| Saturday, 14th June 2025, 8:09 am

പെട്ടി വിവാദം നിലമ്പൂരിലും; ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച കാറില്‍ പൊലീസ് പരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: നിലമ്പൂരിൽ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി തുറന്ന് പരിശോധിച്ച് പൊലീസ്. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര എം.പി ഷാഫി പറമ്പില്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലാണ് അവരുടെ പെട്ടികളിലുമാണ് പൊലീസ് പരിശോധന നടത്തിയത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നിലമ്പൂര്‍ വടപുരം കനോലി പ്ലോട്ടിന് സമീപത്ത് വെച്ചാണ് പരിശോധന നടന്നത്. പൊലീസിന്റെ സാധാരണ പരിശോധനയ്ക്കിടെയാണ് സംഭവം.

പെട്ടിയില്‍ നിന്ന് പൊലീസിന് പുസ്തകങ്ങളും വസ്ത്രങ്ങളും മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസിനോട് കയര്‍ക്കുന്നതായും സി.പി.ഐ.എമ്മിന് വേണ്ടി വേഷം കെട്ടേണ്ടെന്ന് ഇരുനേതാക്കളും ഉദ്യോഗസ്ഥരോട് പറയുന്നതായും കാണാം.

ഏകപക്ഷീയമായ പരിശോധനയാണ് നടന്നതെന്നും പരിശോധന എല്ലാ പ്രതിനിധികളുടെയും വാഹനത്തില്‍ ഒരുപോലെ നടക്കണമെന്നും ഷാഫി പറമ്പില്‍ പ്രതികരിക്കുന്നുണ്ട്.

പരിശോധന പാലക്കാടിന്റെ ആവർത്തനമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. നിലമ്പൂർ തെരഞ്ഞെടുപ്പിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു. പരിശോധന സാധാരണമായ നടപടിയെന്നായിരുന്നു നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജിന്റെ പ്രതികരണം.

അതേസമയം ജനപ്രതിനിധികളെ മനസിലായില്ലെന്നാണ് പൊലീസിന്റെ ഭാഗം. സംഭവത്തില്‍ പരാതി നല്‍കില്ലെന്നും ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടയിലും സമാനമായ സംഭവം നടന്നിരുന്നു. പ്രചരണം നടക്കവേ അര്‍ധരാത്രി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന കെ.പി.എം ഹോട്ടലില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു പിന്നീടുണ്ടായ ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ട്രോളിയില്‍ നിന്ന് പണം കടത്തിയതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണം കടത്തിയതിന് തെളിവില്ലെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlight: Box controversy in Nilambur too; Police inspected the Shafi Parambil and Rahul Mamkootathil’ car

We use cookies to give you the best possible experience. Learn more