സമീപകാലത്ത് മോളിവുഡ് കണ്ട ഏറ്റവും ഹൈപ്പേറിയ ചിത്രമാണ് പേട്രിയറ്റ്. മോളിവുഡിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ചിത്രം സമ്മിശ്ര പ്രതികരണമാണ് ആദ്യദിനം മുതല്‍ സ്വന്തമാക്കിയത്. ബിഗ് എംസിന് പുറമെ പല വമ്പന്‍ താരങ്ങളും അണിനിരന്ന ചിത്രത്തിന്റെ ബജറ്റും പലരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
പേട്രിയറ്റിലൂടെ കരിയറിലെ ആദ്യ 100 കോടി ചിത്രം മമ്മൂട്ടി സ്വന്തമാക്കുമെന്നായിരുന്നു ആരാധകര്‍ കണക്കുകൂട്ടിയത്. മോഹന്‍ലാല്‍ മുതല്‍ അടുത്തിടെ ഇന്‍ഡസ്ട്രിയിലെത്തിയ ഹാഷിര്‍ വരെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചപ്പോള്‍ മമ്മൂട്ടിക്ക് മാത്രം ഈ നേട്ടം കിട്ടാക്കനിയായി നിന്നു. 89 കോടി വരെയെത്തിയിട്ടും 100 കോടി ക്ലബ്ബിലെത്താന്‍ മമ്മൂട്ടിക്ക് സാധിച്ചിരുന്നില്ല.
പേട്രിയറ്റിലൂടെ കരിയറിലെ ആദ്യ 100 കോടി മമ്മൂട്ടി നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ റിലീസ് ചെയ്ത് ഒരാഴ്ച പിന്നുമ്പോള്‍ 80 കോടി പിന്നിടാന്‍ പാടുപെടുകയാണ് പേട്രിയറ്റ്. രണ്ടാഴ്ചത്തേക്ക് വലിയ റിലീസുകളില്ലാത്തതിനാല്‍ ഫ്രീ റണ്ണാണ് പേട്രിയറ്റിന് ലഭിക്കുക. ഇഴഞ്ഞ് 100 കോടി നേടിയാല്‍ പോലും നിര്‍മാതാവിന് ലാഭം നല്‍കാന്‍ അത് മതിയാകില്ല.
130 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. ഇത്രയും വലിയ ബജറ്റില്‍ ബ്രേക്ക് ഇവനാകണമെങ്കില്‍ പോലും 180 കോടിയോളം ആവശ്യമാണ്. നിര്‍മാതാവിന് ചിത്രം ലാഭമാകണമെങ്കില്‍ 240 കോടിയെങ്കിലും ലഭിക്കണം. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അതിന് സാധ്യതയില്ലെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.
റെക്കോഡ് തുകക്ക് വിറ്റുപോയ ഡിജിറ്റല്‍, സാറ്റലൈറ്റ് റൈറ്റുകളിലൂടെ ബജറ്റ് തിരിച്ചുപിടിച്ചേക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ തിയേറ്റര്‍ ഹിറ്റാകാന്‍ ഒരു സാധ്യതയും കാണുന്നില്ല.പേട്രിയറ്റ് മാത്രമല്ല, 100 കോടിക്കു മുകളില്‍ ചെലവഴിച്ച് ഒരുക്കിയ ഒരൊറ്റ മലയാളസിനിമ പോലും ഇതുവരെ പൂര്‍ണമായും ലാഭമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ബാറോസായിരുന്നു മലയാളത്തില്‍ ആദ്യമായി 100 കോടിക്കുമുകളില്‍ ചെലവായ ചിത്രം. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ബാറോസ് ഇന്‍ഡസ്ട്രിയില്‍ ഡിസാസ്റ്ററായി മാറി. 18 കോടി മാത്രമായിരുന്നു ചിത്രം നേടിയത്. മലയാളസിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലെത്തിയ എമ്പുരാന്‍ 150 കോടിയിലേറെ ചെലവഴിച്ചാണ് ഒരുങ്ങിയത്. 250 കോടി കളക്ഷന്‍ നേടി കഷ്ടിച്ച് ബ്രേക്ക് ഇവനാവുകയായിരുന്നു.
മോളിവുഡ് പോലൊരു ചെറിയ ഇന്‍ഡസ്ട്രിക്ക് 200, 300 കോടി ക്ലബ്ബില്‍ കയറാനാകുമെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും 100 കോടിയോളം ബജറ്റ് ചെലവാക്കുന്നത് റിസ്‌കാണെന്ന് വീണ്ടും വെളിവായിരിക്കുകയാണ്. എന്നാല്‍ വരുംകാലങ്ങളില്‍ ഇതിനും മാറ്റമുണ്ടാകുമെന്ന് കരുതാം.
Content Highlight: Box Office trackers saying that Patriot need minimum 180 crore for break even
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ