ബെയ്ജിങ്: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഗുയിഷോ പ്രവിശ്യയില്‍ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. 14 പേരെ കാണാതായതായും റിപ്പോര്‍ട്ട്. വു നദിയില്‍ വിനോദ സഞ്ചാരികളെയും കൊണ്ട് പോകുകയായിരുന്ന രണ്ട് ബോട്ടുകള്‍ മറിഞ്ഞതാണ് അപകടമുണ്ടായത്.
ഗുയിഷോ പ്രവിശ്യയിലെ ക്വിയാന്‍സി നഗരത്തിന്റെ ഭാഗമായ വു നദിയിലാണ് അപകടം ഉണ്ടായത്. ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 70 ഓളം പേരാണ് വെള്ളത്തിലേക്ക് വീണത്. ഇതില്‍ 50 പേരെ ഉടന്‍ തന്നെ രക്ഷിക്കാന്‍ സാധിച്ചിരുന്നു.
കാണാതായ 14 പേര്‍ക്കുള്ള തെരച്ചില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇവരില്‍ പലരും മുങ്ങി മരിച്ചിട്ടുണ്ടാകാമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മതിയായ പരിചരണം നല്‍കാനും തെരച്ചില്‍ ഊര്‍ജിതമാക്കാനും പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
കാലാവസ്ഥയിലുണ്ടായ മാറ്റമാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. പ്രദേശത്ത് ശക്തമായ മഴയും കാറ്റും ആലിപ്പഴ വീഴ്ച്ചയും അനുഭവപ്പെട്ടിരുന്നു. യാങ്‌സി നദിയുടെ പോഷകനദിയാണ് അപകടം നടന്ന വു നദി.
ചൈനയില്‍ ഇപ്പോള്‍ അവധിക്കാലമായതിനാല്‍ ടൂറിസ്റ്റ് മേഖലയിലേക്ക് എത്തിയിരുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരികളുടെ ഒഴുക്കിനെത്തുടര്‍ന്ന് പ്രദേശത്തെ ഹോട്ടല്‍ ബുക്കിങ്ങുകളിലടക്കം മൂന്ന് മടങ്ങ് വര്‍ധനവ് ഉണ്ടായിരുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും പലതും പാലിക്കപ്പെടാറില്ല. കിഴക്കന്‍ ചൈനയിലെ സുഷോ നഗരത്തില്‍ ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ ടൂറിസ്റ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വെള്ളിയാഴ്ച്ച് ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡിസംബറില്‍ ഗുയിഷോവില്‍ ഒരു ബോട്ട് മറിഞ്ഞ് എട്ട് പേര്‍ മരണപ്പെട്ടിരുന്നു.
Content Highlight: Boat accident in China; Three dead; 14 missing