| Friday, 13th February 2026, 7:06 am

ബംഗ്ലാദേശില്‍ ബി.എന്‍.പിയ്ക്ക് വിജയം; കേവലഭൂരിപക്ഷം കടന്നു, പരാജയം സമ്മതിച്ച് ജമാഅത്തെ ഇസ്‌ലാമി

രാഗേന്ദു. പി.ആര്‍

ധാക്ക: ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് (ബി.എന്‍.പി) വിജയം. വോട്ടെണ്ണലില്‍ കേവലഭൂരിപക്ഷമായ 151 കടന്നതോടെയാണ് ബി.എന്‍.പി ഭരണം ഉറപ്പിച്ചത്. നിലവില്‍ 197 സീറ്റുകളില്‍ ബി.എന്‍.പി വിജയിച്ചിട്ടുണ്ട്.

299 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 211 സീറ്റുകളില്‍ ബി.എന്‍.പിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് വിജയം കണ്ടത്. തെരഞ്ഞെടുപ്പിലെ ബി.എന്‍.പിയുടെ പ്രധാന എതിരാളിയായ ജമാഅത്തെ ഇസ്‌ലാമി 58 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ വിജയിച്ചിരിക്കുന്നത്.

ബി.എന്‍.പി നേതാവും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാന്‍ മുഖ്യമന്ത്രിയായേക്കും.

ബി.എന്‍.പിയുടെ വിജയം അംഗീകരിക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി നേതാവ് ഷഫീഖുര്‍ റഹ്‌മാന്‍ പറഞ്ഞു. അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ബി.എന്‍.പിയും പ്രതികരിച്ചു.

വോട്ടെണ്ണല്‍ ഇന്ന് (വെള്ളി) രാവിലെ 11 മണിയോടെ അവസാനിക്കും. 60 ശതമാനത്തില്‍ അധികമായിരുന്നു പോളിങ്. തെരഞ്ഞെടുപ്പിനൊപ്പം ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് മുന്നോട്ടുവെച്ച 80 ഭരണഘടനാ പരിഷ്‌കരണങ്ങള്‍ നടപ്പാക്കണോ എന്നതില്‍ ഹിതപരിശോധനയും നടന്നു.

മുന്‍ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെ അട്ടിമറിച്ചതിന് ശേഷം നടന്ന ബംഗ്ലാദേശിലെ ആദ്യ തെരഞ്ഞെടുപ്പാണിത്. ഈ നടപടിക്രമങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു.

സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതോടെ അവാമി ലീഗിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് നേരിട്ടിരുന്നു. നിലവില്‍ ബി.എന്‍.പിയും ജമാത്തുമാണ് രാജ്യത്തെ പ്രധാനകക്ഷികള്‍.

ഹസീന സര്‍ക്കാരിനെ താഴെയിറക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട എന്‍.സി.പി ജമാഅത്തെ ഇസ്‌ലാമിയെയാണ് പിന്തുണക്കുന്നത്.

ഇതിനിടെ തെരഞ്ഞെടുപ്പ് നിരീക്ഷകരാകാനുള്ള ബംഗ്ലാദേശിന്റെ ക്ഷണം നിരസിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രലായ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ സ്ഥിരീകരിച്ചു. നിരീക്ഷണ സംഘത്തെ വിന്യസിക്കേണ്ടതില്ല എന്നായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനമെന്ന് ജയ്സ്വാള്‍ അറിയിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി അക്രമസംഭവങ്ങളാണ് ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്. വോട്ടെടുപ്പിനിടെ മാത്രം 14 ഇടത്ത് ഏറ്റുമുട്ടലുണ്ടായി. ഏകദേശം 70ലധികം ആളുകള്‍ക്ക് രാജ്യത്തുടനീളം പരിക്കേറ്റു.

തെരഞ്ഞെടുപ്പിനിടെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: BNP wins in Bangladesh; crosses absolute majority, Jamaat-e-Islami admits defeat

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more