| Wednesday, 25th February 2026, 5:32 pm

ബോഡോയ്ക്ക് മുമ്പില്‍ കീഴടങ്ങിയവര്‍ ഇന്റര്‍ മാത്രമല്ല, ഈ കരുത്തരുമുണ്ട്; ഈ കുഞ്ഞന്മാര്‍ നിസാരക്കാരല്ല!

ഫസീഹ പി.സി.

ബോഡോ ഗ്ലിംറ്റ് എന്ന നോര്‍വീജിയന്‍ കുഞ്ഞന്‍ ക്ലബ്ബാണ് ഇപ്പോള്‍ ഫുട്‌ബോള്‍ രംഗത്തെ ചര്‍ച്ചാവിഷയം. അതിന് കാരണം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റൗണ്ട് ഓഫ് സിക്സ്റ്റിന് യോഗ്യത നേടിയതാണ്. ഇതാകട്ടെ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാനെ തകര്‍ത്തെറിഞ്ഞാണ് എന്നതാണ് ശ്രദ്ധേയം.

മത്സരത്തിന്റെ രണ്ട് പാദങ്ങളിലുമായി 2 – 5 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ജയിച്ചാണ് ഗ്ലിംറ്റിന്റെ റൗണ്ട് ഓഫ് സിക്സ്റ്റിന്‍ പ്രവേശം. തങ്ങളുടെ ഹോം ഗ്രൗണ്ടായ ആസ്പ്മൈറ സ്റ്റേഡിയനില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ 3-1ന്റെ വിജയം ബോഡോ കരസ്ഥമാക്കിയിരുന്നു.

ബോഡോ ഗിംറ്റ്‌. Photo: UEFA.com

രണ്ടാം പാദത്തിലിപ്പോള്‍ ഇന്ററിന്റെ തട്ടകമായ സാന്‍ സിറോ സ്റ്റേഡിയത്തിലെത്തിയും മഞ്ഞപ്പട വിജയമാവര്‍ത്തിച്ചു. 2-1ന്റെ വിജയവുമായാണ് ഈ മത്സരത്തില്‍ ടീം തിരികെ കയറിയത്. അതിനൊപ്പം തന്നെ റൗണ്ട് ഓഫ് സിക്സ്റ്റിന്‍ യോഗ്യതും ടീമിന് നേടാനായി.

എന്നാല്‍, ബോഡോ ഇത് ആദ്യമായല്ല ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ ക്ലബ്ബുകളെ തകര്‍ത്തെറിയുന്നത്. നേരത്തെ, മാഞ്ചസ്റ്റര്‍ സിറ്റിയും അത്ലറ്റികോ മാഡ്രിഡും മഞ്ഞപ്പടയ്ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞിരുന്നു.

ഈ വര്‍ഷം ജനുവരി 20നാണ് ബോഡോയും സിറ്റിയും നേര്‍ക്കുനേര്‍ വന്നത്. അന്ന് തങ്ങളുടെ തട്ടകത്തില്‍ മഞ്ഞപ്പട പെപ് ഗ്വാര്‍ഡിയോളയുടെ സംഘത്തിനെ മുട്ടുകുത്തിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം.

ബോഡോ ഗിംറ്റ്‌. Photo: Flashscore.com

ജനുവരി 28നാണ് ബോഡ ഡീഗോ സിമിയോണിയുടെ അത്ലറ്റികോ മാഡ്രിഡിനെ നേരിടുന്നത്. അത്ലെറ്റിയുടെ തട്ടകമായ മെട്രോപൊളിറ്റിയന്‍ സ്റ്റേഡിയത്തിലെ ഈ മത്സരത്തിലും വിജയം ബോഡോക്ക് തന്നെയായിരുന്നു. നോര്‍വീജിയന്‍ ക്ലബ്ബ് സ്വന്തമാക്കിയത് 2-1ന്റെ വിജയമാണ്.

ഇപ്പോള്‍ കരുത്തരായ ഇന്റര്‍ മിലാനെയും ബോഡോ തോല്‍പ്പിച്ചിരിക്കുന്നു. ഒരു തവണയല്ല, രണ്ട് തവണയാണ് ഈ മഞ്ഞപ്പട ഇന്ററിന് മേല്‍ ആധിപത്യം സ്ഥാപിച്ചത്. സ്വന്തം ഹോം ഗ്രൗണ്ടില്‍ വിജയിക്കുന്നതിനൊപ്പം തന്നെ ക്രിസ്റ്റ്യന്‍ ചിവുവിനെയും കൂട്ടരുടെയും അവരുടെ തട്ടകത്തില്‍ ചെന്നും തകര്‍ത്തെറിഞ്ഞിരിക്കുകയാണ്.

Content Highlight: Bodo Glint so far defeated Inter Milan, Manchester City and Athletico Madrid in UEFA Champions League

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more