മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത്- ബാഹുല്‍ രമേശ് കൂട്ടുക്കെട്ടില്‍ എത്തിയ സിനിമയെ കുറിച്ച് അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ പ്രതീക്ഷകളായിരുന്നു.
ആനിമല്‍ ട്രിലോജിയിലെ മൂന്നാം ഭാഗമായെത്തിയ സിനിമയില്‍ സന്ദീപ് പ്രദീപാണ് നായകന്‍. സന്ദീപിന് പുറമെ വിനീത്, അശോകന്‍, നരേന്‍, ബീയാന മോമിന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. റിലീസായി നാലാം ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ബോക്‌സ് ഓഫീസില്‍ വന്‍കുതിപ്പാണ് എക്കോ നടത്തുന്നത്.
80 ലക്ഷം മാത്രം ഓപ്പണിങ്ങില്‍ കളക്ഷന്‍ നേടി ചിത്രം രണ്ടാം ദിനത്തില്‍ 1.85 കോടിയോളം കേരള ബോക്‌സ് ഓഫീസില്‍ നിന്ന് നേടി. മൂന്നാം ദിനമായ ഞായറാഴ്ച്ച 3.15 കോടിയാണ് എക്കോ നേടിയിരിക്കുന്നതെന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ നിന്ന് മാത്രം സിനിമ 6.85 കോടിയാണ് നേടിയത്.
അതേസമയം ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാമാണ് സിനിമ നിര്‍മിച്ചത്. കിഷ്‌കിന്ധാ കാണ്ഡം എന്ന ഒറ്റ സിനിമയലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് ബാഹുല്‍ രമേശ്. കേരള ക്രൈം ഫൈല്‍സ് സീസണ്‍ ടൂവിന്റെ തിരക്കഥയിലൂടെയും തന്റെ കഴിവ് തെളിയിച്ച ബാഹുലിന്റെ മറ്റൊരു മാസ്റ്റര്‍ പീസാണ് എക്കോയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
പടക്കളത്തിന് ശേഷം സന്ദീപ് പ്രധാനവേഷത്തിലെത്തിയ ചിത്രം കൂടിയാണ് എക്കോ. സിനിമയില്‍ നടന്റെ പ്രകടനത്തെ പറ്റിയും മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദ് തന്നെയാണ് എക്കോയുടെയും സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
Content highlight: Box office report collection of Eko movie