| Friday, 22nd August 2025, 10:02 am

ലാറ്റിന്‍ അമേരിക്കയെ നിയന്ത്രിക്കാന്‍ യു.എസ് മയക്കുമരുന്ന് യുദ്ധത്തെ മറയാക്കുന്നു: ബൊളീവിയന്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുക്രെ: ലാറ്റിന്‍ അമേരിക്കയുടെ മേല്‍ രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യം സ്ഥാപിക്കാനുള്ള മറയായി യു.എസ് മയക്കുമരുന്ന് യുദ്ധത്തെ ഉപയോഗിക്കുന്നുവെന്ന് ബൊളീവിയന്‍ പ്രസിഡന്റ് ലൂയിസ് ആര്‍സ്. മയക്കുമരുന്ന് കടത്തിന്റെ മൂലകാരണങ്ങളാണ് പരിഹരിക്കേണ്ടതെന്ന് അദ്ദേഹം ട്രംപ് ഭരണകൂടത്തിനോട് ആവശ്യപ്പെട്ടു.

തെക്കന്‍ കരീബിയന്‍ കടലില്‍ യു.എസ് നടത്തിയ സൈനിക വിന്യാസത്തെയും ലൂയിസ് ആര്‍സ് വിമര്‍ശിച്ചു. മയക്കുമരുന്ന് കടത്തിന് എതിരെ പോരാടുന്നതിന് പകരം ആ മേഖലയെ ആകെ നിയന്ത്രിക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്ന് ബൊളീവിയന്‍ പ്രസിഡന്റ്ആരോപിച്ചു

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു യു.എസ് തെക്കന്‍ കരീബിയന്‍ കടലിലേക്ക് വ്യോമ, നാവിക സേനകളെ അയച്ചത്. വെനസ്വേലയുമായി ബന്ധമുള്ള മയക്കുമരുന്ന് കടത്ത് ഗ്രൂപ്പുകളെ നിയന്ത്രിക്കാനാണ് ഇതെന്നായിരുന്നു യു.എസിന്റെ വാദം.

അതേസമയം ഈ മാസമാദ്യം വെനസ്വേലന്‍ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ നിക്കോളസ് മഡുറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പങ്കുവെക്കുന്നവര്‍ക്കുള്ള പാരിതോഷികം അമേരിക്ക ഇരട്ടിയായി പ്രഖ്യാപിച്ചിരുന്നു.

സിനലോവ, കാര്‍ട്ടല്‍ ഓഫ് ദി സണ്‍സ്, ടി.ഡി.എ എന്നീ വിദേശ ഭീകര സംഘടനകളെ ഉപയോഗിച്ച് അമേരിക്കയിലേക്ക് മാരകമായ മയക്കുമരുന്ന് കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മഡുറോയെ അറസ്റ്റ് ചെയ്യാന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നത്.

മഡുറോയ്ക്ക് എതിരെ യു.എസ് നടത്തിയ ഈ പുതിയ നടപടി പ്രാദേശിക പരമാധികാരത്തിന് എതിരായ അപമാനമാണെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാവിന് എതിരെ നേരിട്ടുള്ള ആക്രമണമാണെന്നും ബൊളീവിയന്‍ പ്രസിഡന്റ് ലൂയിസ് ആര്‍സ് പറഞ്ഞു.

യു.എസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയായിരുന്നു വെനസ്വേലന്‍ പ്രസിഡന്റായ മഡുറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പങ്കുവെക്കുന്നവര്‍ക്കുള്ള പാരിതോഷികം ഇരട്ടിയാക്കിയ വിവരം അറിയിച്ചത്. മുമ്പ് 25 മില്യണ്‍ ഡോളറായിരുന്നു പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.

നിക്കോളസ് മഡുറോ ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരില്‍ ഒരാളാണെന്ന് ആരോപിച്ചായിരുന്നു പാരിതോഷികം ഇരട്ടിയാക്കിയിരിക്കുന്നത്. മഡുറോയ്ക്ക് മയക്കുമരുന്ന് കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും ട്രംപ് ഭരണകൂടം ആരോപിച്ചിരുന്നു.

Content Highlight: Bolivian President Luis Arce Says US is using drug war as cover to control Latin America

Latest Stories

We use cookies to give you the best possible experience. Learn more