| Sunday, 21st June 2026, 12:42 pm

ജനകീയ പ്രതിഷേധം തുടരുന്നതിനിടെ ബൊളീവിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

റെന്വര്‍ പി

ലാപാസ്: ബൊളീവിയയില്‍ ജനകീയ പ്രതിഷേധം തുടരുന്നതിനിടെ പ്രസിഡന്റ് റോഡ്രിഗോ പാസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോഡ്രിഗോ പാസിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് രാജ്യത്ത് പ്രക്ഷോഭം തുടരുന്നത്.

ശനിയാഴ്ചയാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ബൊളീവിയന്‍ ഭരണഘടന പ്രകാരം അടിയന്തരാവസ്ഥക്ക് 72 മണിക്കൂറിനുള്ളില്‍ പാര്‍ലമെന്റ് അനുമതി നല്‍കേണ്ടതുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പിറകെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസിനെയും സൈന്യത്തെയും കാണാന്‍ സാധിച്ചതായി മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു.

പ്രതിഷേധക്കാര്‍ റോഡുകളില്‍ സ്ഥാപിച്ച തടസ്സങ്ങളെല്ലാം നീക്കം ചെയ്യാന്‍ പ്രസിഡന്റ് ഉത്തരവിട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ രാജ്യത്തെ റോഡുകളിലെ തടസ്സങ്ങള്‍ നീങ്ങിയെന്നും സാധാരണ നിലയിലേക്ക് രാജ്യം മടങ്ങിയെന്നും റോഡ്രിഗോ പാസ് അവകാശപ്പെട്ടു.

ഈ വര്‍ഷം ഏപ്രിലിലാണ് ബൊളീവിയയില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. രാജ്യത്തെ ഖനിത്തൊഴിലാളികള്‍, കര്‍ഷകര്‍, തദ്ദേശീയ സമുദായങ്ങളിലുള്ളവര്‍ തുടങ്ങിയവര്‍ രാജ്യവ്യാപക പ്രക്ഷോഭങ്ങളില്‍ പങ്കാളികളായി.

റോഡ്രിഗോ പാസ് കൊണ്ടുവന്ന ഒരു ഭൂ നിയമ പരിഷ്‌കരണത്തെത്തുടര്‍ന്നായിരുന്നു പ്രക്ഷോഭത്തിന്റെ തുടക്കം. ഈ നിയമ പരിഷ്‌കരണം വലിയ ഭൂ ഉടമകളെ സഹായിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ഈ നിയമ പരിഷ്‌കരണം പ്രസിഡന്റ് പിന്‍വലിച്ചിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ മറ്റ് നടപടികളിലും അതിനകം രാജ്യത്ത് പ്രതിഷേധമുയര്‍ന്നിരുന്നു.

രാജ്യത്തെ ഇന്ധന സബ്‌സിഡി പുനരാരംഭിക്കണമെന്നും ചെലവ് ചുരുക്കല്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നുമടക്കമുള്ള ആവശ്യങ്ങള്‍ പ്രക്ഷോഭകര്‍ ഉന്നയിക്കുന്നുണ്ട്. റോഡ്രിഗോ പാസ് ഉടന്‍ തന്നെ സ്ഥാനമൊഴിയണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

രാജ്യത്തെ ഭരണ ഘടന ഭേദഗതി ചെയ്യാനും പ്രസിഡന്റ് റോഡ്രിഗോ പാസ് ശ്രമിച്ചിരുന്നു. ഇതില്‍ നിന്ന് പാസ് പിന്നോട്ട് പോകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സേനാ വിഭാഗങ്ങളുടെ ആക്രമണങ്ങളില്‍ ഏതാനും പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള സംഘടിത ശ്രമമെന്നാണ് പ്രക്ഷോഭങ്ങളെക്കുറിച്ച് പ്രസിഡന്റ് ആരോപിക്കുന്നത്. ബൊളീവിയന്‍ മുന്‍ പ്രസിഡന്റും ഇടത് പക്ഷ നേതാവുമായി ഇവോ മൊറേലസാണ് പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് റോഡ്രിഗോ പാസ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം മൊറേലസ് നിഷേധിച്ചു.

പ്രക്ഷോഭകര്‍ രാജ്യവ്യാപകമായി റോഡുകള്‍ തടഞ്ഞിരുന്നു. ഇത് രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കാന്‍ കാരണമായിട്ടുണ്ട്. ജോലി ചെയ്യുന്നതില്‍ നിന്നും പഠനത്തില്‍ നിന്നും തടയുന്ന പ്രതിഷേധക്കാരുടെ നടപടി തുടരാന്‍ ബൊളീവിയക്കാര്‍ സമ്മതിക്കില്ലെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

2025 ഒക്ടോബറിലാണ് സെന്റര്‍ – റൈറ്റ് നേതാവായ റോഡ്രിഗോ പാസ് അധികാരമേറ്റത്. രാജ്യത്ത് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ പാസ് പരിഷ്‌കരണ നടപടികളും ആരംഭിച്ചു. ഈ നടപടികള്‍ രാജ്യത്തെ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതാണെന്നും സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

Content Highlight: Bolivian president declares state of emergency

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more