| Monday, 8th September 2025, 8:56 pm

കഥ ഇഷ്ടമാകാത്തതുകൊണ്ടല്ല ശ്രീദേവി ബാഹുബലി വേണ്ടെന്ന് വെച്ചത്, നിര്‍മാതാക്കള്‍ പറയുന്നത് കള്ളം: ബോണി കപൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിന് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവാണ് ബോണി കപൂര്‍. മിസ്റ്റര്‍ ഇന്ത്യ, കമ്പനി, ലോഫര്‍, ഖുശി, വാണ്ടഡ് തുടങ്ങി നിരവധി ഹിറ്റുകള്‍ ബോണി നിര്‍മിച്ചവയാണ്. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ പങ്കാളി കൂടിയാണ് ബോണി കപൂര്‍.

ഇന്ത്യന്‍ സിനിമ മുഴുവന്‍ തന്റെ സ്റ്റാര്‍ഡം കൊണ്ട് ഭരിച്ചിരുന്ന താരമായിരുന്നു ശ്രീദേവി. എന്നാല്‍ ശ്രീദേവിയുടെ കരിയറില്‍ ഏറ്റവും വലിയ നഷ്ടമായി പലരും കരുതുന്ന ചിത്രമാണ് ബാഹുബലി. രാജമൗലി സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവകാമി എന്ന കഥാപാത്രമായിട്ടായിരുന്നു ശ്രീദേവിയെ സംവിധായകന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കഥ ഇഷ്ടമാകാത്തതിനാല്‍ ശ്രീദേവി സിനിമയില്‍ നിന്ന് പിന്മാറിയെന്നാണ് കാലങ്ങളായി പ്രചരിക്കുന്ന വാര്‍ത്ത.

എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്തക്ക് പിന്നിലെ വസ്തുതയെക്കുറിച്ച് സംസാരിക്കുകയാണ് ബോണി കപൂര്‍. ബാഹുബലിയിലെ വേഷം വേണ്ടെന്ന് വെച്ചതില്‍ ശ്രീദേവിയെ കുറ്റപ്പെടുത്തുന്നവര്‍ ഇപ്പോഴുമുണ്ടെന്നും എന്നാല്‍ അവര്‍ക്കാര്‍ക്കും സത്യമറിയില്ലെന്നും ബോണി കപൂര്‍ പറഞ്ഞു. ഗെയിം ചേഞ്ചേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജമൗലി ഈ കഥ ശ്രീയോട് പറഞ്ഞ ശേഷം എനിക്കയച്ച മെസ്സേജ് ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കഥ കേട്ട് ശ്രീദേവി നല്‍കിയ നിര്‍ദേശങ്ങള്‍ തനിക്ക് ഗുണം ചെയ്തു എന്നായിരുന്നു ആ മെസേജിലുണ്ടായിരുന്നത്. അന്ന് കഥ പറഞ്ഞിട്ട് രാജമൗലി പിന്നീട് തിരക്കുകളിലേക്ക് പോയി. ആ സിനിമയുടെ നിര്‍മാതാക്കളാണ് ഇപ്പോള്‍ പ്രചരിക്കുന്ന കാര്യം ഉണ്ടാക്കിയത്.

തൊട്ടുമുമ്പ് ചെയ്ത ഇംഗ്ലീഷ് വിംഗ്ലീഷില്‍ കിട്ടിയ പ്രതിഫലത്തെക്കാള്‍ കുറവായിരുന്നു ബാഹുബലിയില്‍ അവര്‍ ഓഫര്‍ ചെയ്തത്. അത്രയും ചെറിയ പൈസക്ക് എന്റെ ഭാര്യയെ അഭിനയിപ്പിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. അവര്‍ സ്ട്രഗിള്‍ ചെയ്യുന്ന ആര്‍ട്ടിസ്റ്റൊന്നുമല്ലല്ലോ. ശ്രീദേവിയുടെ സ്റ്റാര്‍ഡം മാര്‍ക്കറ്റ് ചെയ്യുക എന്നാണല്ലോ അവരുടെ ഉദ്ദേശം.

തമിഴിലും ഹിന്ദിയിലും ശ്രീ കാരണം ആ സിനിമക്ക് നല്ല മൈലേജ് കിട്ടുമെന്ന് ഉറപ്പാണ്. അതിന് കുറച്ച് മര്യാദ കൊടുത്തുകൊണ്ടുള്ള പ്രതിഫലം നല്‍കണ്ടേ? പക്ഷേ, നിര്‍മാതാക്കള്‍ ഇക്കാര്യം രാജമൗലിയോട് പറഞ്ഞിട്ടില്ല. ശ്രീദേവി ഓരോ തിരക്കിലാണ് എന്ന് മാത്രമേ അവര്‍ പറഞ്ഞിട്ടുള്ളൂ. ഇന്നും അവരുടെ കള്ളമാണ് പ്രചരിക്കുന്നത്,’ ബോണി കപൂര്‍ പറയുന്നു.

Content Highlight: Boney Kapoor explains why Sridevi didn’t committed Bahubali movie

We use cookies to give you the best possible experience. Learn more