| Tuesday, 23rd June 2026, 10:25 pm

ബാലന് നല്ല തുടക്കം; ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ചിത്രം

അശ്വിന്‍ രാജേന്ദ്രന്‍

വലിയ ഹെപ്പൊന്നുമില്ലാതെ റിലീസിന് ആഴ്ചകള്‍ക്ക് മുമ്പ് മാത്രം പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ട ചിത്രമായിരുന്നു ചിദംബരം എസ്.പൊതുവാള്‍ സംവിധാനം ചെയ്ത് ജൂണ്‍ 19ന് തിയേറ്ററുകളിലെത്തിയ ബാലന്‍ ദി ബോയ്. ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ താന്‍ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ബാലനെന്ന പ്രശംസയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തിയതോടെ സിനിമാ പ്രേമികള്‍ക്കിടയില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാലന്‍ ദി ബോയ്. Photo: District

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ ടൊവിനോ തോമസ് എത്തുന്നുണ്ടെന്നതൊഴിച്ചാല്‍ കൊമേഷ്യല്‍ എലമെന്റ്‌സ് ഇല്ലാത്ത ചിത്രമാണ് ബാലന്‍ ദി ബോയ്. എന്നാല്‍ ചിത്രം പുറത്തിറങ്ങി മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന് മികച്ച കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്നുവെന്നാണ് സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 15 കോടിയിലധികം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രമായി ചിത്രം 6.2 കോടി നേടിയപ്പോള്‍ ഇന്ത്യയില്‍ നിന്നൊട്ടാകെ ചിത്രം 8 കോടിയോളമാണ് നേടിയിട്ടുള്ളത്. ആഗോളതലത്തില്‍ ചിത്രം 7.2 കോടിയും നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബാലന്‍ ദി ബോയ്. Photo: District

നിലവില്‍ കാര്യമായ ഭീഷണികളൊന്നും തന്നെ തിയേറ്ററുകളില്‍ നിന്നും ബാലന് നേരിടേണ്ടി വരുന്നില്ലെന്ന് കാണാം. ജൂണ്‍ അഞ്ചിന് പുറത്തിറങ്ങിയ നസ്‌ലെന്‍ ചിത്രം മോളിവുഡ് ടൈംസ് തിയേറ്ററുകളില്‍ ഏറെക്കുറെ വാഷൗട്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ബാലനൊപ്പം റിലീസ് ചെയ്ത ഇന്ദ്രന്‍സിന്റെ ചിന്ന ചിന്ന ആസൈക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്തതും ബാലന് ഗുണകരമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Box Office Collection report of newly released Balan The Boy movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more