| Friday, 3rd July 2026, 11:18 am

ഇല്ലാത്ത പൈസ മുടക്കി വണ്ടി വാങ്ങി: അന്ന് ലൊക്കേഷന്‍ അവിടെയാണ് അറിഞ്ഞപ്പോഴുള്ള എക്‌സൈറ്റ്‌മെന്റ് ഇന്നുണ്ടാവില്ല: പൃഥ്വിരാജ്

അക്ഷര

സിനിമയില്‍ എത്തിയ ശേഷം ആദ്യമായി വാങ്ങിയ വാഹനത്തെ കുറിച്ചും അന്നത് വാങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.

സ്വപ്‌നക്കൂട് എന്ന സിനിമയുടെ ഷൂട്ട് പോണ്ടിച്ചേരിയിലാണ് നടക്കുന്നത് എന്നറിഞ്ഞ ശേഷമാണ് വണ്ടി വാങ്ങണമെന്ന് തീരുമാനിച്ചതെന്നും അന്നത്തെ പ്രായത്തില്‍ സ്വന്തം വണ്ടിയില്‍ പോണ്ടിച്ചേരിയിലേക്ക് പോകാമല്ലോ എന്നൊക്കെ ഓര്‍ത്ത് എങ്ങനെയോ പണം ഒപ്പിച്ച് വാങ്ങുകയായിരുന്നെന്നും പൃഥ്വി പറയുന്നു.

അന്നൊക്കെ ഓസ്ട്രിയയില്‍ പോകുന്ന ഫീലിലാണ് പോണ്ടിച്ചേരിയിലെ ലൊക്കേഷനിലേക്ക് പോയതെന്നും പൃഥ്വി പറഞ്ഞു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.

‘ആദ്യമായിട്ട് എന്റെ സ്വന്തം പൈസ കൊടുത്തിട്ട് ഒരു വണ്ടി വാങ്ങിക്കാനുള്ള ഒരു ചുറ്റുപാട് അന്ന് ആയി വരുന്നതേ ഉള്ളൂ. ഞാന്‍ അഞ്ചോ ആറോ സിനിമകള്‍ ഒക്കെ ചെയ്ത് കുറച്ച് പൈസ കയ്യില്‍ ആയി വരുന്നേയുള്ളൂ.

ഒരു വണ്ടി എടുക്കാമെന്ന ആലോചന ഉണ്ടായിരുന്നു. സ്വപ്‌നക്കൂട് സിനിമയുടെ ഷൂട്ടിങ് പോണ്ടിച്ചേരിയിലാണ് എന്ന് അറിഞ്ഞപ്പോള്‍ ഇല്ലാത്ത പൈസ ഉണ്ടാക്കി ഞാന്‍ പെട്ടെന്ന് പോയിട്ട് വണ്ടി വാങ്ങിച്ചു. അന്ന് നമ്മള്‍ ബൈ റോഡ് ആണല്ലോ പോകുക. അപ്പോള്‍ സ്വന്തം വണ്ടി ഓടി ഓടിച്ച് പോണ്ടിച്ചേരിയില്‍ പോകാലോ എന്നൊക്കെയാണ് ആലോചിച്ചത്.

ഇന്ന് അതിലെ റീലൊക്കെ കാണുമ്പോള്‍ വളരെ പ്രായം കുറഞ്ഞ പൃഥ്വിയും ചാക്കോച്ചനും ജയനും മീരയും ഭാവനയുമൊക്കെ പോണ്ടിച്ചേരിയില്‍ ഒരുമിച്ച് കുറേ നാളുകള്‍ ഒന്നിച്ചുണ്ടായ സമയമാണ് ഓര്‍മ വരിക.

അന്ന് നമ്മള്‍ കൊച്ചുകുട്ടികളാണ്. അന്ന് പോണ്ടിച്ചേരിയില്‍ രണ്ട് മാസം ഷൂട്ടിങ് പോകുക എന്ന് പറഞ്ഞാല്‍ ഓസ്ട്രിയയില്‍ പോകുന്ന പോലെയാണ്. ഇന്ന് നമുക്ക് ആ എക്‌സൈറ്റ്‌മെന്റ് ഉണ്ടാവില്ല. അന്ന് പക്ഷേ ഭയങ്കര എക്‌സൈറ്റ്‌മെന്റാണ്,’ പൃഥ്വിരാജ് പറഞ്ഞു.

തന്റെ സിനിമകള്‍ വീണ്ടും കാണുന്ന ഒരു ശീലം തനിക്കില്ലെന്നും പൃഥ്വിരാജ് പറയുന്നു. അങ്ങനെ പഠിക്കാനായി സിനിമകള്‍ വീണ്ടും കാണാറില്ല
എന്നാല്‍ ആക്‌സിഡന്റലായി, ഏതെങ്കിലും ലൊക്കേഷനില്‍ ഷോട്ടിനായി കാരവനില്‍ കാത്തിരിക്കുമ്പോള്‍ ടി.വിയില്‍ തന്റെ ഏതെങ്കിലും സിനിമ വരികയാണെങ്കില്‍ അത് കണ്ടിരിക്കുമെന്നും പൃഥ്വി പറയുന്നു.

ഷൂട്ടില്ലെങ്കില്‍ കിടന്നുറങ്ങാനും സിനിമകള്‍ കാണാനും പുസ്തകങ്ങള്‍ വായിക്കാനും ഏറെ ഇഷ്ടമാണെങ്കിലും തന്റെ മറുപടി കാത്ത് സ്‌ക്രിപ്റ്റ് ഏല്‍പ്പിച്ച് പോയ നിരവധി പേര്‍ ഉണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ മറ്റൊന്നും തന്റെ മനസില്‍ വരില്ലെന്നും പൃഥ്വി പറഞ്ഞു.

Content highlight: Bought the vehicle by spending money I didn’t actually have says Actor Prithviraj

അക്ഷര

We use cookies to give you the best possible experience. Learn more