| Wednesday, 21st October 2026, 9:57 pm

ബ്രസീല്‍ തെരഞ്ഞെടുപ്പ്: ലുലയും ബോള്‍സോനാരോയും തമ്മില്‍ വോട്ടര്‍മാരുടെ പിന്തുണയിലുള്ള വ്യത്യാസം ഒരു ശതമാനമായി കുറഞ്ഞു

റെന്വര്‍ പി

സാവോപോളോ: ബ്രസീലിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയും എതിരാളി ഫ്‌ലാവിയോ ബോള്‍സോനാരോയും തമ്മില്‍ വോട്ടര്‍മാരുടെ പിന്തുണയിലുള്ള വ്യത്യാസം ഒരു ശതമാനത്തിലേക്ക് കുറഞ്ഞതായി സര്‍വേ ഫലം. തെരഞ്ഞെടുപ്പ് ഡാറ്റാ വിശകലന സ്ഥാപനമായ ക്വാറെസ്റ്റിന്റെ സര്‍വേ ഫലമാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

രണ്ട് പോയിന്റിന്റെ വ്യത്യാസത്തില്‍ ബോള്‍സോനാരോയ്ക്ക് മേല്‍ക്കൈയുണ്ടെന്നായിരുന്നു കഴിഞ്ഞ ആഴ്ചയിലെ സര്‍വേ ഫലം. എന്നാല്‍ ഈ ആഴ്ച ഈ വ്യത്യാസം ഒരു പോയിന്റായി കുറഞ്ഞെന്ന് ക്വാറെസ്റ്റിന്റെ പുതിയ സര്‍വേ ഫലം വ്യക്തമാക്കുന്നു.

ഇന്ന് (ഒക്ടോബര്‍ 21, ബുധന്‍) തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി ബോള്‍സോനാരോയ്ക്ക് 45 ശതമാനം ലുലയ്ക്ക് 44 ശതമാനം വോട്ടും ലഭിക്കുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ഈ സര്‍വേയില്‍ 2 ശതമാനം വരെ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെന്നും ക്വാറസ്റ്റ് വ്യക്തമാക്കി..

ഫ്‌ലാവിയോ ബോള്‍സോനാരോയ്ക്ക് കഴിഞ്ഞ ആഴ്ച നടന്ന സര്‍വേയില്‍ 46 ശതമാനം പിന്തുണയുണ്ടായിരുന്നു; ഇപ്പോള്‍ അത് 1 ശതമാനം കുറഞ്ഞു. അതേസമയം, വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്ന ലുലയ്ക്ക് 44 ശതമാനം പിന്തുണയുണ്ട്. ഇത് മുന്‍ സര്‍വേയിലും 44 ശതമാനം തന്നെയായിരുന്നു.

ഒക്ടോബര്‍ 25-ന് നടക്കാനിരിക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെയാണ് പുതിയ സര്‍വെ ഫലം പുറത്തുവരുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് ഈ മാസം അഞ്ചിന് പൂര്‍ത്തിയായിരുന്നു. ഫ്‌ലാവിയോ ബോള്‍സോനാരോയ്ക്കായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പില്‍ കൂടുതല്‍ പിന്തുണ ലഭിച്ചത്.

വലതു പക്ഷ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയുടെ നേതാവ് ഫ്ലാവിയോ ബോള്‍സോനാരോക്ക് 47 ശതമാനവും വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്ക്ക് 45 ശതമാനവും വോട്ടാണ് ആദ്യ ഘട്ട വോട്ടെടുപ്പില്‍ ലഭിച്ചത്. ആര്‍ക്കും 50 ശതമാനത്തിന് മുകളില്‍ ആദ്യ ഘട്ടത്തില്‍ വോട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയായിരുന്നു.

ആകെ 12 സ്ഥാനാര്‍ത്ഥികളായിരുന്നു ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ ഏറ്റവും മുന്നിലെത്തിയ രണ്ട് സ്ഥാനാര്‍ത്ഥികളായ ലുലയും ഫ്ലാവിയോ ബോള്‍സോനാരോയും രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് കടക്കുകയായിരുന്നു.

2022-ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം അട്ടിമറിക്ക് ഗൂഢാലോചന നടത്തിയതിന് 27 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍ വലതുപക്ഷ പ്രസിഡന്റ് ജയര്‍ ബോള്‍സോനാരോയുടെ മകനാണ് ഫ്ലാവിയോ ബോള്‍സോനാരോ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് ഫ്ലാവിയോ.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്വകാര്യ സര്‍വേകള്‍ ലുല ആദ്യ ഘട്ട വോട്ടെടുപ്പില്‍ ഏകദേശം മൂന്ന് ശതമാനം പോയിന്റിന് മുന്നിലെത്തുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് ഫലം.

ബ്രസീലില്‍ പ്രസിഡന്റിനെ നേരിട്ടുള്ള വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ 50 ശതമാനം വോട്ട് ഒരു സ്ഥാനാര്‍ത്ഥിക്കും ലഭിച്ചില്ലെങ്കില്‍, ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ മൂന്നാഴ്ചയ്ക്ക് ശേഷം രണ്ടാം ഘട്ട വോട്ടെടുപ്പ് നേരിടുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് സംവിധാനം.

Content Highlight: Bolsonaro’s Lead Over Lula Narrows to 1 Point Ahead of Brazil’s Runoff

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more