| Friday, 3rd July 2015, 8:13 am

നൈജീരിയയില്‍ മുസ്‌ലിം പള്ളിക്ക് നേരെ ബോകോ ഹറാം ആക്രമണം; 80ലധികം പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്


അബൂജ: നൈജീരിയന്‍ നഗരമായ കുകാവയില്‍ മുസ്‌ലിം പള്ളിക്ക് നേരെ ബോകോ ഹറാം നടത്തിയ ആക്രമണത്തില്‍ 80 ലധികം പേര്‍ കൊല്ലപ്പെട്ടു. റംസാന്‍ മാസമായതിനാല്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് പള്ളിയിലേക്ക് വെടി വെയ്പ് നടത്തിയത്.

ഏഴ് കാറുകളിലും ഒമ്പത് ബൈക്കുകളിലുമായെത്തിയ തീവ്രവാദികള്‍ പള്ളിക്ക് നേരെ വെടി വെയ്ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിലധികം പുരുഷന്‍മാരാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.

ബുധനാഴ്ചയാണ് ആക്രമണം നടന്നതെങ്കിലും വൈകിയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. അതേ സമയം സംഭവ സ്ഥലത്ത് നിന്നും 11 കിലോമീറ്റര്‍ അകലെയായി നൈജീരിയന്‍ സൈന്യം ഉണ്ടായിരുന്നെങ്കിലും രക്ഷക്കെത്തിയില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കുകാവയിലെ ആക്രമണം നടക്കുന്നതിന്റെ തൊട്ട് മുമ്പ് പ്രദേശത്ത് നിന്നും 35 കിലോ മീറ്റര്‍ അകലെ ബോക്കോ ഹറാം നടത്തിയ ആക്രമണത്തില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം 48 പേര്‍ കൊല്ലപ്പെട്ടിരുന്നു.

റംസാന്‍ മാസത്തില്‍ ആക്രമണങ്ങള്‍ ശക്തമാക്കണമെന്ന ഇസിസ് നിര്‍ദേശത്തെ തുടര്‍ന്നാണ് നൈജീരിയയില്‍ ബോകോ ഹറാം ആക്രമണങ്ങള്‍ ശക്തമാക്കിയത്. ഭീകര സംഘടനയായ ഇസിസുമായി ഈയടുത്ത് ബോകോ ഹറാം സഖ്യം സ്ഥാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more