| Monday, 1st September 2025, 8:56 am

മണിച്ചിത്രത്താഴിലെ ഓരോ സീനിലും മോഹൻലാൽ അതിഗംഭീരമായി അഭിനയിക്കുകയായിരുന്നു: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വർഷങ്ങളായി മലയാളികൾ സ്നേഹത്തോടെയും പ്രതീക്ഷയോടെയും കാണുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാടിന്റേത്. കുറുക്കന്റെ കല്ല്യാണം മുതൽ ഇപ്പോഴിതാ പുറത്തിറങ്ങിയ പുതിയ ചിത്രം ഹൃദയപൂർവ്വം വരെ നീളുന്നു ആ കൂട്ടുകെട്ട്.

ഒരുകാലത്ത് മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്നുപറഞ്ഞാൽ തിയേറ്ററിൽ ആള് നിറയുമായിരുന്നു. ഇപ്പോൾ മോഹൻലാലിനെപ്പറ്റി ഫാസിൽ പറഞ്ഞ കഥയെക്കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്.

‘ഫാസിൽ പറഞ്ഞ ഒരു അനുഭവമുണ്ട്. മണിച്ചിത്രത്താഴിന്റെ ഷൂട്ടിങ് നടക്കുന്നു. ഗംഗയാണ് നാഗവല്ലിയായി പരിണമിക്കുന്നതെന്ന് മനസിലാക്കിയ ഡോ. സണ്ണി, നകുലനോട് ആ കാര്യം വിശദീകരിക്കുന്ന രംഗമാണ്. അൽപം നീളമുള്ള ഒരു ഷോട്ട്. അത് എടുത്തുകൊണ്ടിരുന്നപ്പോൾ ക്യാമറയ്ക്ക് പിന്നിൽ നിന്ന ഫാസിലിന് തോന്നി സംഭാഷണങ്ങൾ ആവശ്യത്തിൽ കൂടുതൽ വലിഞ്ഞുപോകുന്നുണ്ടോയെന്ന്. ഷോട്ട് കട്ട് ചെയ്ത ഉടൻ ലാലിനടുത്ത് ചെന്ന് ഫാസിൽ പറഞ്ഞു.

‘നമുക്ക് ഒന്നുകൂടി എടുത്താലോ? ഡയലോഗിനിടയിൽ ലാൽ ആവശ്യത്തിൽ കൂടുതൽ ഗ്യാപ് ഇട്ടു എന്നൊരു തോന്നൽ.’
ഉടനെ ലാൽ പറഞ്ഞു; ‘എടുക്കാം എടുക്കാം… പാച്ചിക്ക ആക്ഷൻ പറഞ്ഞതേ എനിക്ക് ഓർമയുള്ളു. പിന്നെ കട്ട് പറഞ്ഞപ്പോഴാണ് അതിൽ നിന്ന് മാറിയത്. ഗ്യാപ് വന്നിട്ടുണ്ടാവാം. എനിക്കറിയില്ല. ഞാൻ അഭിനയിക്കുകയായിരുന്നു’ ആ മറുപടി കേട്ട ഉടനെ ഫാസിൽ പറഞ്ഞു.’വേണ്ട വേറൊരു ടേക്ക് എടുക്കേണ്ട ഇതുമതി…..’ എന്ന്,’ സത്യൻ അന്തിക്കാട് പറയുന്നു.

എഡിറ്റിങ് റൂമിൽ ചെന്ന് മൂവിയോളയിൽ ആ രംഗം കണ്ടപ്പോഴാണ് ഫാസിൽ ഞെട്ടിപ്പോയതെന്നും ഇഴഞ്ഞുപോകുന്നു എന്ന് തോന്നിയ ഓരോ നിമിഷത്തിലും അതിഗംഭീരമായി മോഹൻലാൽ അഭിനയിക്കുകയായിരുന്നുവെന്ന് ഫാസിലിന് മനസിലായെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. നടനാകാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട ജന്മമാണ് മോഹൻലാലിന്റേതെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

Content Highlight: Born to be an actor; he will act brilliantly saya Sathyan Anthikad

We use cookies to give you the best possible experience. Learn more