| Sunday, 15th February 2026, 10:12 am

ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു; പ്രധാനമന്ത്രിയുടെ അഭിന്ദന സന്ദേശത്തില്‍ പ്രതികരിച്ച് ബി.എന്‍.പി

നിഷാന. വി.വി

ധാക്ക: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുമായി ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി. (ബി.എന്‍.പി )

പരസ്പര ബഹുമാനത്തിലധിഷ്ടിതമായ ഒരു ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബി.എന്‍.പി വ്യക്തമാക്കി.

ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാര്‍ട്ടി മേധാവി താരീഖ് റഹ്‌മാന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച അഭിന്ദന സന്ദേശത്തിന് പിന്നാലെയായിരുന്നു ബി.എന്‍.പിയുടെ പ്രസ്താവന.

‘പരസ്പര ബഹുമാനം പരസ്പര ആശങ്കകളോടുള്ള സംവേദന ക്ഷമത, മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കുള്ള പരസ്പര പ്രതിബദ്ധത എന്നിവയാല്‍ നയിക്കപ്പെടുന്ന ബഹുമുഖ ബന്ധം മുന്നോട്ട് കൊണ്ടുപോവുന്നതിന് ഇന്ത്യയുമായി ക്രിയാത്മകമായി ഇടപെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ബി.എന്‍.പി പ്രസ്താവനയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പാര്‍ട്ടിയുടെ പ്രതികരണം.

ബംഗ്ലാദേശിലെ ജനങ്ങള്‍ തങ്ങളുടെ നേതൃത്വത്തിലും ജനാധിപത്യ പ്രക്രിയയിലും അര്‍പ്പിച്ച വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ് വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും പാര്‍ട്ടി അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ താരീഖ് റഹ്‌മാനെ വിളിച്ച് സംസാരിച്ചതായും തെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തില്‍ അഭിനന്ദനമറിയിച്ചതായും പ്രധാനമന്ത്രി മോദി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ജനാധിപത്യപരവും സുസ്ഥിരവുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ഫെബ്രുവരി 17 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിക്ക് ഔദ്യോഗിക ക്ഷണമുണ്ട്. എന്നാല്‍ മുബൈയില്‍ ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടികാഴ്ച്ചയുള്ളതിനാല്‍ ഇന്ത്യയുടെ പ്രതിനിധിയായി ഉപരാഷ്ട്രപതിയോ വിദേശ കാര്യ മന്ത്രിയോ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാദേശില്‍ തുടര്‍ച്ചയായി 15 വര്‍ഷം കയ്യാളിയിരുന്ന മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. അവാമി ലീഗ് പങ്കെടുക്കാത്ത ആദ്യത്തെ പൊതു തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.

തെരഞ്ഞെടുപ്പ് നടന്ന 299 സീറ്റുകളില്‍ 209 സീറ്റുകള്‍ ബി.എന്‍.പി നേടിയെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആകെ 300 പാര്‍ലമെന്റ് സീറ്റുകളാണ് ബംഗ്ലാദേശിലുള്ളത്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് റീപോളിങ് നടക്കും.

Content Highlight: BNP wants to strengthen bilateral ties with India; responds to PM’s congratulatory message

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more