| Sunday, 4th January 2015, 1:54 pm

തൊഴിലാളി പ്രശ്‌നം: കല്ല്യാണ്‍ സാരീസ് ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഫേസ്ബുക്കില്‍ ആഹ്വാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തൊഴിലാളി പ്രശ്‌നം പരിഹരിക്കാത്തിടത്തോളം കല്ല്യാണ്‍ സാരീസ് ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഫേബ്‌സുക്കില്‍ ആഹ്വാനം. ഈ ആവശ്യമുന്നയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. 70 ലധികം ഷെയറുകള്‍ പോസ്റ്റിന് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.

“തൊഴിലാളി പ്രശ്‌നം പരിഹരിക്കുവോളം കല്യാണ്‍ സാരീസിലെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടതല്ലേ?

ഞങ്ങള്‍ തയ്യാറാണ്.. നിങ്ങളോ..??” എന്നു ചോദിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് വന്നിട്ടുള്ളത്.  “ഇനി മുതല്‍ ഈ സ്ഥാപനത്തില്‍ പ്രവേശിക്കാന്‍ പാടില്ലെ”ന്നും പറഞ്ഞ് ഡിസംബര്‍ 11ാം തിയ്യതി രാവിലെ 9.25 ഓടെ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തൊഴിലാളികളെ ഗേറ്റില്‍ തടഞ്ഞു നിര്‍ത്തുകയുമായിരുന്നു.

ഭരണപരമായ സൗകര്യാര്‍ത്ഥമാണ് സ്ഥലം മാറ്റിയത് എന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാല്‍ ഒരു തൊഴിലാളിയെ സ്ഥലം മാറ്റുമ്പോള്‍ ചെയ്യേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് മാനേജ്‌മെന്റ് സ്ഥലം മാറ്റ ഉത്തരവ് നല്‍കിയതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

തങ്ങളെ അടിമപ്പണി ചെയ്യിക്കുന്നത് ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയാണിതെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. അസംഘടിത മേഖലാ തൊഴിലാളി യൂണിയന്റെ (A.M.T.U) നേതൃത്വത്തില്‍ 2014 മെയ് 1 ന് തുടക്കം കുറിച്ച “ഇരിക്കല്‍ സമരത്തെ” തുടര്‍ന്നാണ് ടെക്‌സ്‌റ്റൈല്‍ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെട്ടത്.

We use cookies to give you the best possible experience. Learn more