| Thursday, 22nd January 2026, 6:18 pm

ബോർഡ് ഓഫ് പീസിന് ഔദ്യോഗിക തുടക്കം; ചാർട്ടറിൽ ഒപ്പുവെച്ച് ട്രംപ്

ശ്രീലക്ഷ്മി എ.വി.

ബേൺ: അന്താരാഷ്ട്ര സംഘർഷങ്ങൾ പരിഹരിക്കാനെന്ന പേരിലുള്ള ബോർഡ് ഓഫ് പീസ് സ്ഥാപിച്ച് യു.എസ് ഡൊണാൾഡ് ട്രംപ്.

സ്വിറ്റ്സർലൻഡിലെ ദവോസിൽ നടക്കുന്ന വാർഷിക സമ്മേളനത്തിലാണ് ബോർഡ് ഓഫ് പീസിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചാർട്ടറിൽ ട്രംപ് ഒപ്പുവച്ചത്.

‘ഒരു വർഷം മുമ്പ് ലോകം യഥാർത്ഥത്തിൽ കത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആളുകൾക്ക് അത് അറിയില്ലായിരുന്നു. എന്നിട്ടും ധാരാളം നല്ല കാര്യങ്ങൾ സംഭവിക്കുന്നു. ലോകമെമ്പാടുമുള്ള ഭീഷണികൾ ശരിക്കും ശാന്തമാവുകയാണ്, ” ട്രംപ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

തന്റെ രാജ്യം ലോകത്തിലെ സാമ്പത്തിക എഞ്ചിനാണെന്ന് പറഞ്ഞ ട്രംപ് യൂറോപ്പ് ശരിയായ ദിശയിലല്ലെന്നും വിമർശിച്ചു.

ഗസയുടെ പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുന്നതാണ് ബോർഡിന്റെ ആദ്യ ലക്ഷ്യമെന്നും എന്നാൽ ഫലസ്തീൻ പ്രദേശങ്ങളിൽ മാത്രം പരിമിതപ്പെടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബോർഡ് ഓഫ് പീസിലെ സ്ഥിരാംഗത്വത്തിന് 1 ബില്യൺ ഡോളർ നൽകണമെന്നാണ് റിപ്പോർട്ടുകൾ.

50 ഓളം രാജ്യങ്ങൾക്ക് അംഗത്വത്തിന് ക്ഷണം നൽകിയതിൽ 35 ഓളം ലോക നേതാക്കൾ മാത്രമേ ഇതുവരെ സമാധാന ബോർഡിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുള്ളൂവെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു.

ഇസ്രഈൽ, സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ജോർദാൻ, ഖത്തർ, ഈജിപ്ത് തുടങ്ങിയ മിഡിൽ ഈസ്റ്റ് സഖ്യകക്ഷികൾ ഇതിൽ ഉൾപ്പെടുന്നു. നാറ്റോ അംഗങ്ങളായ തുർക്കിയെയും ഹംഗറിയും പങ്കുചേരുമെന്നറിയിച്ചിരുന്നു

അർജന്റീന, അർമേനിയ, അസർബൈജാൻ, ബെലാറസ് മൊറോക്കോ, പാകിസ്ഥാൻ, ഇന്തോനേഷ്യ, കൊസോവോ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, പരാഗ്വേ, വിയറ്റ്നാം എന്നിവയും അംഗ്വതം അംഗീകരിച്ചു.

ട്രംപിന്റെ ബോർഡ് ഓഫ് പീസ് ഒപ്പുവെക്കുന്ന ചടങ്ങിൽ ബ്രിട്ടൻ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി യെവെറ്റ് കൂപ്പർ അറിയിച്ചിരുന്നു.

‘കാരണം ഇത് വളരെ വിശാലമായ പ്രശ്നങ്ങൾ ഉയർത്തുന്ന ഒരു നിയമ ഉടമ്പടിയാണ്. കൂടാതെ റഷ്യൻ പ്രസിഡന്റ് പുടിൻ ഇതിന്റെ ഭാഗമാകുമോയെന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഉക്രെയ്നിൽ സമാധാനത്തിന് പ്രതിബദ്ധതയുണ്ടാകുമെന്നതിന്റെ സൂചനകളൊന്നും പുടിനിൽ നിന്ന് ഇതുവരെ ഞങ്ങൾ കണ്ടിട്ടില്ല,’ അവർ കൂട്ടിച്ചേർത്തു.

Content Highlight: Board of Peace officially launched; Trump signs charter

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more