ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസ്‌ക് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണിത്. മോളിവുഡിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ക്കാന്‍ കെല്പുള്ള പ്രൊജക്ടായാണ് ദൃശ്യം 3യെ കണക്കാക്കുന്നത്. ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ ആരംഭിച്ചിരുന്നു.
എന്നാല്‍ ദൃശ്യം 3 മലയാളം വേര്‍ഷന് മുമ്പ് ഹിന്ദി വേര്‍ഷന്‍ പുറത്തിറങ്ങുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒറിജിനല്‍ വേര്‍ഷന്റെ റിലീസിന് ശേഷം മാത്രമേ ഹിന്ദിയുടെ ഷൂട്ട് തുടങ്ങാന്‍ പാടുള്ളൂവെന്ന് ആശീര്‍വാദ് സിനിമാസ് ബോളിവുഡ് നിര്‍മാതക്കളോട് നിബന്ധന വെച്ചിട്ടുണ്ടെന്ന് ജീത്തു ജോസഫ് അറിയിച്ചു.
ഒക്ടോബര്‍ രണ്ടിന് ദൃശ്യം 3 ഹിന്ദി വേര്‍ഷന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ ഷൂട്ട് ചെയ്യുമെന്നും വിജയദശമി ദിനത്തില്‍ പുറത്തിറക്കുമെന്നും ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആശീര്‍വാദ് സിനിമാസ് ഇടപെട്ട് ഈ നീക്കത്തിനും തടയിട്ടു. ഇതിന് പിന്നാലെ ബോളിവുഡിലെ ചില സിനിമാപേജുകള്‍ മലയാളം വേര്‍ഷനെതിരെ തിരിഞ്ഞിരിക്കുകയാണ്.
ദൃശ്യത്തിന്റെ ഹിന്ദി വേര്‍ഷനാണ് ഏറ്റവും മികച്ചതെന്നും മലയാളത്തിനെക്കാള്‍ ജനപ്രിയമാണെന്നും ചില സിനിമാപേജുകള്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഹിന്ദി വേര്‍ഷന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പോലും പുറത്തിറക്കാന്‍ സമ്മതിക്കാത്തത് അന്യായമാണെന്നും ബോളിവുഡിനെ പേടിയാണോ എന്നും അഭിപ്രായപ്പെട്ടുകൊണ്ട് ചില സിനിമാപേജുകള്‍ പോസ്റ്റുകള്‍ പങ്കുവെച്ചു.
എന്നാല്‍ പോസ്റ്റുകള്‍ക്ക് താഴെ മലയാളി പ്രൊഫൈലുകള്‍ മികച്ച മറുപടികളും നല്‍കുന്നുണ്ട്. ഒറിജിനല്‍ പുറത്തിറങ്ങിയിട്ടുമതി കോപ്പിയടിക്കുന്നതെന്നാണ് പല കമന്റുകളും. ‘മലയാളം സിനിമ ഒരിക്കലും ബോളിവുഡിനെ പേടിച്ചിട്ടില്ല. സൗത്ത് ഇന്ത്യന്‍ സിനിമകളെ ആശ്രയിച്ച് കഴിയുന്ന ചെറിയൊരു ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്’ എന്നാണ് ഒരാള്‍ പങ്കുവെച്ച കമന്റ്.
‘സിങ്കവും ദൃശ്യവും ഇല്ലായിരുന്നെങ്കില്‍ അജയ് ദേവ്ഗണ്‍ പണ്ടേക്കു പണ്ടേ ഫീല്‍ഡ് ഔട്ട് ആയേനേ. ഈ രണ്ട് സിനിമകളും ഉള്ളതുകൊണ്ട് പിടിച്ചുനില്‍ക്കുന്നു’ എന്നാണ് മറ്റൊരു കമന്റ്. ‘എത്ര തന്നെ റീമേക്ക് വന്നാലും ഒ.ജി മോഹന്‍ലാല്‍ തന്നെയാണെന്ന് ഇപ്പോള്‍ മനസിലായില്ല’ എന്നും കമന്റുണ്ട്. ദൃശ്യം 3 മലയാളം വേര്‍ഷന്‍ ആദ്യം പുറത്തിറങ്ങിയാല്‍ തങ്ങളുടെ കളക്ഷനെ ബാധിക്കുമെന്നതിനാലാണ് ഹിന്ദി വേര്‍ഷന്‍ ആദ്യം പുറത്തിറക്കുന്നതെന്നാണ് ഹിന്ദിയിലെ നിര്‍മാതാക്കളുടെ വാദം.
Content Highlight: Bollywood cinema page’s post about Drishyam 3 viral in social media