| Sunday, 11th September 2016, 1:40 pm

നേരം എന്ന സിനിമയ്ക്ക് ശേഷം ഒരു നല്ല കഥാപാത്രത്തിനായി കാത്തിരിക്കുയായിരുന്നു: ബോബി സിംഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴ്‌നാട്ടില്‍ വേരുകളുള്ള മലയാളിയായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. കേരളത്തില്‍ തന്നെയാണ് ഞാന്‍ അഭിനയിക്കുന്ന സീനുകളെല്ലാം ചിത്രീകരിക്കുന്നത്. മലയാളവും തമിഴും സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്


മലയാള സിനിമയില്‍ ഒരു ശക്തമായ കഥാപാത്രവുമായി എത്തുകയാണ് നടന്‍ ബോബി സിംഹ. നേരം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടായിരുന്നു ബോബി സിംഹ എത്തിയത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലാണ് ദിലീപിനും തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനുമൊപ്പം ബോബി സിംഹ എത്തുന്നത്.

ചിത്രത്തില്‍ അഭിനയിക്കാനായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞെന്നും ഈ മാസം 20 ന് കൊച്ചിയില്‍ ഷൂട്ടിങ് ആരംഭിക്കുമെന്നും ബോബി പറയുന്നു. വളരെ മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. ദിലീപിനൊപ്പം വര്‍ക്ക് ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് താനെന്നും ബോബി പറയുന്നു.

ചിത്രത്തിലെ എന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. തമിഴ്‌നാട്ടില്‍ വേരുകളുള്ള മലയാളിയായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. കേരളത്തില്‍ തന്നെയാണ് ഞാന്‍ അഭിനയിക്കുന്ന സീനുകളെല്ലാം ചിത്രീകരിക്കുന്നത്. മലയാളവും തമിഴും സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്.

നേരം എന്ന ചിത്രത്തിന് ശേഷം മലയാള സിനിമകള്‍ കൂടുതലായി ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മലയാളത്തിലെ നിരവധി ചിത്രങ്ങള്‍ കണ്ടിരുന്നു. ഇത്രനാളും നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ ഏറെ ഇഷ്ടമായെന്നും താരം പറയുന്നു.

പരസ്യചിത്ര സംവിധായകനായ രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കമ്മാരസംഭവം നിര്‍മിക്കുന്നത്.

തമിഴ് നടന്‍ സിദ്ധാര്‍ത്ഥും കമ്മാരസംഭവത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമന്നയാണ് ചിത്രത്തിലെ നായിക. ഇരുവരുടേയും മലയാളത്തിലേക്കുള്ള അരങ്ങേറ്റവും കൂടിയാണിത്.

We use cookies to give you the best possible experience. Learn more