| Sunday, 15th March 2026, 9:32 am

വെടിക്കെട്ടിന് മുമ്പ് ചെറിയൊരു ആചാരവെടി, സ്‌പൈഡര്‍മാന്‍ ട്രെയ്‌ലറിന് ക്ലാഷ് വെക്കാന്‍ ഡ്യൂണും?

അമര്‍നാഥ് എം.

മാര്‍വലിന്റെ ഏറ്റവും വലിയ ബജറ്റിലും ഹൈപ്പിലുമൊരുങ്ങുന്ന അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയ്‌ക്കൊപ്പം ഹോളിവുഡ് ചിത്രമായ ഡ്യൂണ്‍ 3യും ക്ലാഷിനെത്തുന്നുണ്ട്. രണ്ട് വമ്പന്‍ സിനിമകള്‍ തമ്മിലുള്ള ക്ലാഷില്‍ ആര് വിജയിക്കുമെന്ന ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ തിയേറ്ററിലെ ക്ലാഷിന് മുമ്പ് മറ്റൊരു പോരാട്ടത്തിന് തയാറെടുക്കുകയാണ് ഡ്യൂണ്‍ 3യും മാര്‍വലും.

മാര്‍വലിന്റെ അടുത്ത തിയേറ്റര്‍ റിലീസായ സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേയുടെ ട്രെയ്‌ലര്‍ ഈയാഴ്ച പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. റിലീസിന് നാല് മാസത്തോളം ബാക്കിനില്‍ക്കെ ചിത്രത്തെ ലൈവാക്കി നിര്‍ത്താനാണ് ആദ്യ ട്രെയ്‌ലര്‍ പുറത്തിറക്കുന്നത്.

ഈയാഴ്ച തന്നെ ഡ്യൂണ്‍ 3യുടെ ആദ്യ ട്രെയ്‌ലറും പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഹൈപ്പ് ട്രെയ്‌ലര്‍ റിലീസിന് ശേഷം ഇരട്ടിയാകുമെന്നാണ് കരുതുന്നത്. ഈ വര്‍ഷത്തെ ഓസ്‌കര്‍ പ്രഖ്യാപനത്തിന് ശേഷം ട്രെയ്‌ലര്‍ പുറത്തിറക്കാനാണ് മാര്‍വലും ഡ്യൂണിന്റെ നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രോസും ശ്രമിക്കുന്നത്.

2024ല്‍ പുറത്തിറങ്ങിയ ഡ്യൂണിന്റെ രണ്ടാം ഭാഗം വന്‍ വിജയമായിരുന്നു. ഫ്രെമെന്‍ ഗോത്രത്തിന്റെ മിശിഹയായി പോള്‍ അറ്റ്രെഡിസ് അവതരിക്കുന്നത് കാണിച്ചുകൊണ്ടാണ് രണ്ടാം ഭാഗം അവസാനിച്ചത്. തന്നെ വിശ്വസിക്കുന്ന ജനതയെ വിജയിപ്പിക്കാന്‍ പോളിന് സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. വന്‍ താരനിരയാണ് ഡ്യൂണ്‍ 3യില്‍ അണിനിരക്കുന്നത്. തിമോത്തി ഷാലമെക്കും സെന്‍ഡയക്കും പുറമെ ഫ്‌ളോറന്‍സ് പ്യൂ, റോബര്‍ട്ട് പാറ്റിന്‍സണ്‍ തുടങ്ങിയവരുടെ സാന്നിധ്യവും ഡ്യൂണ്‍ 3യുടെ ഹൈപ്പ് ഉയര്‍ത്തുന്നു.

അതേസമയം ഡൂംസ്‌ഡേയ്ക്ക് മുമ്പുള്ള മാര്‍വലിന്റെ സാമ്പിള്‍ വെടിക്കെട്ടായാണ് സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേയെ ആരാധകര്‍ കണക്കാക്കുന്നത്. മള്‍ട്ടിവേഴ്‌സ് തുറന്നതിലൂടെയുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് സാധാരണ ജീവിതം നയിക്കുന്ന പീറ്റര്‍ പാര്‍ക്കറിന് തുടര്‍ന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കഥ.

മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ലൈവ് ലൊക്കേഷനുകളിലാണ് ബ്രാന്‍ഡ് ന്യൂ ഡേ ചിത്രീകരിച്ചത്. ടോം ഹോളണ്ടിനും സെന്‍ഡയക്കും പുറമെ ചില സര്‍പ്രൈസ് കാസ്റ്റും ബ്രാന്‍ഡ് ന്യൂ ഡേയിലുണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഡൂംസ്‌ഡേയ്ക്ക് മുമ്പ് ആരാധകരെ ആവേശം കൊള്ളിക്കാന്‍ സ്‌പൈഡര്‍മാന് സാധിക്കുമെന്നാണ് ആരാധകരുടെ അവകാശവാദം.

Content Highlight: Both the trailers of Spiderman Brand new day and Dune 3 will release this week

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more