തിയേറ്ററിലെ വന്‍ വിജയത്തിന് പിന്നാലെ ഒ.ടി.ടിയിലെത്തിയിരിക്കുകയാണ് തമിഴ് ചിത്രം ജയിലര്‍ 2. രജിനിയെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷം കോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. ആമസോണ്‍ പ്രൈമിലൂടെ ഇന്നലെ അര്‍ധരാത്രി മുതല്‍ക്കാണ് ചിത്രം സ്ട്രീം ചെയ്തത്.
തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലെത്തിയ ചിത്രത്തിന് മികച്ച വരവേല്പാണ് ലഭിക്കുന്നത്. രജിനി എന്ന താരത്തെ നെല്‍സണ്‍ അവതരിപ്പിച്ച രീതിയും ഓരോ സീനും എക്‌സിക്യൂട്ട് ചെയ്ത വിധവും സിനിമാപേജുകളില്‍ ചര്‍ച്ചയായി. എന്നാല്‍ ചിത്രത്തിലെ രംഗങ്ങള്‍ അനുചിതമാണെന്ന വിമര്‍ശനങ്ങളും ഇതിനിടയില്‍ ശ്രദ്ധ നേടുന്നുണ്ട്.
രജിനി അവതരിപ്പിക്കുന്ന മുത്തുവേല്‍ പാണ്ഡ്യനെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ സൂപ്പര്‍വൈസറായാണ് ചിത്രത്തിന്റെ തുടക്കത്തില്‍ കാണിച്ചിട്ടുള്ളത്. ഈ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയായ സ്ത്രീയെ സംവിധായകന്‍ അവതരിപ്പിച്ച രീതി മോശമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. അത്യാവശ്യം തടിയുള്ള കഥാപാത്രമാണ് ചിത്രത്തിലെ ഷീല മാഡം. നാന്‍സി ദിവ്യ എന്ന നടിയാണ് ഈ കഥാപാത്രമായി വേഷമിട്ടത്.
ഈ കഥാപാത്രത്തെ കാണിക്കുന്ന സീനുകളില്ലെലാം അവരുടെ കൈയില്‍ എന്തെങ്കിലും സ്‌നാക്‌സ് ഉണ്ടാകുന്നതായി കാണിക്കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍ക്കാനായി കൊണ്ടുവരുന്ന ഫുഡില്‍ നിന്ന് ടേസ്റ്റിങ്ങിന്റെ പേരില്‍ ഒരുപാട് കഴിക്കുന്ന മുതലാളിയെ മുത്തുവേല്‍ പാണ്ഡ്യന്‍ ചെറുതായി പരിഹസിക്കുന്ന രംഗം പലര്‍ക്കും അംഗീകരിക്കാനായില്ലെന്നാണ് പലരുടെയും വിമര്‍ശനം.
കോമഡിയുണ്ടാക്കാന്‍ വേറൊന്നും കിട്ടാത്തതുകൊണ്ട് ആളുകളെ ബോഡി ഷെയിം ചെയ്ത് ചിരിപ്പിക്കാമെന്ന് ചിന്തിച്ചോ എന്നും ചോദ്യങ്ങളുണ്ട്. കോലമാവ് കോകില മുതല്‍ തന്റെ സിനിമകളില്‍ ബോഡി ഷെയ്മിങ് തമാശകള്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കുന്ന നെല്‍സണ് ഇത്തവണ എന്ത് പറ്റിയെന്നാണ് പലരും ചോദിക്കുന്നത്.
തടി കൂടുന്നത് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ടാകാമെന്നും തടിച്ച ആളുകള്‍ ഭക്ഷണം കഴിക്കുന്നതിനെ തമാശയാക്കുന്നത് ശരിയല്ലെന്നും പലരും വിമര്‍ശിക്കുന്നു. സിനിമയെ സിനിമയായി മാത്രം കാണാന്‍ കഴിയില്ലെന്നും രജിനിയപ്പോലെ വെറ്ററനായ ഒരു താരം ഇത്തരം സീനുകള്‍ ചെയ്യുന്നത് മോശം ഉദാഹരണമാകും നല്‍കുകയെന്നും കമന്റുകളുണ്ട്.
തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ഈ രംഗത്തിനെതിരെ ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്‌പോയിലറായേക്കുമെന്ന് കരുതി ആരും അന്ന് ഒന്നും വിട്ട് പറഞ്ഞിരുന്നില്ല. ഒ.ടി.ടി റിലീസിന് ശേഷം ഈ രംഗം കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്.
Content Highlight: Body Shaming joke scene in Jailer 2 getting criticisms