| Friday, 13th March 2026, 1:09 pm

യുണൈറ്റഡ് അഞ്ച് ലീഗ് മാച്ച് ജയിക്കാന്‍ പാടുപെടുമ്പോള്‍ അഞ്ച് ചാമ്പ്യന്‍സ് ലീഗ് മാച്ച് ജയിച്ച് ഇത്തിരിക്കുഞ്ഞന്‍മാര്‍; കുതിപ്പ് തുടര്‍ന്ന് ഗ്ലിംറ്റ്

ആദർശ് എം.കെ.

‘മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ വിജയിക്കാതെ മുടി വെട്ടില്ല,’ ദി യുണൈറ്റഡ് സ്ട്രാന്‍ഡ് എന്ന യുണൈറ്റഡ് ആരാധകന്‍ സ്വയം സ്വീകരിച്ച ചലഞ്ചാണിത്. ചലഞ്ച് ആരംഭിച്ച 523 ദിവസമായിട്ടും യുണൈറ്റഡ് അഞ്ച് മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയിക്കുകയോ ഇവന്‍ മുടിവെട്ടുകയോ ചെയ്തിട്ടില്ല.

യുണൈറ്റഡ് ഇങ്ങനെ വിജയിക്കാന്‍ പാടുപെടുമ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ വിജയിച്ചാണ് ബോഡോ ഗ്ലിംറ്റെന്ന നോര്‍വീജിയന്‍ ടീം ഞെട്ടിക്കുന്നത്. ഇംഗ്ലണ്ടിലെയും സ്‌പെയ്‌നിലെയും ഇറ്റലിയിലെയും പോര്‍ച്ചുഗലിലെയും സൂപ്പര്‍ ടീമുകളെ പരാജയപ്പെടുത്തിയാണ് ഗ്ലിംറ്റ് കുതിക്കുന്നത്.

ബോഡോ ഗ്ലിംറ്റ് 

ലീഗ് ഘട്ടത്തില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയാണ് ഫൈവ് മാച്ച് വിന്നിങ്‌സ് സ്ട്രീക്കിന് തുടക്കം കുറിച്ചത്. സ്വന്തം തട്ടകമായ ആസ്പ്മിറ സ്‌റ്റേഡിയനില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ടീമിന്റെ വിജയം.

അത്‌ലറ്റിക്കോ മാഡ്രിഡിനെ അവരുടെ തട്ടകത്തിലെത്തി ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്തും ടീം റൗണ്ട് ഓഫ് സിക്സ്റ്റീന്‍ പ്ലേ ഓഫിന് യോഗ്യത നേടി.

ഈ മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനെയാണ് ടീമിന് നേരിടാനുണ്ടായിരുന്നത്. ആദ്യ പാദ മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഇന്ററിനെ ഒന്നിനെതിര രണ്ട് ഗോളിന് തോല്‍പ്പിച്ച ബോഡോ ഗ്ലിംറ്റ്, രണ്ടാം പാദത്തില്‍ സാന്‍ സിറോയിലെത്തി മുന്‍ ഇറ്റാലിയന്‍ ചാമ്പ്യന്‍മാര്‍ക്ക് 2-1ന്റെ തോല്‍വി കൂടി സമ്മാനിച്ചു.

ബോഡോ ഗ്ലിംറ്റിന്റെ റൗണ്ട് ഓഫ് സിക്സ്റ്റീന്‍ പ്രവേശത്തിനും പ്രത്യേകതകളേറെയാണ്. യു.സി.എല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഒരു നോര്‍വീജിയന്‍ ടീം യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ പ്രവേശിക്കുന്നത്. 1996/97 സീസണില്‍ റോസന്‍ബോര്‍ഗ് ബോള്‍ക്ലബ്ബാണ് (Rosenborg Ballklubb) ഈ നേട്ടത്തിലെത്തിയ ആദ്യ നോര്‍വീജിയന്‍ ടീം.

റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ പോര്‍ച്ചുഗീസ് ടീമായ സ്‌പോര്‍ട്ടിങ് ലിസ്ബണായിരുന്നു എതിരാളികള്‍. കഴിഞ്ഞ ദിവസം നടന്ന ഫസ്റ്റ് ലെഗില്‍ ബോഡോ ഗ്ലിംറ്റ് സ്വന്തം തട്ടകത്തില്‍ പറങ്കികളെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തുകയും ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം നേടുകയും ചെയ്തു.

മാര്‍ച്ച് 17നാണ് ടീം രണ്ടാം പാദ മത്സരത്തിനിറങ്ങുന്നത്. സ്‌പോര്‍ട്ടിങ്ങിന്റെ തട്ടകമായ ലിസ്ബണിലെ എസ്റ്റാഡിയോ ഹോസെ അല്‍വലാദെയാണ് വേദി. ഇവിടെ നാല് ഗോള്‍ വ്യത്യാസത്തില്‍ വിജയിച്ചെങ്കില്‍ മാത്രമേ സ്‌പോര്‍ട്ടിങ്ങിന് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാന്‍ സാധിക്കൂ.

Content Highlight: Bodo Glimt won 5 UCL matches in a row

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more