ഫുട്ബോളിൽ ഒഴിച്ചുകൂടാനാവാത്ത പ്രധാന ഘടകങ്ങളിൽ ഒന്നാണ് ആരാധകർ. ഇന്നത്തെ കാലത്ത് സ്റ്റേഡിയത്തിൽ നേരിട്ട് കളി കാണാനെത്തുന്ന ആരാധകർ മത്സരം ആസ്വദിക്കുന്നതിനേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് അവരുടെ മൊബൈൽ ഫോണിലായിരിക്കും.
വീഡിയോ എടുക്കാനും സോഷ്യൽ മീഡിയയിൽ റീൽസ് പോസ്റ്റ് ചെയ്യാനുമായിരിക്കും ആരാധകർ കൂടുതൽ സമയം കണ്ടെത്തുക. ഇതിലൂടെ ഗ്യാലറികളിലെ ഓരോ നിമിഷങ്ങളിലുമുണ്ടാവുന്ന ആവേശമാണ് നഷ്ടമായിക്കൊണ്ടിരിക്കുക.
ഇപ്പോൾ ഈ ഒരു പ്രതിസന്ധി മറികടക്കാൻ പുതിയ ഒരു ആശയവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ജർമൻ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ട്. മത്സരം നടക്കുമ്പോൾ ഫോൺ ഉപയോഗിക്കാതെ മത്സരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരാധകർക്ക് പാരിതോഷികം നൽകാനാണ് ക്ലബ്ബിന്റെ തീരുമാനം.
ഇതിനായി ക്ലബ്ബിന്റെ ഒഫീഷ്യൽ ആപ്പിൽ ‘ഫാൻ മോഡ്’ എന്ന പുതിയൊരു ഫീച്ചറാണ് ഡോർട്മുണ്ട് അവതരിപ്പിച്ചിട്ടുള്ളത്. മത്സരം നടക്കുമ്പോൾ ഫോൺ അൺലോക്ക് ചെയ്യാതിരിക്കുന്ന ഓരോ മിനിട്ടിലും ആരാധകർക്ക് ഇതിലൂടെ പോയിന്റുകൾ ലഭിച്ചുകൊണ്ടിരിക്കും.
മത്സരം ആരംഭിക്കുമ്പോൾ ആരാധകർ ഫോണിലുള്ള ഒഫീഷ്യൽ ആപ്പിലെ ‘ഫാൻ മോഡ്’ ആക്ടിവേറ്റ് ചെയ്ത ശേഷം ഫോൺ ലോക്ക് ചെയ്തുവെക്കണം. സ്ക്രീൻ ലോക്കായിരിക്കുന്ന ഓരോ മിനിട്ടിലും ആരാധകർക്ക് പോയിന്റുകൾ ലഭിച്ചുകൊണ്ടിരിക്കും. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആരാധകർക്ക് ഫോൺ ഉപയോഗിക്കാനുള്ള അവസരവും ക്ലബ്ബ് നൽകുന്നുണ്ട്. എന്നാൽ രണ്ടാം പകുതി തുടങ്ങുമ്പോൾ വീണ്ടും ഫാൻ മോഡിലേക്ക് ഫോൺ മാറ്റണം.
മത്സരം നടക്കുമ്പോൾ മൊബൈൽ ഫോണിന്റെ ഉപയോഗം കുറച്ച് ഗ്യാലറിയിലെ ആരാധകരുടെ ആവേശം മുഴുവൻ മത്സരത്തിലേക്ക് നൽകുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. കഴിഞ്ഞദിവസം നടന്ന ഫ്രാങ്ക്ഫോർട്ടിനെതിരെയുള്ള മത്സരത്തിൽ ഡോട്ടുമുണ്ട് ഈ പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ഏറ്റവും കുറവ് സ്ക്രീൻ ടൈം ലഭിക്കുന്ന ആരാധകർക്ക് ക്ലബ്ബിന്റെ ജേഴ്സികളും ഗിഫ്റ്റ് വൗച്ചറും സമ്മാനമായി ലഭിക്കും.
മൊബൈൽ ഫോണുകളിലൂടെയല്ല, കണ്ണുകളിലൂടെയും ഹൃദയത്തിലൂടെയുമാണ് ആരാധകർ ഫുട്ബോൾ ആസ്വദിക്കേണ്ടതെന്ന് ഫുട്ബോൾ ലോകത്തോട് വിളിച്ചുപറയുകയാണ് ഡോർട്മുണ്ട്. ഡോർട്മുണ്ടിന്റെ തട്ടകമായ സിഗ്നൽ ഇഡുന പാർക്കിൽ നിറഞ്ഞുനിൽക്കുന്ന ‘യെല്ലോ വാൾ’ ആരാധകക്കൂട്ടം ലോകപ്രശസ്തമാണ്.
ഡോർട്മുണ്ടിന്റെ സ്റ്റേഡിയത്തിൽ 81,000ത്തിലധികം ആരാധകർ ഒരുമിച്ച് പാട്ടുപാടുകയും ആർപ്പുവിളിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ലോക ഫുട്ബോളിൽ തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഈ ആവേശത്തിലേക്ക് ആരാധകരെ ഒരുമിച്ച് തിരിച്ചുകൊണ്ടുവരികയാണ് ഈ പദ്ധതിയിലൂടെ ജർമൻ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.
നിലവിൽ ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്താണ് ഡോർട്മുണ്ട്. ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും രണ്ട് സമനിലയും അടക്കം 17 പോയിന്റാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ഒരു തോൽവിയും അടക്കം ആറ് പോയിന്റുമാണ് ഡോർട്മുണ്ടിനുള്ളത്.
ഡി.എഫ്,ബി പോക്കലിലാണ് ഡോർട്മുണ്ട് അടുത്ത മത്സരത്തിനിറങ്ങുന്നത്. ഒക്ടോബർ 28ന് നടക്കുന്ന മത്സരത്തിൽ വെർഡർ ബ്രെമനാണ് ടീമിന്റെ എതിരാളികൾ. ഇതിനുശേഷം ഒക്ടോബർ 31ന് ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കും ഡോർട്മുണ്ടും തമ്മിലുള്ള ജർമനിയിലെ ത്രില്ലർ പോരാട്ടത്തിനും ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കും. ബയേൺ മ്യൂണിക്കിന്റെ തട്ടകമായ അലയൻസ് അരീനയാണ് വേദി.
Content Highlight: Borussia Dortmund has announced a new initiative aimed at reducing phone usage among fans during matches