| Friday, 23rd January 2026, 10:47 pm

ഇത്രയ്ക്കും നിസഹായനാണോ മുഖ്യമന്ത്രി? ഫഡ്‌നാവിസിനെതിരെ ബോംബൈ ഹൈക്കോടതി

രാഗേന്ദു. പി.ആര്‍

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ വിമര്‍ശിച്ച് ബോംബൈ ഹൈക്കോടതി. കലാപക്കേസിലെ പ്രതിക്കെതിരെ ആഴ്ചകളായിട്ടും നടപടിയെടുക്കാന്‍ കഴിയാത്തതിലാണ് വിമര്‍ശനം.

പ്രതിക്കെതിരെ നടപടി എടുക്കാന്‍ ഫഡ്നാവിസ് ഇത്ര നിസഹായനാണോ എന്ന് കോടതി ചോദിച്ചു. മഹാരാഷ്ട്രയില്‍ നിയമവാഴ്ച നിലനില്‍ക്കുന്നുണ്ടോയെന്നും ഹൈക്കോടതി ചോദ്യമുയര്‍ത്തി. സംസ്ഥാനത്തെ കാബിനറ്റ് മന്ത്രിയും ശിവസേന നേതാവുമായ ഭാരത് ഗൊഗാവാലെയുടെ മകന്‍ വികാസ് ഗൊഗാവാലെക്കെതിരെ നടപടി വൈകുന്നതിലാണ് കോടതി മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.

‘കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന മന്ത്രിമാരുടെ കുട്ടികള്‍ സ്വതന്ത്രമായി നടക്കുന്നു. അവർ മാതാപിതാക്കളുമായി പോലും ബന്ധം പുലര്‍ത്തുന്നു. എന്നിട്ടും പൊലീസിന് അവരെ കണ്ടെത്താന്‍ കഴിയുന്നില്ലേ? ഒരു മന്ത്രിക്കെതിരെ പോലും ഒന്നും സംസാരിക്കാന്‍ കഴിയാത്ത അത്രയും നിസഹായനാണോ മുഖ്യമന്ത്രി?,’ ജസ്റ്റിസ് മാധവ് ജംദാര്‍ ചോദിച്ചു.

റായ്ഗഡ് ജില്ലയിലെ മഹാഡില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനിടെ ഷിന്‍ഡെ വിഭാഗം ശിവസേനയുടെയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയുടെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

2025 ഡിസംബര്‍ രണ്ടിനാണ് വിമര്‍ശനത്തിന് ആസ്പദമായ സംഭവം നടന്നത്. കലാപശ്രമം, ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. വികാസ് ഗൊഗാവാലെയ്ക്ക് പുറമെ അദ്ദേഹത്തിന്റെ സഹോദരനായ മഹേഷ് ഗൊഗാവാലെയും കേസിലെ പ്രതിയാണ്.

വികാസ് ഗൊഗാവാലെ നിലവില്‍ ഒളിവിലാണെന്നാണ് വിവരം. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു എങ്കിലും സെഷന്‍ കോടതി നിരസിക്കുകയായിരുന്നു. ഡിസംബര്‍ 23നാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.

കേസിലെ മറ്റൊരു പ്രതിയായ എന്‍.സി.പി നേതാവ് ശ്രീയാന്‍ഷ് ജഗ്താപിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. എന്നാല്‍ വികാസിനെ കണ്ടെത്തുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെടുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. ഭാരത് ഗൊഗാവാലെയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

‘മന്ത്രിയുടെ മൊഴി എങ്കിലും പൊലീസിന് രേഖപ്പെടുത്താമായിരുന്നു. മകനെ കുറിച്ചുളള ഒരു വിവരവും തന്റെ പക്കലില്ലെന്ന് പറയാന്‍ മന്ത്രിക്ക് അവസരം കൊടുക്കാമായിരുന്നു. പൊലീസ് വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വികാസ് ഗൊഗാവാലെയെ അറസ്റ്റ് ചെയ്യാം. എന്നാല്‍ ഇവിടെ ഒരു മാസം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും പ്രതി എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല,’ കോടതി പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Bombay Highcourt criticizes Devendra Fadnavis

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more