സജീവമാക്കി നിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്.
ബാറ്റിങ് യൂണിറ്റ് ഫോമിലേക്കുയരാത്തതാണ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. ബാറ്റെടുത്ത നാലില്‍ മൂന്നിലും പൂജ്യത്തിന് പുറത്തായ അഭിഷേക് ശര്‍മയും ടി-20യില്‍ ഏകദിനം കളിക്കുന്ന തിലക് വര്‍മയും അവസരത്തിനൊത്തുയരാത്തത് ടീമിന്റെ മൊമെന്റത്തെയും കാര്യമായി ബാധിക്കുന്നുണ്ട്.
ഇരുവരും എത്രത്തോളം നിരാശപ്പെടുത്തുന്നു എന്ന ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ സജീവമാകുന്നത്. സിംബാബ്‌വേ ബൗളറായ ബ്രാഡ് ഇവാന്‍സിനൊപ്പം ചേര്‍ത്താണ് ആരാധകര്‍ ഇവരുടെ പ്രകടനത്തെ വിലയിരുത്തുന്നത്.
ഇതുവരെ ലോകകപ്പില്‍ ഒറ്റ ഇന്നിങ്‌സില്‍ മാത്രമാണ് ബ്രാഡ് ഇവാന്‍സ് ബാറ്റെടുത്തത്, സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ. ലോകകപ്പിലെ മിക്ക പ്രോപ്പര്‍ ബാറ്ററെക്കാളും മികച്ച രീതിയിലാണ് ഇവാന്‍സ് വിന്‍ഡീസിനെതിരെ ബാറ്റ് വീശിയത്.
21 പന്ത് നേരിട്ട ഇവാന്‍സ് 43 റണ്‍സുമായാണ് പുറത്തായത്. 204.76 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ അഞ്ച് സിക്‌സറും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിങ്.
ഷെവ്‌റോണ്‍സ് 255 റണ്‍സ് പിന്തുടരവെ 94/6 എന്ന നിലയിലാണ് എട്ടാമനായി എവാന്‍സ് ക്രീസിലെത്തുന്നത്. അവസരത്തിനൊത്തുയര്‍ന്ന് ബാറ്റ് വീശിയാണ് ഇവാന്‍സ് ഞെട്ടിച്ചത്.
ലോകകപ്പിലെ നാല് ഇന്നിങ്‌സില്‍ നിന്നുമായി അഭിഷേക് ശര്‍മ നേടിയ റണ്‍സിനേക്കാള്‍ അധികമാണിത്. നാല് ഇന്നിങ്‌സില്‍ നിന്നും 3.75 ശരാശരിയില്‍ 15 റണ്‍സാണ് അഭിഷേക് ശര്‍മ ഇതുവരെ നേടിയത്.
അഭിഷേക് ശര്‍മ
തിലക് വര്‍മ അഞ്ച് ഇന്നിങ്‌സില്‍ നിന്നും നേടിയതിനേക്കാള്‍ സിക്‌സറുകളും വിന്‍ഡീസിനെതിരായ മത്സരത്തില്‍ താരം സ്വന്തമാക്കി. തിലക് വര്‍മ ഇതുവരെ കളിച്ച എല്ലാ മത്സരത്തില്‍ നിന്നുമായി മൂന്ന് സിക്‌സറും എവാന്‍സ് ഒറ്റ മത്സരത്തില്‍ നിന്നും അഞ്ച് സിക്‌സറും അടിച്ചെടുത്തിട്ടുണ്ട്.
തിലക് വര്‍മ
പന്തെടുത്തപ്പോളും ഇവാന്‍സ് തിളങ്ങാന്‍ മറന്നില്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയേക്കാള്‍ വിക്കറ്റുമായാണ് താരം കരുത്ത് കാട്ടുന്നത്. നാല് മത്സരത്തില്‍ നിന്നും ഒമ്പത് വിക്കറ്റുകളാണ് വലംകയ്യന്‍ പേസറുടെ പേരിലുള്ളത്. അതേസമയം, നാല് മത്സരത്തില്‍ നിന്നും ഏഴ് വിക്കറ്റുകളാണ് ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ നേടിയത്.
ബ്രാഡ് ഇവാന്‍സ്. Photo: ICC
ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ 8 മത്സരത്തിനിറങ്ങുമ്പോള്‍ ഇവാന്‍സ് ഷെവ്‌റോണ്‍സ് നിരയില്‍ നിര്‍ണായകമാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Brad Evans scored more runs than Abhishek Sharma and more sixes than Tilak Varma