ലാപാസ്: ബൊളീവിയയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഇന്റല്‍, പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ ചാനലുകളായ ടെലിസുര്‍, റഷ്യ ടുഡേ എന്നീ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവെച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കേബിള്‍, സാറ്റലൈറ്റ് ശൃംഖലകളില്‍ നിന്ന് ഈ ചാനലുകളെ നീക്കം ചെയ്തത്.
സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ മുന്‍ പ്രസിഡന്റ് ഇവോ മൊറാലിസ് ശക്തമായി രംഗത്തെത്തി. ചാനലുകള്‍ നിരോധിച്ചത് ഭരണഘടനാ വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാടെടുത്തത്. ഇത് ബൊളീവിയന്‍ ജനതയുടെ വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നു, മൊറാലിസ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
ബൊളീവിയയില്‍ രാഷ്ട്രീയത്തില്‍ ഉടലെടുത്ത മാറ്റങ്ങളാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റോഡ്രിഗോ പാസ് ഭരണകൂടം അധികാരമേറ്റതോടെയാണ് ഇടതുപക്ഷ ചായ്വുള്ള മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ആരംഭിച്ചത്.
2019 ലെ ഭരണകൂട അട്ടിമറികാലത്തും സമാനമായ രീതിയില്‍ ഈ ചാനലുകള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് പ്രമുഖ ഇടതുപക്ഷ നേതാവായ ലൂയിസ് ആര്‍സിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് നിരോധനത്തില്‍ മാറ്റം വന്നത്.
സാങ്കേതികവും ഭരണപരവുമായ കാരണങ്ങളാലാണ് ചാനലുകള്‍ ഒഴിവാക്കാന്‍ കാരണമായതെന്ന് ഇന്റല്‍ അധികൃതര്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. ടെലിസൂര്‍, റഷ്യ ടുഡേ എന്നെ ചാനലുകള്‍ക്ക് മാത്രം ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കില്‍ ദൂരൂഹതയുടെന്ന് മാധ്യമ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
ഭരണകൂടത്തിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തീരുമാനം.
content highlight: Bolivia’s Press Associations Criticize State Censorship of Telesur and RT