| Friday, 18th September 2026, 8:56 pm

ആര്‍ക്കും എന്നെ തടയാന്‍ സാധിക്കില്ല; ഇരുപത്തിയെട്ടാം ദിനവും മുന്നേറ്റം തുടര്‍ന്ന് ബെത്‌ലഹേം

അശ്വിന്‍ രാജേന്ദ്രന്‍

കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ഇന്‍ഡസ്ട്രി ഹിറ്റും ആഗോളതലത്തില്‍ 300 കോടിയിലധികം കളക്ഷനും നേടി സ്വപ്‌നക്കുതിപ്പ് നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകന്‍ ഒരുക്കിയത്. ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോള്‍ ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

നിവിനും മമിതയ്ക്കും പുറമെ സംഗീത് പ്രതാപ്, ശ്യാം മോഹന്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്രിന്ദ, മീനാക്ഷി തുടങ്ങി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയവരെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കിയപ്പോള്‍ മറ്റൊരു മികച്ച റോം-കോം എന്റര്‍ടെയിനറായിരുന്നു മലയാളികള്‍ക്ക് ലഭിച്ചത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഖലീഫയും ഐ ആം ഗെയ്മും അടക്കം രണ്ട് വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം ക്ലാഷായിട്ടായിരുന്നു നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. രണ്ട് വമ്പന്‍ ആക്ഷന്‍ ചിത്രങ്ങള്‍ക്കൊപ്പം ചിത്രം റിലീസ് ചെയ്യുന്നത് നല്ല തീരുമാനമല്ല എന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും കൂടെയെത്തിയ ചിത്രങ്ങളെയെല്ലാം അടിച്ച് നിലംപരിശാക്കിയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം തിയേറ്ററുകളില്‍ മുന്നേറിയത്. എന്നാല്‍ റിലീസ് ചെയ്തതിന് ശേഷമുള്ള നാലാം ആഴ്ചയിലും പുതിയതായി റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് ഭീഷണിയായി കൊണ്ടാണ് ബെത്‌ലഹേം മുന്നേറുന്നത്.

ഇപ്പോഴിതാ റിലീസ് ചെയ്ത ഇരുപത്തിയെട്ടാം ദിവസത്തില്‍ 1.44 കോടി ബെത്‌ലഹേം കളക്ഷന്‍ നേടിയെന്ന റിപ്പോര്‍ട്ടുകളാണ് സിനിമാ പേജുകളില്‍ ചര്‍ച്ചയാകുന്നത്. റിലീസ് ചെയ്ത് ഒരു മാസത്തോട് അടുത്തിട്ടും തുടര്‍ച്ചയായി ഒരു കോടിയ്ക്ക് മുകളില്‍ ഒരു ചിത്രം കളക്ഷന്‍ നേടുന്നത് മലയാളത്തില്‍ പതിവുള്ള കാര്യമല്ല. ഇതോടെ കേരള ബോക്‌സ് ഓഫീസില്‍ നിന്നും 150 കോടിയ്ക്കടുത്ത് ബെത്‌ലഹേം നേടിയേക്കാമെന്നും ആഗോളതലത്തിലെ കളക്ഷന്‍ 320 കോടി കടന്നേക്കാമെന്നും പലരും അഭിപ്രായപ്പെടുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ബെത്‌ലഹേമിന് ശേഷം ഇറങ്ങിയ ദുല്‍ഖറിന്റെ ഐ ആം ഗെയിം അടക്കമുള്ള ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ കിതയ്ക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ അസാധാരണ പ്രകടനം എന്നതും എടുത്തുപറയേണ്ടതാണ്.

Content Highlight: Box Office collection report of Bethlehem Kudumba Unit

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more