ഇന്ത്യന്‍ സിനിമയുടെ ഗതിമാറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു ബാഹുബലി. ബോളിവുഡ് സിനിമകള്‍ തലകുത്തി നിന്നിട്ട് പോലും നേടാനാകാത്ത ആയിരം കോടി എന്ന നേട്ടം ഒരു തെലുങ്ക് സിനിമ നേടിയത് പലരെയും അത്ഭുതപ്പെടുത്തി. ഒരു ഇന്ത്യന്‍ സിനിമക്ക് ആയിരം കോടി നേടാമെന്ന് ബാഹുബലി തെളിയിച്ചതിന് പിന്നാലെ ഈ നേട്ടത്തില്‍ വേറെയും സിനിമകള്‍ ഇടംപിടിച്ചു.
ആമിര്‍ ഖാന്‍ (ദംഗല്‍), റാം ചരണ്‍- ജൂനിയര്‍ എന്‍.ടി.ആര്‍ (ആര്‍.ആര്‍.ആര്‍), യഷ് (കെ.ജി.എഫ് 2), അല്ലു അര്‍ജുന്‍ (പുഷ്പ 2), ഷാരൂഖ് ഖാന്‍ (പത്താന്‍, ജവാന്‍) രണ്‍വീര്‍ സിങ് (ധുരന്ധര്‍ 1 & 2) എന്നിവരാണ് 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. എന്നാല്‍ ഈ ആയിരം കോടി ക്ലബ്ബ് എന്നത് താരങ്ങള്‍ക്ക് ശാപമാണെന്ന് ചില സിനിമാപേജുകള്‍ അഭിപ്രായപ്പെടുകയാണ്.
ആയിരം കോടി നേടിയ സിനിമക്ക് ശേഷം ആ നടന്മാരുടെ തൊട്ടടുത്ത ചിത്രം ബജറ്റ് പോലും തിരിച്ചുകിട്ടാതെ പരാജയമാകുന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്റെ അവസ്ഥയാണ് ആദ്യത്തെ ഉദാഹരണം. ബാഹുബലിക്ക് ശേഷം തിയേറ്ററുകളിലെത്തിയ സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങള്‍ വന്‍ പരാജയമായി മാറി. കല്‍ക്കിയിലൂടെ 1000 കോടി ക്ലബ്ബില്‍ വീണ്ടും ഇടംപിടിച്ചെങ്കിലും രാജാസാബിലൂടെ ഫ്‌ളോപ്പ് ലിസ്റ്റില്‍ വീണ്ടും ഇടംപിടിച്ചു.
ആമിര്‍ ഖാനാകട്ടെ ദംഗലിന് ശേഷം തൊട്ടതെല്ലാം പിഴക്കുന്ന അവസ്ഥയാണ്. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ഇതിനൊരപവാദമാണ്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, ലാല്‍ സിങ് ഛദ്ദ എന്നീ ചിത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. സിതാരെ സമീന്‍ പര്‍ ഭേദപ്പെട്ട വിജയവും സ്വന്തമാക്കി.
ആര്‍.ആര്‍.ആറിലൂടെ കരിയറിലെ ആദ്യ 1000 കോടി കണ്ട റാം ചരണിനും എന്‍.ടി.ആറിനും ഇപ്പോള്‍ അത്ര നല്ല കാലമല്ല. ഷങ്കറിനൊപ്പം കൈകോര്‍ത്ത ഗെയിം ചേഞ്ചര്‍ റാം ചരണിന്റെ കരിയറിനെ തലകീഴായി മറിച്ചു. പിന്നാലെയെത്തിയ പെദ്ദിയും പരാജയം രുചിച്ചു. താരകിന്റെ ദേവര കഷ്ടിച്ച വിജയിച്ചെങ്കിലും പിന്നാലെ വന്ന വാര്‍ 2 ധനനഷ്ടവും മാനഹാനിയുമാണ് സമ്മാനിച്ചത്. പുതിയ ചിത്രമായ ഡ്രാഗണിന്റെ ഷൂട്ട് ഒച്ചിഴയും പോല നീങ്ങുകയാണ്.
ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ബാക്ക് ടു ബാക്ക് ആയിരം കോടി നേടിയ ബോളിവുഡ് ബാദ്ഷ ഷാരൂഖിന് തൊട്ടടുത്ത ചിത്രമായ ഡങ്കിയിലാണ് അടിതെറ്റിയത്. ഹാട്രിക് ആയിരം കോടി പ്രതീക്ഷിച്ചെത്തിയ കിങ് ഖാന് വെറും 470 കോടി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കെ.ജി.എഫിലൂടെ കന്നഡ സിനിമയുടെ കൊമേഷ്‌സ്യല്‍ മാര്‍ക്കറ്റ് വലുതാക്കിയ യഷാണ് ലിസ്റ്റിലെ അവസാന എന്‍ട്രി. കെ.ജി.എഫ് 2ന് ശേഷം മൂന്ന് വര്‍ഷത്തോളം സമയമെടുത്ത് ഒരുക്കിയ ടോക്‌സിക് ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കുതിക്കുകയാണ്. ഇതോടെയാണ് എല്ലാ താരങ്ങള്‍ക്കും ആയിരം കോടി ശാപമാണെന്ന് സിനിമാപേജുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
പുഷ്പ 2ലൂടെ ആയിരം കോടിയെന്ന നാഴികക്കല്ലിലെത്തിയ അല്ലു അര്‍ജുനും ധുരന്ധര്‍ സീരീസിലൂടെ ബാക്ക് ടു ബാക്ക് 1000 കോടി ക്ലബ്ബിലെത്തിയ രണ്‍വീര്‍ സിങ്ങും ഈ ലിസ്റ്റിലെ അടുത്ത ഇരകളായി മാറുമോ എന്നാണ് കണക്കുകൂട്ടല്‍.
Content Highlight: Box Office statistics of Pan Indian stars like Prabhas and Yash