| Sunday, 15th November 2015, 6:02 pm

മരുമരങ്ങളിലൂടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്


പുസ്തക സഞ്ചി | ഡോ.യു ഷംല


മരുമരങ്ങള്‍ കേവലയാത്രയുടെ പുസ്തകമല്ല. വ്യക്തികളും അനുഭവങ്ങളും യാത്രികന്റെ ഉറക്കത്തെ പകുത്തെടുക്കുന്ന കാഴ്ചകളുടെ പുസ്തകമാണ്. ഒപ്പം വായനക്കാരന്റെ അനുഭവ സീമകള്‍ ലംഘിച്ച് പലായനത്തിലേക്ക്  എടുത്തെറിയുകയും  അയാള്‍  മരുഭൂമിയിലൂടെ ഒരു പച്ചപ്പിന്റെ പ്രതീക്ഷയിലേക്ക് അലഞ്ഞെത്തുകയും ചെയ്യുന്നു. ഒപ്പം ചരിത്രത്തിന്റെ, പ്രാചീനതയുടെ മാറാലകളിലൂടെ  കൊട്ടാരക്കെട്ടുകളുടെ പടികള്‍ കയറിയിറങ്ങി ഗുഹാമുഖങ്ങളില്‍ കാറ്റിന്റെയും കടലിന്റെയും വികൃതികളേറ്റുവാങ്ങി നൂറ്റാണ്ടുകളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു.

ഓളങ്ങള്‍ നനുനനുത്ത സംഗീതം മീട്ടുന്ന കായല്‍ക്കരകളും വെള്ളം ചവിട്ടിത്തെറിപ്പിച്ചു നടന്നകലുന്ന ഒട്ടകക്കൂട്ടങ്ങളും ഭൂമിയെ തിന്നു തീര്‍ത്ത്  മുന്നോട്ടു വരുന്ന വെള്ളവും മരീചികയുടെ വിഹ്വലതകള്‍ പകര്‍ന്നു തരുന്നുണ്ട്. ജീവിതയാത്രയുടെ  സഹനദൂരങ്ങളെ  പഠിപ്പിക്കാനുള്ള രൂപകമായി മൃഗതൃഷ്ണകളെ എഴുത്തുകാരന്‍ അവതരിപ്പിക്കുമ്പോള്‍ യാത്രയുടെ പുസ്തകം ജീവിതത്തിന്റെ പുസ്തകമായി മാറുന്നു. മണലിന്റെ നിറം നോക്കി ദിശ നിശ്ചയിക്കുന്ന ഒട്ടകത്തിന്റെ മനശാസ്ത്രമറിയുന്ന ജീവിതത്തിന്റെ നിരവധി ചിത്രങ്ങള്‍ അനുഭവക്കാഴ്ച്ചകളായി അവതരിപ്പിക്കുന്നുണ്ട് പല ലേഖനങ്ങളിലും.

കവര്‍ ചിത്രത്തിലെ യൂസഫ് മുഹമ്മദിനെ പരിചയപ്പെടുത്തുന്ന “”ഹൂച്ചോ, ര്‍റ്‌റ്…..”” എന്ന അദ്ധ്യായം മരുഭൂ ജീവിതത്തിന്റെ മാത്രമല്ല അയാളുടെ ജന്മനഗരമായ എത്യോപ്യയിലെ കൊടും ചൂടിനെയും  രാഷ്ട്രീയ കാലാവസ്ഥയെയും കൂടി അടയാളപ്പെടുത്തുന്നുണ്ട്. തന്റെ കുഞ്ഞ് മരിച്ച ദുഃഖത്തില്‍ കരയുന്ന ഒട്ടകത്തിന്റെ അപൂര്‍വ്വ ചിത്രവും കടുത്ത ചൂടിനൊപ്പം ഉള്ളില്‍ നിറയും.

“ഒറ്റയ്ക്കു കഴിയാന്‍ മരുഭൂമിക്കും പേടിയുണ്ടെന്നു” വിശ്വസിക്കുന്ന ടൂറിസ്റ്റ് ഒബ്ജക്ടായി മാറുന്ന ഫൈസുള്ളയുടെ ജീവിതവും മരുഭൂമിയുടെ ഊഷരതയുടെ ഭാഗമായി നില്‍ക്കുന്നു. വെള്ളവും ഭക്ഷണവും അന്തിയുറങ്ങാന്‍  സ്ഥലവും യാത്രക്കാര്‍ക്കായി ഒരുക്കിയ ഹാത്തിം അല്‍ത്താഈയുടെ നാട്ടിലെ യാത്രയും മരുഭൂമിയില്‍ ചെയ്യേണ്ട ദാനം ജലം മാത്രമാണെന്നു തിരിച്ചറിഞ്ഞ സുബൈദ രാജ്ഞിയുടെയും സല്‍ചെയ്തികളിലൂടെയുള്ള യാത്രയും വായനക്കാര്‍ക്ക് കുളിര്‍മ്മ നല്‍കുന്ന അനുഭവങ്ങളാണ്.

A.D. 831 വരെ  ജീവിച്ച സുബൈദ രാജ്ഞി പണ്ഡിതര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും സംവാദങ്ങള്‍ക്കും വിനിമയങ്ങള്‍ക്കുമായി ബാഗ്ദാദിലേക്ക് വാതില്‍ തുറന്നു കൊടുത്ത ധീരവനിത കൂടിയായിരുന്നുവെന്നത് അത്ഭുതമുണര്‍ത്തും. ഐനല്‍ഹാറിലെ ഔഷധക്കൂട്ടുകള്‍ നിറഞ്ഞ ചുടു നീരുറവയും ഉണര്‍വ്വും തെളിച്ചവും നല്‍കുന്നതിനൊപ്പം  മറവിയില്‍ നിക്ഷേപിച്ച കടങ്ങള്‍ ഉള്‍പ്പെടെ ഓര്‍മ്മയില്‍ വരുമെന്ന പ്രസ്താവം വായനക്കാരിലും ചിരി പകരും.

ഗന്ധങ്ങള്‍ മുസഫര്‍ അഹമ്മദിനെ ഒരു ഒബ്‌സഷനായി പിന്‍തുടരുന്നത് പുസ്തകത്തിലെമ്പാടും നിറയുന്നുണ്ട്. ഖബറിടങ്ങളിലെ ഉറക്കത്തിന്റെ മണം, അരഞ്ഞു ചേര്‍ന്ന മണ്ണിന്റെ മണം, മനുഷ്യര്‍ കുടിയൊഴിഞ്ഞു പോകുന്ന സ്ഥലത്തെ ശ്മശാനത്തിന്റെ മണം, ഉറങ്ങിക്കിടക്കുന്നവരുടെ മണം, തകര്‍ന്നു തരിപ്പണമായ വീടിന്റെ മണം, നിഷ്ഫലത മനുഷ്യ ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന മുരടിപ്പിന്റെ മണം, മനുഷ്യര്‍ കുടിയൊഴിഞ്ഞു പോകുന്ന സ്ഥലത്തെ ശ്മശാനത്തിന്റെ മണം, പാറയില്‍ നട്ടുച്ച സൂര്യന്റെ വെയില്‍ വീണ് പൊള്ളുമ്പോള്‍ പൊങ്ങുന്ന മണം, വെയിലില്‍ ചാലിച്ച  ചായത്തിന്റെ മണം എന്നിങ്ങനെ ആവര്‍ത്തിക്കുന്ന ഗന്ധവൈവിദ്ധ്യം പൗരാണികതയുടെയും, ശൂന്യതയുടെയും, നൈരാശ്യത്തിന്റെയും മരണത്തിന്റെയും രൂപകങ്ങളായി പരിണമിക്കുന്നുണ്ട്.

സൂര്യനും ചന്ദ്രനും കാറ്റും വെളിച്ചവും മരുഭൂമിയും  കഥാപാത്രങ്ങളാകുന്ന മരുമരങ്ങളിലെ ഭാഷ മികച്ച വായനാനുഭവം പ്രദാനം ചെയ്യുന്നുണ്ട്. മരുഭൂമിയുടെ ആത്മകഥ എഴുതിയ യാത്രികന്‍ ഒരു നോവലിസ്റ്റിന്റെ ഭാഷയിലേക്ക് എത്തി നില്‍ക്കുന്നുവെന്നു പറയാം. നിലാവിന്റെ പരപ്പില്‍ നീരാടുന്ന മണല്‍ക്കുന്നുകളും, ഞങ്ങളുടെ ചന്തം നോക്കികിടക്കൂ എന്ന് കണ്ണിറുക്കുന്ന നക്ഷത്രങ്ങളും ഭാഷയുടെ സൗന്ദര്യവും ആര്‍ദ്രതയും പകരുന്നു.

മണലില്‍ വീടുണ്ടാക്കി കളിക്കുന്ന കാറ്റിനെ മരുഭൂമിയിലെ നാറാണത്തു ഭ്രാന്തനായാണ് അവതരിപ്പിക്കുന്നത്. “അല്‍ഹുദ ചുരത്തില്‍ മഴവില്ല് തെളിഞ്ഞു നിറഞ്ഞു. യൗവ്വനം വന്നുദിച്ച ഏഴു നിറങ്ങള്‍ ആകാശഭൂമിക്കിടയില്‍ തുളുമ്പി. നിറങ്ങളും വെളിച്ചവും ജ്വലിച്ചു. മഴവില്ലില്‍  പുരണ്ട നേര്‍ത്ത കാറ്റ് ചില തുണ്ടുകള്‍ ശരീരത്തിലൂടെ മനസ്സിലേക്ക് എറിഞ്ഞ് കടന്നു പോയി. പിന്നാലെ വന്ന ചെറു ചാറ്റല്‍ മഴ ചുരത്തിലെ ഉറവകളിലേക്ക്  എളുപ്പത്തില്‍ അപ്രത്യക്ഷമായി. മഴപ്പാറ്റല്‍ കൂടുതല്‍ തുടുപ്പിച്ച മാരിവില്ല്” തുടങ്ങിയ മഴവില്‍കാഴ്ച്ച വായനയെ സാന്ദ്രമായ അനുഭവമാക്കുന്നു.

ഫോട്ടോകള്‍ പഴയ വ്യൂ മാസ്റ്റര്‍ കാഴ്ച്ചകള്‍ പോലെ കണ്ണിലേക്കും മനസ്സിലേക്കും ആഴ്ന്നിറങ്ങുന്നുണ്ട്. മരുമരങ്ങള്‍ എന്ന ശീര്‍ഷകം മരുഭൂമിയിലെ “ഒറ്റത്തുള്ളി മഴയായും” “ബ്രൗണ്‍ നിറത്തില്‍  പച്ച സ്‌ട്രോക്ക്”  പോലെയും മരുഭൂമിയിലെ പച്ചപ്പിന്റെ പ്രതീകമായി സ്വയം ആവിഷ്‌കൃതമാകുന്നുണ്ട്. മുസഫര്‍ എന്ന പേര് പോലും യാത്രികന്‍ എന്ന അര്‍ത്ഥത്തില്‍ നിന്നും മരുഭൂയാത്രികന്‍ എന്ന അര്‍ത്ഥ തലത്തിലേക്ക് സംക്രമിക്കുന്നുണ്ട്.

കാലാപാനിയിലെ തര്‍ഹീല്‍ ആനുകാലിക പ്രസക്തിയുള്ള മികച്ച ലേഖനമാണെങ്കിലും മറ്റ് ലേഖനങ്ങളുമായി ചേര്‍ന്നുനില്ക്കുന്നുവോ  എന്ന്  വായനയില്‍ തോന്നാം. തീര്‍ച്ചയായും  മരുമരങ്ങള്‍ മരുഭൂമിയിലും ജീവിതത്തിലും ഒരുപോലെ പച്ചപ്പു തേടാന്‍ വായനക്കാരനെ നിര്‍ബന്ധിക്കാതിരിക്കില്ല.

മരുമരങ്ങള്
വി.മുസഫര് അഹമ്മദ്
ഡി.സി.ബുക്‌സ്, കോട്ടയം
വില250, പേജ് 240

We use cookies to give you the best possible experience. Learn more