ഷാരൂഖ് ഖാന്റെ പുത്രന്‍ ആര്യന്‍ ഖാനും ബോളിവുഡിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്. സംവിധായകനായാണ് ആര്യന്‍ രംഗപ്രവേശനം നടത്തുന്നത്. ഒരുപാട് താരങ്ങള്‍ അണിനിരക്കുന്ന ‘ദി ബാഡ്സ് ഓഫ് ബോളിവുഡ്’ എന്ന വെബ് സീരീസാണ് ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്നത്. സെപ്റ്റംബര്‍ 18ന് നെറ്റ്ഫ്‌ലിക്‌സില്‍ സീരീസ് സ്ട്രീമിങ് ആരംഭിക്കും.
ഇന്നലെ മുംബൈയില്‍ വെച്ച് നടന്ന സീരീസിന്റെ പ്രിവ്യൂ ലോഞ്ച് താരനിബിഡമായിരുന്നു. ഷാരൂഖ് ഖാന്‍ അവതാരകനായ ചടങ്ങില്‍ നടന്‍ ബോബി ഡിയോളും പങ്കെടുത്തിരുന്നു. ബോബി ഡിയോളും ഷാരൂഖ് ഖാനും തമ്മില്‍ വേദിയില്‍ വെച്ച് നടന്ന സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. സീരീസില്‍ ഒരു പ്രധാന വേഷത്തില്‍ ബോബി അഭിനയിക്കുന്നുമുണ്ട്.
ആര്യന്‍ ഖാന്റെ സംവിധാനത്തില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് ഒരു പരാതി ഉണ്ടെന്ന് അദ്ദേഹം ഷാരൂഖിനോട് പറഞ്ഞു. തന്നെ മുഴുവനായും ഉപയോഗിച്ച സംവിധായകരില്‍ ഒരാളാണ് ആര്യന്‍ എന്നും തങ്ങളെ എല്ലാവരെയും മുഴുവനായി അദ്ദേഹം പിഴിഞ്ഞെടുത്തിട്ടുണ്ടെന്നും ബോബി ഡിയോള്‍ പറയുന്നു. വീണ്ടും വീണ്ടും ടേക്കുകള്‍ എടുക്കുന്നതില്‍ തനിക്ക് കുഴപ്പമില്ലെന്നും എന്നാല്‍ ആര്യന്‍ ടേക്കുകള്‍ എടുത്ത് തന്നെ കൊല്ലാക്കൊല ചെയ്തെന്നും ബോബി ഡിയോള്‍ ഷാരൂഖിനോട് തമാശ രൂപത്തില്‍ പറഞ്ഞു.
ഓരോ കഥാപാത്രത്തെ കുറിച്ചും ആഴത്തില്‍ അറിയുന്ന സംവിധായകനാണ് ആര്യന്‍ ഖാന്‍ എന്ന് ബോബി ഡിയോള്‍ കൂട്ടിച്ചേര്‍ത്തു. ആര്യന്റെ സ്‌കില്‍ അതിശയിപ്പിക്കുന്നതാണെന്നും എത്ര വലിയ നടന്മാര്‍ ആയാലും ചെറിയ നടന്മാര്‍ ആയാലും അവരുടെയെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആര്യന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Bobby Deol complains to Shah Rukh Khan after he took a retake and killed him