| Monday, 2nd November 2026, 6:17 pm

ഗ്യാനേഷിനെതിരായ പ്രതിഷേധം: ഇമ്രാന്‍ ഖാന്‍ മാപ്പ് പറയണമെന്ന് ബോംബെ ഹൈക്കോടതി; ഭാവിയില്‍ ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശം

റെന്വര്‍ പി

മുംബൈ: വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികളുമായി ബന്ധപ്പെട്ട് രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് നടന്‍ ഇമ്രാന്‍ ഖാന്‍ നിരുപാധികം മാപ്പ് പറയണമെന്ന് ബോംബെ ഹൈക്കോടതി. ‘ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ’ (ഒ.സി.ഐ) കാര്‍ഡ് ഉടമയായ നടന്‍ ഇമ്രാന്‍ ഖാന് ‘രാജ്യത്തെ വിമര്‍ശിക്കാന്‍ അവകാശമില്ല’ എന്നും ബോംബെ ഹൈക്കോടതി വിമര്‍ശിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് അദ്ദേഹം നിരുപാധികം മാപ്പ് പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പുനല്‍കണമെന്നും ബോംബെ ഹൈക്കോടതി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു.

എസ്.ഐ.ആര്‍ നടപടികള്‍ ഇമ്രാന്‍ ഖാനെ ഒട്ടും ബാധിക്കുന്നില്ലെന്നും, അദ്ദേഹത്തെ ഇന്ത്യന്‍ പൗരന്മാരുമായി തുല്യമായി കാണാന്‍ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെ വ്യക്തമാക്കി. പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് നിരുപാധികം മാപ്പ് പറയുകയോ, സത്യവാങ്മൂലം വഴി ഖേദം പ്രകടിപ്പിക്കുകയോ, അല്ലെങ്കില്‍ ഭാവിയില്‍ ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പുനല്‍കുകയോ വേണമെന്നും കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു

കോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന്, ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച ‘ലീവ് ഇന്ത്യ നോട്ടീസ്’ (ഇന്ത്യ വിട്ടുപോകാനുള്ള നോട്ടീസ്) ഡിസംബര്‍ ഏഴ് വരെ കോടതി മരവിപ്പിച്ചു.

ഒക്ടോബര്‍ 28-നകം ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ‘ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ്’ (എഫ്.ആര്‍.ആര്‍.ഒ) പുറപ്പെടുവിച്ച നോട്ടീസിനെതിരെ ഇമ്രാന്‍ ഖാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വാദം കേട്ടത്. നേരത്തെ നവംബര്‍ രണ്ട് വരെ ഈ നോട്ടീസിന്റെ കാലാവധി മരവിപ്പിച്ചിരുന്നു.

നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യയില്‍ താമസിക്കുന്ന, കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരാള്‍ക്ക് ‘ലീവ് ഇന്ത്യ നോട്ടീസ്’ നല്‍കുന്നതിന് മുന്‍പ്, അദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കാന്‍ ‘കുറഞ്ഞപക്ഷം ഒരു അവസരമെങ്കിലും’ നല്‍കണ്ടേയെന്ന് കോടതി എഫ്.ആര്‍.ആര്‍.ഒയോട് ചോദിച്ചു.

‘ഇത്രയും വര്‍ഷങ്ങളായി അദ്ദേഹം രാജ്യത്തെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നിരിക്കെ, ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുമോ?’ എന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ ചോദിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ നിലവിലെ അവസ്ഥ എന്താണെന്നും ഇമ്രാന് അതില്‍ പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും തെളിവുകളുണ്ടോ എന്നും കോടതി ആരാഞ്ഞു.

ഖാന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ലെങ്കിലോ, അല്ലെങ്കില്‍ അദ്ദേഹത്തിന് അതില്‍ പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ഇല്ലായിരുന്നെങ്കിലോ അധികൃതര്‍ എന്ത് നടപടിയായിരുന്നു സ്വീകരിച്ചിരുന്നുണ്ടാവുകയെന്നും ബെഞ്ച് ചോദിച്ചു. എഫ്.ആര്‍.ആര്‍.ഒ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ്, ഖാന് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇമ്രാന്‍ ഖാന് ഒക്ടോബര്‍ 14-നാണ് നോട്ടീസ് ലഭിച്ചത്. ഒക്ടോബര്‍ 10-ന് മുംബൈയില്‍ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇമ്രാനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു എഫ്.ആര്‍.ആര്‍.ഒ ‘ലീവ് ഇന്ത്യ നോട്ടീസ്’ നല്‍കിയത്. ഇമ്രാന്‍ ഖാന്‍ ഒ.സി.ഐ ചട്ടങ്ങളും വിസ വ്യവസ്ഥകളും ലംഘിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് കിരിത് സോമയ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Content Highlight: Bombay High Court Asks Imran Khan To Apologise For Participating In SIR Protest

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more