| Monday, 17th March 2025, 7:47 am

കോഴിക്കോട് കോവൂരില്‍ ഓടയില്‍ വീണ് കാണാതായാളുടെ മൃതദേഹം കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് കോവൂരിലെ ഓടയില്‍ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കളത്തിന്‍ പൊയില്‍ ശശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പത്ത് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

പാലാഴിയില്‍ റോഡിന് സമീപത്തെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ശക്തമായ മഴയ്ക്കിടെയാണ് ശശി ഓടയില്‍ വീണത്.

അപകടം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ തെരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നിലവില്‍ മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് തെരച്ചിലെത്തിയിരുന്നില്ല.

ഇന്നലെ രാതിയായിരുന്നു ശശി ഓടയില്‍ വീണത്. ഓടയുടെ സമീപം നില്‍ക്കുകയായിരുന്ന ശശി കാല്‍വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയും നാട്ടുകാരുള്‍പ്പടെയുള്ള സംഘം തിരച്ചില്‍ നടത്തുകയുമായിരുന്നു.

കനത്ത മഴയില്‍ ഓട കവിഞ്ഞൊഴുകുകയായിരുന്നു. കോവൂര്‍ ഭാഗത്ത് ഒരു മണിക്കൂര്‍ നേരം അതിശക്തമായി മഴ പെയ്തിരുന്നു. ഓടയില്‍ വലിയ കുത്തൊഴുക്കുണ്ടായി എന്ന് നാട്ടുകാര്‍ പറയുന്നു. ഓടക്ക് സ്ലാബ് ഇല്ലാത്തതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Content Highlight: Body of missing man found after falling into drain in Kovur, Kozhikode

Latest Stories

We use cookies to give you the best possible experience. Learn more