ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പോസ്റ്റിട്ടതോടെ വിസ്മയ മോഹന്‍ലാല്‍ സംഘപരിവാറിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. സ്വന്തം പൗരന്മാരെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യരാജ്യത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു വിസ്മയയുടെ പ്രതികരണം. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
തന്റെ നിലപാട് അറിയിച്ചതിന് പിന്നാലെ വിസ്മയക്കെതിരെ നിരവധി സംഘപരിവാര് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ആദ്യസിനിമ റിലീസാകുന്നത് നാലാളെ അറിയിക്കാനുള്ള നീക്കമാണെന്നും പൃഥ്വിരാജിന്റെ ഗതി അറിയില്ലേയെന്നുമായിരുന്നു തുടക്കത്തിലുണ്ടായ പ്രതികരണം. പിന്നീട് വിസ്മയ തന്റെ അഭിമുഖത്തില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനെയും ഇക്കൂട്ടര്‍ പരിഹസിച്ചു. മലയാളത്തിലെ മഹാനടന്റെ മകള്‍ക്ക് മലയാളം അറിയില്ലെന്നായിരുന്നു ഇക്കൂട്ടരുടെ പരിഹാസം.
ഇപ്പോഴിതാ വിസ്മയക്കെതിരെ പുതിയ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. വേറൊന്നും കിട്ടാത്തതുകൊണ്ട് ബോഡിഷെയ്മിങ്ങാണ് ഇക്കൂട്ടരുടെ പുതിയ ആയുധം. വിസ്മയയുടെ രൂപത്തെയും പ്രൊമോഷന്‍ പരിപാടികളില്‍ താരം കാണിക്കുന്ന സ്റ്റേജ് ഫിയറിനെയും പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഇതിനോടകം ചര്‍ച്ചയായി.
എന്നാല്‍ ഇത്തരം ബോഡിഷെയ്മിങ് പോസ്റ്റുകള്‍ക്ക് മറുപടിയുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു സ്ത്രീ സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരില്‍ ഇങ്ങനെ ആക്രമിക്കുന്നത് ശരിയല്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയാത്തതുകൊണ്ട് ശരീരത്തെ കളിയാക്കിക്കൊണ്ട് ദേഷ്യം പ്രകടിപ്പിക്കുന്നവരാണ് സംഘപരിവാര്‍ അനുകൂലികളെന്നും ചില പോസ്റ്റുകളുണ്ട്.
ഇതുവരെ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്താതെ യാത്രകളും മറ്റുമായി നടന്ന വിസ്മയക്ക് ആദ്യമായി വലിയ ക്രൗഡിനെ കാണുമ്പോഴുള്ള പരിഭ്രമത്തെ പരിഹസിക്കേണ്ടതില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സിനിമ റിലീസാകുമ്പോള്‍ വിസ്മയ ഞെട്ടിക്കുമെന്ന് ഉറപ്പാണെന്നും ചില പോസ്റ്റുകളില്‍ അഭിപ്രായപ്പെടുന്നു.
2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛനൊപ്പം പുതിയ നാട്ടിലേക്ക് എത്തുന്ന മീനു എന്ന യുവതിക്ക് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് തുടക്കത്തിന്റെ കഥ. അതിഥിവേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നതും ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തുന്നു.
Content Highlight: Bodyshaming posts against Vismaya Mohanlal from sangh parivar supporting IDs getting criticisms