ലണ്ടന്‍: 2025 ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന്. ‘ഹാര്‍ട്ട് ലാംപ്’ എന്ന ചെറുകഥാസമാഹാരമാണ് ബുക്കര്‍ പ്രൈസിന് അര്‍ഹത നേടിയത്.
ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് ഹാര്‍ട്ട് ലാംപ് ഈ നേട്ടം കൈവരിച്ചത്. മാധ്യമപ്രവര്‍ത്തകയായ ദീപ ബസ്തിയാണ് സമാഹാരം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.
ബുക്കര്‍ ഇന്റര്‍നാഷണല്‍ സമ്മാനത്തുകയായ 55 ലക്ഷം രൂപ എഴുത്തുകാരിക്കും വിവര്‍ത്തകയ്ക്കും പങ്കിട്ട് നല്‍കും. ചൊവ്വാഴ്ച ലണ്ടനിലെ ടേറ്റ് മോഡേണില്‍ നടന്ന ചടങ്ങില്‍, ബെസ്റ്റ് സെല്ലര്‍ ബുക്കര്‍ പ്രൈസ് ജേതാവായ എഴുത്തുകാരന്‍ മാക്‌സ് പോര്‍ട്ടറാണ് സമ്മാനം ലഭിച്ച ചെറുകഥാ സമാഹാരത്തിന്റെ പേര് പ്രഖ്യാപിച്ചത്.
തന്റെ അനുഭവത്തില്‍ നിന്നുകൊണ്ട് ബാനു മുഷ്താഖ് രചിച്ച ഒരു സ്ത്രീയുടെ നേര്‍ക്കാഴ്ചയാണ് ഹാര്‍ട്ട് ലാംപ്. 1990 മുതല്‍ 2023 വരെ എഴുതിയ കഥകളില്‍ നിന്ന് തെരഞ്ഞെടുത്ത 12 എണ്ണമാണ് ഈ സമാഹാരത്തിലുള്ളത്.
ഇതിനുപുറമെ ആറ് കഥാസമാഹാരങ്ങളും ഒരു കവിതാ സമാഹാരവും ബാനു മുഷ്താഖിന്റെതായിട്ടുണ്ട്. കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം, ദാനചിന്താമണി അത്തിമബ്ബ പുരസ്‌കാരം തുടങ്ങിയവയും ബാനുവിനെ തേടിയെത്തിയിട്ടുണ്ട്.
അഭിഭാഷക കൂടിയായ ബാനു മുഷ്താഖ് ‘ലങ്കേഷ് പത്രിക’യില്‍ 10 വര്‍ഷം റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ജാതി-മത അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെയും പോരാടുന്ന എഴുത്തുകാരിയുമാണ് ബാനു.
നിലവില്‍ ബുക്കര്‍ പ്രൈസ് ഒരു കന്നഡ എഴുത്തുകാരിയെ തേടിയെത്തിയതോടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയിലേക്ക് ഈ അര്‍ഹത എത്തുന്നത്. 2022ല്‍ ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാന്‍ഡിന് ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു. ഹാര്‍ട്ട് ലാംപ് മൊഴിമാറ്റം ചെയ്തതിലൂടെ ഇന്റര്‍നാഷണല്‍ ബുക്കര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വിവര്‍ത്തകയായി ദീപ ഭാസ്തിയും മാറി.
സോള്‍വായ് ബാലിന്റെ ‘ഓണ്‍ ദി കാല്‍ക്കുലേഷന്‍: ഓഫ് വോള്യം വണ്‍’, വിന്‍സന്റ് ദി ലക്വയുടെ ‘സ്‌മോള്‍ ബോട്ട്’, ഹിരോമി കവകാമിയുടെ ‘അണ്ടര്‍ ദി ഐ ഓഫ് ദി ബിഗ് ബേഡ്’, വിന്‍ സെന്‍സോ ലാട്രോനികോയുടെ ‘പെര്‍ഫെക്ഷന്‍’, ആന്‍ സേറയുടെ ‘എ ലെപേഡ് സ്‌കിന്‍ ഹാറ്റ്’ എന്നിവയാണ് 2025 ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസില്‍ ഇടംപിടിച്ചവ.
മറ്റ് ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ക്കാണ് ബുക്കര്‍ പ്രൈസ് നല്‍കുക.
Content Highlight: Booker International goes to Kannada writer Banu Mushtaq; This is the second time the award has come to India