| Saturday, 29th November 2025, 12:24 pm

രാഹുലിനെതിരായ കേസ് കോണ്‍ഗ്രസ് യുവനേതൃനിരയ്ക്ക് തിരിച്ചടിയല്ല; വിഷയം പാര്‍ട്ടി ഗൗരവത്തോടെ കൈകാര്യം ചെയ്തു: ഷാഫി പറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എം.പി.

രാഹുലിനെതിരായ കേസ് കോണ്‍ഗ്രസിലെ യുവനേതൃനിരയ്ക്ക് തിരിച്ചടിയല്ലെന്നും അദ്ദേഹം നിയമപരമായി മുന്നോട്ട് പോകട്ടേയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതൃത്വം വളരെ ഗൗരവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. നിയമതലത്തിലേക്ക് ഒരു പരാതി വരുന്നതിനുമുമ്പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ജെബി മേത്തര്‍, കെ.എം. അഭിജിത്ത്, അലോഷ്യസ് സേവ്യര്‍ തുടങ്ങിയവര്‍ അടങ്ങുന്ന യുവനിരയാണ് പാര്‍ട്ടിയില്‍ ഉള്ളത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുലിനെതിരായ കേസ് തടസമാകുന്നില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ നടത്തുന്ന നിയമപരമായ നീക്കങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വമോ നേതാക്കളോ ഇടപെടല്‍ നടത്തുന്നില്ല. ഇക്കാര്യങ്ങളില്‍ ഓരോ നേതാക്കളും നടത്തിയിരിക്കുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളാണ്.

എന്നാല്‍ ഈ ആളുകളൊന്നും തന്നെ പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ല. അതായത് പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട നടപടിയില്‍ നിന്ന് നേതൃത്വത്തെ പിന്തിരിപ്പിക്കാന്‍ ഒരു നേതാക്കളും ശ്രമിച്ചിട്ടില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

നിയമപരമായ പ്രശ്‌നങ്ങള്‍ വരുന്നതിനുമുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ ചില പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഡി.സി.സിയോ കെ.പി.സി.സിയോ നേതൃത്വം വഹിച്ച പരിപാടികളില്‍ രാഹുല്‍ പങ്കെടുത്തിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

രാഹുലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും രാഹുലുമായുള്ള തന്റെ ബന്ധം അവിടെയും ബാധകമായിട്ടില്ലെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

രാഹുലിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ പ്രതികരിക്കാതിരുന്ന ഷാഫി പറമ്പിലിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷാഫിയുടെ പ്രതികരണം.

Content Highlight: The case against Rahul mamkootathil is not a setback for the Congress youth leadership: Shafi Parambil

We use cookies to give you the best possible experience. Learn more