| Sunday, 10th August 2025, 7:58 pm

ആ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അച്ചായൻ മരിക്കുന്നത്, വിയോഗം വല്ലാതെയുലച്ചു: ബോബൻ ആലുംമൂടൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിറം സിനിമയിലെ പ്രകാശ് മാത്യു എന്ന ഒറ്റക്കഥാപാത്രം മതി ബോബൻ അലുംമൂടൻ എന്ന നടനെ എപ്പോഴും ഓർക്കാൻ. പിന്നീട് മലയാളം സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും ശ്രദ്ധേയനായി. പഴയകാല നടനായിരുന്ന ആലുംമൂടൻ്റെ മകൻ കൂടിയാണ് അദ്ദേഹം. ഇപ്പോൾ അച്ഛനെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് ബോബൻ ആലുംമൂടൻ.

‘ആലുംമൂടന്റെ മകന്‍ എന്ന പരിഗണന എല്ലാ കാലത്തും കിട്ടിയിട്ടുണ്ട്. ഇപ്പോഴും എന്റെ ഏറ്റവും വലിയ വിലാസം അതുതന്നെയാണ്. അച്ചായനെ കണ്ടു വളര്‍ന്നതിനാലാകാം, ചെറുപ്പം മുതലേ അഭിനയത്തോടുള്ള മോഹം ഉണ്ടായിരുന്നു,’ബോബന്‍ ആലുംമൂടന്‍ പറയുന്നു.

ആറു മക്കളില്‍ നാലാമനായ താന്‍ മാത്രമാണ് സിനിമാ മേഖലയിലേക്ക് എത്തിയതെന്നും തന്റെ ഇഷ്ടം അറിഞ്ഞ പിതാവ് 1991ല്‍, ‘ശാന്തിനിലയം’ എന്ന സിനിമയില്‍ തനിക്ക് ഒരു വേഷം കിട്ടിയിരുന്നെന്നും എന്നാല്‍ ആ സിനിമ റിലീസായില്ലെന്നും ബോബന്‍ പറഞ്ഞു.

അദ്വൈതം‘ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് അച്ഛന്‍ മരിച്ചതെന്ന് ബോബന്‍ പറയുന്നു.

‘കോഴിക്കോട് അദ്വൈതം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ 1992 മെയ് മൂന്നിനാണ് അച്ചായന്‍ മരിച്ചത്. ഒരു സീനില്‍ മോഹന്‍ലാലിന്റെ കാലില്‍ വീഴുന്ന രംഗം ചിത്രീകരിക്കുകയാണ്. ഷോട്ട് തീര്‍ന്നിട്ടും അച്ചായന്‍ എഴുന്നേറ്റില്ല. അപ്പോഴേ മരിച്ചിരുന്നു. എം.ജി. സോമേട്ടനാണ് വീട്ടില്‍ വിളിച്ച് വിവരം പറഞ്ഞത്. മരിക്കുമ്പോള്‍ അച്ചായന് 58 വയസാണ്.

പെട്ടെന്നുള്ള ആ വിയോഗം ഞങ്ങളെ വല്ലാതെ ഉലച്ചു. കുടുംബത്തിന്റെ സുരക്ഷിതത്വത്തില്‍ വലിയ ശ്രദ്ധയുള്ള ആളായിരുന്നതിനാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായില്ലെങ്കിലും അച്ചായന്റെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യത ഇപ്പോഴും അവശേഷിക്കുന്നു,’ ബോബന്‍ പറഞ്ഞു.

അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ വീണ് മരിക്കുന്നത് നടന്റെ ഭാഗ്യം എന്നൊക്കെ മറ്റുള്ളവര്‍ ആലങ്കാരികമായിട്ട് പറയുമെന്നും പക്ഷെ വീട്ടുകാരെ സംബന്ധിച്ച് അത് സന്തോഷമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ കാണുന്ന ആളേ അല്ല ആലുംമൂടന്‍ എന്നും അത്തരം ആക്ഷന്‍സോ സംസാരശൈലിയോ ആയിരുന്നില്ലെന്നും ബോബന്‍ പറഞ്ഞു.

നിറം ചിത്രത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

നിറം സിനിമ നല്ല തുടക്കമായിരുന്നെന്നും എന്നാല്‍ പിന്നീട് സീരിയലില്‍ തിരക്കായെന്നും അദ്ദേഹം പറഞ്ഞു. കല്ല്യാണരാമനും തൊമ്മനും മക്കളും പോലുള്ള ചിത്രങ്ങളിലെ വേഷങ്ങള്‍ സമാനസ്വഭാവമുള്ളതായിരുന്നെന്നും താന്‍ സിനിമക്ക് വേണ്ടി അവസരം ചോദിച്ചിട്ടില്ലെന്നും ബോബന്‍ കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Boban Alumoodan Remembering Alumoodan

We use cookies to give you the best possible experience. Learn more