| Tuesday, 6th October 2026, 9:41 pm

തെലുങ്കില്‍ നായകനായി അരങ്ങേറ്റം പാളി; ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തില്‍ കരിയര്‍ ആരംഭിക്കുകയും പിന്നീട് പാന്‍ ഇന്ത്യന്‍ തലത്തില്‍ സ്വന്തമായി റീച്ച് ഉണ്ടാക്കിയെടുക്കുകയും ചെയ്ത അഭിനേതാവാണ് ഫഹദ് ഫാസില്‍. മലയാളത്തിലെ സീനിയര്‍ സംവിധായകനായ ഫാസിലിന്റെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ ഫഹദിന് തന്റെ ആദ്യവരവില്‍ അടി പതറയിരുന്നു. ഫാസില്‍ തന്നെ സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ കൈ എത്തും ദൂരത്ത് എന്ന ചിത്രം പരാജയമാകുകയും ഫഹദിന്റെ അഭിനയത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു.

ചിത്രത്തിന് പിന്നാലെ സിനിമയില്‍ നിന്നും അവധിയെടുത്ത താരം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പിന്നാലെ സിനിമാ രംഗത്ത് സജീവമായ താരം മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തിന് പുറമെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായ പുഷ്പയിലും വിക്രമിലും ഫഹദ് ഫാസില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. Photo: X.com

ആദ്യമായി താരം നായകനായി വേഷമിട്ട തെലുങ്ക് ചിത്രമായിരുന്നു കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. സംവിധായകന്‍ എസ്.എസ് രാജമൗലി പ്രെസന്റ് ചെയ്ത് മകന്‍ എസ്.എസ് കാര്‍ത്തികേയന്‍ നിര്‍മിക്കുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ സംവിധാനം ചെയ്തത് ശശാങ്ക് യെലോട്ടിയാണ്. ഹൈദരബാദിലും കൊച്ചിയിലും ചെന്നൈയിലും അടക്കം വമ്പന്‍ പ്രൊമോഷന്‍ ഇവന്റുകള്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്.

എന്നാല്‍ ചിത്രത്തിന്റെ റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സൂരി എന്ന ആംബുലന്‍സ് ഡ്രൈവറുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ഫാന്റസിയുടെ അകമ്പടിയോടെയാണ് കഥ പറയുന്നതെങ്കിലും ചിത്രത്തിന് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിച്ചിരുന്നില്ല.

ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. Photo: X.com

ഇപ്പോഴിതാ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസത്തെ ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ ബോക്‌സ് ഓഫീസ് കളക്ഷനാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വലിയ ചെലവില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്ന സൂചനയാണ് ആദ്യ വീക്കെന്‍ഡിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. തെലങ്കാനയില്‍ നിന്നും ഒന്നരക്കോടി നേടിയ ചിത്രം ആന്ധ്ര പ്രദേശില്‍ നിന്നും 81 ലക്ഷം നേടിയപ്പോള്‍ ഫഹദിന്റെ ഹോം ടെറിട്ടറിയായ കേരളത്തില്‍ നിന്നും 35 ലക്ഷം മാത്രമാണ് ഡോണ്ട് ട്രബിളിന് ലഭിച്ചിരിക്കുന്നത്. ഈ തുകയെല്ലാം ചേര്‍ത്ത് മൂന്ന് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നും ചിത്രം നേടിയിരിക്കുന്നത് 3.18 കോടിയാണ്. വിദേശത്ത് നിന്നും നേടിയ 1.73 കോടിയടക്കം ചിത്രത്തിന്റെ ആകെ കളക്ഷന്‍ അഞ്ച് കോടിയ്ക്ക് താഴെ മാത്രമാണെന്നത് ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ പരിതാപകരമായ അവസ്ഥയെ സൂചിപ്പിക്കുന്നു.

ഇതോടെ പൃഥ്വിയ്ക്കും നിവിനും പിന്നാലെ അടുത്തിടെ അന്യഭാഷ ഇന്‍ഡസ്ട്രിയില്‍ നായകനായി പരാജയം രുചിക്കുന്ന മലയാളി നടനായി ഫഹദ് ഫാസില്‍ മാറിയിരിക്കുകയാണ്. ബോളിവുഡില്‍ ദായ്‌റയയിലൂടെ പൃഥ്വി പരാജയം രുചിച്ചപ്പോള്‍ യേഴ് കടല്‍ യേഴ് മലൈയിലൂടെ നിവിന് തിരിച്ചടി ലഭിക്കുകയായിരുന്നു.

Content Highlight: Box Office collection report of Fahadh Faasil’s Don’t trouble the troube

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more