ന്യൂയോര്‍ക്ക്: മുന്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങിനിടെ ഇറാനില്‍ ബോംബാക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ പ്രവര്‍ത്തകയും ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ലോറ ലൂമര്‍.
ജൂലൈ ഒമ്പതിന് നടക്കാനിരിക്കുന്ന ഖാംനഈയുടെ സംസ്‌കാര ചടങ്ങ് ഇസ്രഈലിന് തിരിച്ചടിക്കാനുള്ള മികച്ച അവസരമാണെന്നാണ് ലൂമര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.
ഖാംനഈയുടെ മൃതദേഹം സംസ്‌കാരത്തിനായി ഒരുക്കുകയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട്, ‘ഖാംനഈയുടെ സംസ്‌കാരമോ? അത് ആക്രമിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് എന്ന് ലൂമര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇസ്രഈല്‍ പ്രതിരോധ സേനയെ ടാഗ് ചെയ്തുകൊണ്ട്, ‘ഐ.ഡി.എഫിന് ഏറ്റവും രസകരമായ ഒരു കാര്യം ചെയ്യാന്‍ ഇപ്പോള്‍ അവസരമുണ്ട്’ എന്നും അവര്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.
തന്റെ നിലപാടിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയായി, അമേരിക്കയോ ഇസ്രഈല്‍ സൈന്യമോ ഒരു കൂട്ടം ‘ജിഹാദികളെ’ ബോംബിടുന്നത് കാണാനുള്ള അവസരം താന്‍ ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ പോസ്റ്റുകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഇസ്രഈല്‍ സര്‍ക്കാരോ യു.എസ് അധികൃതരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2026 ഫെബ്രുവരി 28ന് ടെഹ്‌റാനില്‍ നടന്ന യു.എസ് വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് മകന്‍ മൊജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റു.
മേഖലയിലെ കടുത്ത സംഘര്‍ഷങ്ങളും മുഹറം മാസത്തിലെ മതപരമായ ആചാരങ്ങളും കാരണം 100 ദിവസത്തിലേറെ വൈകിയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.
ജൂലൈ 6, 7, 9 തീയതികളിലായി ടെഹ്‌റാന്‍, കോം, മാശാദ് എന്നിവിടങ്ങളിലാണ് ചടങ്ങുകള്‍ നടക്കുക.
ജൂലൈ ഒമ്പതിന് മാശാദിലുള്ള ഇമാം റസയുടെ ആരാധനാലയത്തിലാണ് ഖാംനഈയുടെ മൃതദേഹം സംസ്‌കരിക്കുക. ഏകദേശം രണ്ട് കോടിയിലധികം ആളുകള്‍ ഈ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് ഇറാന്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്
ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനെയും നയതന്ത്ര ഉടമ്പടികളെയും ലൂമര്‍ നിരന്തരം എതിര്‍ക്കാറുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സമാധാന ചര്‍ച്ചകളെ പിന്തുണയ്ക്കുന്ന നേതാക്കളെയും അവര്‍ രൂക്ഷമായി വിമര്‍ശിക്കാറുണ്ട്.
നിലവില്‍ യു.എസും ഇറാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനായി 14 ഇന ധാരണാപത്രം ഒപ്പിടുകയും ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം അടുത്ത ഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ലൂമറുടെ ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ വരുന്നത്.
മുമ്പും ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിയാണ് ലോറ ലൂമര്‍.
Content Highlight: “Bomb Khamenei’s funeral”: Trump supporter calls on Israel.