| Sunday, 24th May 2026, 9:59 pm

മൂന്നാം വരവറിയിച്ച് മൂന്ന് ദിവസം കൊണ്ട് ജോര്‍ജ്കുട്ടി നേടിയത് ഇത്ര കോടി; വീണ്ടും കരുത്ത് തെളിയിച്ച് മോഹന്‍ലാല്‍

അശ്വിന്‍ രാജേന്ദ്രന്‍

വമ്പന്‍ ഹൈപ്പിലും പ്രൊമോഷനിലും ഒട്ടനവധി ചിത്രങ്ങളാണ് 2026ല്‍ തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയുടെ കാമിയോ റോളില്‍ മാസ് ആക്ഷന്‍ ചിത്രം ചത്താ പച്ചയ്ക്കും മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റിനും കോടികള്‍ മുടക്കി പ്രൊമോഷന്‍ ചെയ്ത അതിരടിയ്ക്കും അടക്കം വമ്പന്‍ ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ കാര്യമായി ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. അപ്രതീക്ഷിതമായി പുതുമുഖതാരങ്ങള്‍ പ്രധാനവേഷത്തിലെത്തിയ വാഴ 2വായിരുന്നു ബോക്സ് ഓഫീസിനെ തല കീഴായി മറിച്ചത്. തിയേറ്ററുകളില്‍ നിന്നും 200 കോടിയിലധികം നേടി ഇന്‍ഡസ്ട്രി ഹിറ്റടിച്ചിട്ടായിരുന്നു ചിത്രം തിയേറ്റര്‍ വിട്ടത്.

ദൃശ്യം 3. Photo: X.com

പോസിറ്റീവ് കിട്ടിയ ചിത്രങ്ങള്‍ക്ക് പോലും അടിപതറുന്ന ബോക്‌സ് ഓഫീസില്‍ താന്‍ വ്യത്യസ്തനാണെന്ന് വീണ്ടും തെളിയിക്കുകയാണ് മോഹന്‍ലാല്‍. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് ലഭിച്ചാല്‍ ബോക്‌സ് ഓഫീസിലെ റെക്കോര്‍ഡുകള്‍ പലതും പഴങ്കഥയാകും എന്ന ‘പഴമൊഴി’ വീണ്ടും അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് മെയ് 21ന് തിയേറ്ററുകളിലെത്തിയ ദൃശ്യം 3യുടെ തേരോട്ടം. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ദൃശ്യം ഫ്രാഞ്ചൈസില്‍ നിന്നും പുറത്തിറങ്ങിയ മൂന്നാം ഭാഗം മൂന്നാം ദിനം പിന്നിട്ടപ്പോള്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകൡ നിന്നും 112 കോടിയോളം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ അതിവേഗം നൂറ് കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ചിത്രമായും ദൃശ്യം മാറിയിരിക്കുകയാണ്.

ഞായറാഴ്ച്ചയിലെ കണക്കുകള്‍ കൂടെ പുറത്തുവരാനിരിക്കെ ഓപ്പണിങ് വീക്കെന്‍ഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാാളത്തിലെ രണ്ടാമത്തെ ചിത്രമായി ദൃശ്യം 3 ഇതിനോടകം മാറിയിരിക്കുകയാണ്. ആട് 3യുടെ 82 കോടിയുടെ റെക്കോര്‍ഡിനെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് ലിസ്റ്റില്‍ ചിത്രത്തിന്റെ കുതിപ്പ്. മോഹന്‍ലാലിന്റെ തന്നെ ചിത്രമായ എമ്പുരാന് ശേഷം മലയാളത്തില്‍ നിന്നും ഓപ്പണിങ് ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ദൃശ്യം 3 മാറിയിരുന്നു.

ദൃശ്യം 3. Photo: District

ആദ്യ ദിനം വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസില്‍ നിന്നും 43 കോടിയിലധികം നേടിയ ചിത്രം രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും 34 കോടി വീതം നേടിയാണ് ശക്തി തെളിയിച്ചത്. നാലാം ദിനമായ ഞായറാഴ്ച്ചയിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ചിത്രം 150 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്ന് ഉറപ്പാണ്. വേനലവധി കഴിയാന്‍ ഇനിയും ഒരാഴ്ച്ച ബാക്കി നില്‍ക്കുകയും 28ന് വലിയ പെരുന്നാള്‍ വരിനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാഴ 2വിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് പദവി ദൃശ്യം 3 തൂക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Content Highlight: Box office Collection report of Drishyam 3 in first 3 days

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more