| Tuesday, 29th September 2026, 3:57 pm

35 ദിവസം കൊണ്ട് ബെത്‌ലഹേം എടുത്തത് ഇത്രയും റെക്കോഡുകള്‍, മോഹന്‍ലാലിന്റെ കൈയില്‍ ബാക്കിയുള്ള റെക്കോഡ് പൊട്ടിക്കാന്‍ പാടുപെടും

അമര്‍നാഥ് എം.

മലയാളത്തിലെ ചരിത്രവിജയമായി അടയാളപ്പെടുത്താന്‍ കഴിയുന്ന ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മോളിവുഡിലെ എക്കാലത്തെയും വലിയ വിജയമായി മാറിക്കഴിഞ്ഞു. ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇപ്പോഴും തിയേറ്ററില്‍ മികച്ചരീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.

ബോക്‌സ് ഓഫീസിലെ വന്‍ വിജയത്തിന് പിന്നാലെ ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്റര്‍ റിലീസ് ചെയ്ത് ഒ.ടി.ടിയിലെത്താനായി കാത്തു നില്‍ക്കുന്ന ഈ സമയത്തിനുള്ളില്‍ മലയാളത്തിലെ പല റെക്കോഡുകളും ബെത്‌ലഹേം കുടുംബ യൂണിറ്റ് തകര്‍ത്തിരിക്കുകയാണ്.

ഇന്‍ഡസ്ട്രി ഹിറ്റ് മുതല്‍ ഏറ്റവുമധികം ഫുട്ഫാള്‍സ് വരെ പല റെക്കോഡുകളും ബെത്‌ലഹേം സ്വന്തമാക്കിയിട്ടുണ്ട്. ഓരോ റെക്കോഡുകളും ഏതൊക്കെയാണെന്ന് നോക്കാം. ഇന്‍ഡസ്ട്രിയിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായി ബെത്‌ലഹേം കുടുംബ യൂണിറ്റ് മാറി. റിലീസ് ചെയ്ത് 35 ദിവസം കൊണ്ട് 329 കോടിയാണ് സ്വന്തമാക്കിയത്. ലോകഃ ചാപ്റ്റര്‍ വണ്ണിനെ മറികടന്നാണ് ബെത്‌ലഹേം ഒന്നാമതെത്തിയത്.

കേരളത്തില്‍ നിന്ന് മാത്രം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായും ബി.കെ.യു മാറി. 157 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. വാഴ 2നെ ബഹുദൂരം പിന്നിലാക്കിയാണ് ബെത്‌ലഹേം കേരള ബോക്‌സ് ഓഫീസില്‍ ഒന്നാമതെത്തിയത്. ഇത് മറികടക്കാന്‍ ഏത് സിനിമക്ക് സാധിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.

ഏറ്റവുമധികം ടിക്കറ്റ് വിറ്റുപോയ സിനിമയെന്ന നേട്ടവും ബെത്‌ലഹേമിനാണ്. പുലിമുരുകന്റെ 85 ലക്ഷം ടിക്കറ്റുകളെന്ന റെക്കോഡിനെ പഴങ്കഥയാക്കി 92 ലക്ഷം ടിക്കറ്റുകളാണ് ബെത്‌ലഹേമിന്റേതായി വിറ്റുപോയത്. കേരളത്തില്‍ മാത്രം ഏറ്റവുമധികം ഷോസ് എന്ന റെക്കോഡും ഇതിനോടകം ബെത്‌ലഹേം സ്വന്തം പേരിലാക്കിക്കഴിഞ്ഞു.

ഇത്രയും റെക്കോഡുകള്‍ സ്വന്തം പേരിലുണ്ടെങ്കിലും ബെത്‌ലഹേമിന് മുന്നില്‍ വീഴാതെ നില്‍ക്കുന്ന ചില റെക്കോഡുകള്‍. മോളിവുഡ് ബോക്‌സ് ഓഫീസിന്റെ രാജാവായ മോഹന്‍ലാലിന്റെ പേരിലാണ് ഇതില്‍ കൂടുതലും. മോളിവുഡിലെ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ (64 കോടി), ഏറ്റവും വേഗത്തില്‍ 50,100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം (എമ്പുരാന്‍), ബുക്ക്‌മൈഷോയില്‍ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ (96140) എന്നീ റെക്കോഡുകള്‍ ബ്രാന്‍ഡ് Lന്റെ പേരിലാണ്. ഇത് മറികടക്കാന്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും സാധിക്കില്ലെന്ന് ഉറപ്പാണ്.

ഒ.ടി.ടി റിലീസിന് ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ ബെത്‌ലഹേമിനെ കുറിച്ച് ഉയരുമെന്ന് ഉറപ്പാണ്. ബിഗ് സ്‌ക്രീനില്‍ നിന്ന് ആഷ്‌ലിയും ജസ്റ്റിനും ഒ.ടി.ടിയിലേക്കെത്തുമ്പോള്‍ സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്.

Content Highlight: Box Office records of Bethlehem Kudumba Unit

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more