മുംബൈ: മഹാരാഷ്ട്രയില്‍ ഗസയിലെ ഇസ്രഈല്‍ വംശഹത്യക്കെതിരെ റാലി സംഘടിപ്പിക്കാന്‍ ബോംബൈ ഹൈക്കോടതിയുടെ അനുമതിയില്ല. പ്രതിഷേധ മാര്‍ച്ചിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള മുംബൈ പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് സി.പി.ഐ.എം സമര്‍പ്പിച്ച ഹരജി കോടതി തള്ളുകയായിരുന്നു.
ആസാദ് മൈതാനിയില്‍ റാലി നടത്താന്‍ അനുമതി തേടി ഓള്‍ ഇന്ത്യ സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ മുംബൈ പൊലീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് ജൂണ്‍ 17ന് മുംബൈ പൊലീസ് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് സി.പി.ഐ.എം ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍ ‘ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഇന്ത്യയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ പുലര്‍ത്തൂ. നമ്മുടെ രാജ്യത്ത് ആവശ്യത്തിലധികം പ്രശ്‌നങ്ങളുണ്ട്. ഇത് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്,’ ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.
ഇന്ത്യയിലെ മാലിന്യ നിക്ഷേപം, മലിനീകരണം, ഡ്രെയിനേജ്, പ്രളയം, വെള്ളക്കെട്ട് തുടങ്ങിയ വിഷയങ്ങള്‍ സി.പി.ഐ.എം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് സി.പി.ഐ.എമ്മിന്റെ ഹരജി പരിഗണിച്ചത്.
രാജ്യത്തിന്റെ വിദേശനയം സി.പി.ഐ.എം സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
റാലിക്ക് അനുമതി തേടി സി.പി.ഐ.എം അപേക്ഷ നൽകാത്തതുകൊണ്ട് തന്നെ പാർട്ടിയുടെ ഹരജി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.
അതേസമയം വിദേശനയത്തിന് എതിരാണെങ്കില്‍ കൂടി, ക്രമസമാധാനത്തിന് കോട്ടമുണ്ടാകുമെന്ന മുന്‍ധാരണയോടെ പ്രകടനം നടത്താനുള്ള അവകാശത്തെ തടസപ്പെടുത്തരുതെന്ന് സി.പി.ഐ.എമ്മിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായി വാദിച്ചു.
എന്നാല്‍ റാലിക്ക് അനുമതി നല്‍കിയാല്‍ കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഐക്യദാര്‍ഢ്യ റാലിക്കെതിരായ ബോംബെ ഹൈക്കോടതിയുടെ വിധിയില്‍ സി.പി.ഐ.എം പ്രതികരിച്ചു. ഗസയിലെ ഇസ്രഈല്‍ വംശഹത്യക്കെതിരായ പ്രതിഷേധ റാലിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്ത് പാര്‍ട്ടി സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി ബെഞ്ചിന്റെ നിരീക്ഷണങ്ങളെ ശക്തമായി അപലപിക്കുന്നതായി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ ദേശസ്നേഹത്തെ പോലും കോടതി ചോദ്യം ചെയ്യുകയുണ്ടായെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി. വിരോധാഭാസമെന്ന് പറയട്ടെ, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനയുടെ വ്യവസ്ഥകളെക്കുറിച്ചോ, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചോ, ഫലസ്തീനികളോടുള്ള നമ്മുടെ ജനങ്ങളുടെ ഐക്യദാര്‍ഢ്യത്തെക്കുറിച്ചോ, അവരുടെ മാതൃരാജ്യത്തിനായുള്ള നിയമപരമായ അവകാശത്തെക്കുറിച്ചോ ബെഞ്ചിന് അറിയില്ലെന്ന് തോന്നുന്നുവെന്നും സി.പി.ഐ.എം പി.ബി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരുമായി പൊരുത്തപ്പെടുന്ന വ്യക്തമായ രാഷ്ട്രീയ പക്ഷപാതമാണ് കോടതിയുടെ നിരീക്ഷണങ്ങളില്‍ കാണിക്കുന്നതെന്നും സി.പി.ഐ.എം അഭിപ്രായപ്പെട്ടു.
2023 ഒക്ടോബര്‍ ഏഴിനാണ് ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നത്. ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ നടത്തിയ പ്രത്യാക്രമണത്തെ തുടര്‍ന്ന് നെതന്യാഹു സര്‍ക്കാര്‍ ഗസക്കെതിരെ യുദ്ധമാരംഭിക്കുകയായിരുന്നു. ഇക്കാലയളവ് മുതല്‍ ഇസ്രഈലിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഇടത് സംഘടനകളും സി.പി.ഐ.എമ്മും രാജ്യത്തുടനീളമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
നിലവിലെ കണക്കുകള്‍ പ്രകാരം 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 59,587 പലസ്തീനികളെ കൊല്ലുകയും 143,498 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: No permission for rally against Gaza genocide in Maharashtra; CPI(M)’s plea rejected